എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Sunday, March 13, 2016

അങ്ങനെയെങ്കിലും സോഷ്യലിസം വരട്ടെ!

നാട്ടില്‍ വരുമ്പോള്‍ ഒരിക്കലെങ്കിലും ലോക്കല്‍ ബാര്‍ബര്‍ഷാപ്പില്‍ പോയി മുടിവെട്ടുന്ന ഒരു പതിവുണ്ട്. അങ്ങനെയൊരിക്കല്‍ കടയില്‍ ഞാന്‍ എന്റെ ഊഴവും കാത്തിരിക്കുകയായിരുന്നു. അവിടെ അന്നത്തെ 'മനോരമ' പത്രവും വായിച്ചുകൊണ്ട് രണ്ടു ചെറുപ്പക്കാര്‍ ഇരിക്കുന്നുണ്ട്.

"പരിയാരത്ത് വീടു കുത്തിത്തുറന്ന് മോഷണം. പത്തു പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു". ഒരുവന്‍ വാര്‍ത്ത വായിക്കാന്‍ തുടങ്ങി.

വാര്‍ത്ത മുഴുവന്‍ വായിച്ചുകഴിഞ്ഞ ശേഷം പുള്ളിയുടെ വക ഒരു കമെന്റ് "നല്ല പൂത്ത കാശുള്ള വീട്ടുകാരാ. ഒരു കൊഴപ്പോല്ല്യ. അങ്ങനെയെങ്കിലും നാട്ടില് സോഷ്യലിസം വരട്ടെ!"

നാടുമായും സോഷ്യലിസവുമായുമുള്ള ബന്ധമൊക്കെ ഇല്ലാതായിക്കഴിഞ്ഞ ഞാന്‍ അതു കേട്ട് ഉള്ളില്‍ ചിരിച്ചു. ഇന്നിപ്പോള്‍ സോഷ്യലിസ്റ്റുകള്‍ ഒന്നടങ്കം വിജയ് മല്ല്യയുടെ സമ്പാദ്യമെല്ലാം പിടിച്ചുപറിക്കാന്‍ വെപ്രാളപ്പെടുന്നതു കണ്ടപ്പോള്‍ ഈ കഥ വെറുതേ ഓര്‍മ്മ വന്നു. ഭരണ നേതൃത്വം സോഷ്യലിസമൊക്കെ ഉപേക്ഷിച്ചിട്ട് കൊല്ലം ഇരുപത്തിയഞ്ച് ആയെങ്കിലും ശരാശരി മലയാളിയുടെ സോഷ്യലിസ്റ്റ് വ്യാമോഹങ്ങള്‍ ഇന്നും സജീവം.

സോഷ്യല്‍ മീഡിയയില്‍ കദനകഥകളുടെ പ്രവാഹമാണ്. നിസ്സാര തുക കടമെടുത്തതിന് കിടപ്പാടം ജപ്തിചെയ്തെടുത്ത കഥകള്‍ ധാരാളം. ശതകോടിക്കണക്കിന് തുക കടമെടുത്ത് ഒന്നും സംഭവിക്കാത്തതുപോലെ വിലസുന്ന വന്‍കിട മുതലാളിമാരോടുള്ള രോഷവും കത്തിജ്വലിക്കുന്നുണ്ട്.

ധനകാര്യ വ്യവസ്ഥിതി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാത്തതുകൊണ്ടാണ് ഇത്തരം വൈകാരികത ആളുകളുടെ മനസ്സില്‍ വരുന്നത്. നാട്ടില്‍ ബാങ്കിങ്ങ് പ്രവര്‍ത്തനങ്ങളുടെ സുതാര്യതയില്ലായ്മയും അതിനെ രൂക്ഷമാക്കുന്നുണ്ട്.

കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ക്ക് ഗൂഗിള്‍ പ്ലസ്സില്‍ 'ബൈസ്റ്റാന്ററുടെ ഈ പോസ്റ്റ് വായിച്ചാല്‍ മതിയാകും. അല്ലാത്തവര്‍ക്കായി ചില അടിസ്ഥാന വിവരങ്ങള്‍ വിശദീകരിക്കാനാണ് ഈ പോസ്റ്റ്.

ആദ്യം തന്നെ ഒരു ജാമ്യമെടുക്കട്ടെ. ഇന്ത്യയേക്കുറിച്ചോ ഇന്ത്യന്‍ ബാങ്കുകളേക്കുറിച്ചോ മല്ല്യയേക്കുറിച്ചോ ഉള്ള ചര്‍ച്ച ഞാന്‍ പാടേ ഒഴിവാക്കുകയാണ്. സുതാര്യമായ (എന്നു കരുതി 'സാമൂഹ്യ പ്രതിബദ്ധതയുള്ള' എന്ന് അര്‍ത്ഥമില്ല) ധനകാര്യപ്രവര്‍ത്തനം നടക്കുന്ന കാനഡയേപ്പോലൊരു രാജ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കുറിപ്പ്.

ആദ്യമായി അറിയേണ്ടത് 'ആസ്തി' എന്ന ആശയമാണ്. നിങ്ങള്‍ ഒരു കാട്ടുമുക്കില്‍ ഒരു ലക്ഷം രൂപ കൊടുത്ത് ഒരേക്കര്‍ മാവിന്‍ തോട്ടം വാങ്ങിയെന്നു കരുതുക. നിങ്ങള്‍ അവിടെ 'കൊച്ചീച്ചി മാങ്ങാ അച്ചാര്‍' ഉണ്ടാക്കുന്ന ഒരു യൂണിറ്റ് തുടങ്ങി. ഒരു കുപ്പി അച്ചാര്‍ ഉണ്ടാക്കാന്‍ 90 രൂപ ചിലവാക്കി 100 രൂപയ്ക്ക് വിറ്റു.

അഞ്ചു വര്‍ഷത്തിനുള്ളില്‍ 'കൊച്ചീച്ചി അച്ചാര്‍' കേരളത്തിലെ ഏറ്റവും പ്രചാരമുള്ള അച്ചാര്‍ ആയി. അന്ന് ഒന്നര ലക്ഷം രൂപ മുടക്കിയ ഉല്‍പാദന സംവിധാനത്തിന് ഇന്ന് എന്ത് വിലയുണ്ടാകും? ഒരുപഷേ കോടികള്‍! നിങ്ങളുടെ ഉല്‍പന്നത്തിന്റെ വാര്‍ഷിക വിറ്റുവരവിന്റെ പല മടങ്ങുകളായിരിക്കും അത്. 'കൊച്ചീച്ചി' എന്ന ബ്രാന്റിനു മാത്രം ലക്ഷക്കണക്കിനു രൂപയുടെ വിലയുണ്ടാകാം. ഇങ്ങനെയാണ് 'ആസ്തി' ഉണ്ടാകുന്നത്.

ഇനി നിങ്ങള്‍ അതേ കാട്ടുമുക്കില്‍ അമ്പതുലക്ഷം രൂപ മുടക്കി ഒരു വലിയ ഫൂഡ് പ്രോസസിങ്ങ് പ്ലാന്റ് തുടങ്ങാനായി ഏതെങ്കിലും ബാങ്കിനെ സമീപിച്ചെന്നു കരുതുക. ഒരു പ്രൈവറ്റ് ബാങ്ക് ആണെങ്കില്‍ ഒരു നിമിഷം വൈകാതെ പണം കടം കൊടുക്കും. അതിന് നിലവിലുള്ള ആസ്തി ഈടായി നല്‍കിക്കൊള്ളണമെന്നു പോലുമില്ല. അവര്‍ക്കറിയാം അങ്ങനെയൊരു പ്ലാന്റ് ഇയാള്‍ തുടങ്ങിയാല്‍ അത് ഏറെക്കുറെ ഉറപ്പായും വിജയിച്ചിരിക്കും എന്ന്. ചിലപ്പോള്‍ അവര്‍ കൊടുക്കുന്ന തുകയില്‍ ഒരു ഭാഗം കടമായും ബാക്കി പുതിയ പ്ലാന്റിന്റെ ഓഹരി വാങ്ങാനായും ആയിരിക്കും നല്‍കുക.

തുടര്‍ന്നും പുതിയ പ്ലാന്റുകള്‍ തുടങ്ങാന്‍ ബാങ്ക് നിരുപാധികം പണം നല്‍കിയെന്നു വരാം. വിശേഷിച്ച് ഇതിനകം നിങ്ങളുടെ കമ്പനി പബ്ലിക്‌ലി ട്രേഡഡ് ആയെങ്കില്‍ (ഓഹരി വിപണിയിലൂടെ നിക്ഷേപകരുടെ ഉടമസ്ഥതയിലേയ്ക്ക് വന്നിട്ടുണ്ടെങ്കില്‍). പുതിയ സംരംഭത്തിന് 50% നിക്ഷേപകരുടേയും 25% സമ്പന്നരായ പ്രൊമോട്ടര്‍മാരുടേയും പിന്തുണയുണ്ടെങ്കില്‍ ബാക്കി 25% കടമായി കൊടുക്കാന്‍ ബാങ്കുകള്‍ ഒട്ടും അമാന്തിക്കില്ല.

ഇങ്ങനെ തുടങ്ങുന്ന ചില സംരംഭങ്ങള്‍ വിജയിക്കും ചിലത് പരാജയപ്പെടും. പരാജയപ്പെടുമ്പോള്‍ ബാങ്ക് കൊടുത്ത പണം നഷ്ടമാകും. എന്നു കരുതി അടുത്ത തവണ നിങ്ങള്‍ തവണ നിങ്ങള്‍ കടം ചോദിച്ചു ചെല്ലുമ്പോള്‍ "അന്നത്തെ കാശ് തിരിച്ചു തന്നാലേ ഇനി പണം തരൂ" എന്നൊന്നും പറയില്ല. നിങ്ങളെ ഓടിച്ചിട്ടു തല്ലി പണം പിടിച്ചുപറിക്കുകയുമില്ല. കാരണം നിങ്ങള്‍ നഷ്ടമുണ്ടാക്കിയതിന്റെ പല മടങ്ങു തുക ലാഭമായി, അതിനേക്കാളേറെ ആസ്ഥിയായി ബാങ്കിന് കിട്ടിയിട്ടുണ്ട്. ഇനിയും മൂല്യം കൊണ്ടുവരുവാനുള്ള നിങ്ങളുടെ കഴിവില്‍ ബാങ്കിന് വിശ്വാസവുമുണ്ട്.

ഇവിടെയാണ് 'ലോണ്‍ ലോസ് പ്രൊവിഷന്‍' എന്ന ഏര്‍പ്പാടിനേക്കുറിച്ച് അറിയേണ്ടത്. അതിന്റെ അടിസ്ഥാന ലക്ഷ്യം പണം കടം കൊടുക്കുന്ന കാര്യത്തില്‍ ചില നിശ്ചിത റിസ്ക് എടുക്കുവാന്‍ ധനകാര്യസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്നതാണ്. പല ധനകാര്യസ്ഥാപനങ്ങള്‍ക്കും പല തരത്തിലായിരിക്കും റിസ്കിനോടുള്ള പ്രതിപത്തിയും നഷ്ടം എഴുതിത്തള്ളാനുള്ള നീക്കിയിരിപ്പും. ഒരിക്കലും ചില്ലിക്കാശുപോലും നഷ്ടം വരാത്തവിധമുള്ള കടം കൊടുപ്പ് ഒരൊറ്റ ധനകാര്യസ്ഥാപനവും ചെയ്യുന്നില്ല.

ഉദാഹരണത്തിന് ഒരു ധനകാര്യസ്ഥാപനത്തിന്റെ ലോണ്‍ ലോസ് പ്രൊവിഷന്‍ ആകെ കടം കൊടുക്കുന്ന തുകയുടെ 4% ആണെന്നിരിക്കട്ടെ. കൂടിയ റിസ്കുള്ള വിദ്യാഭ്യാസ ലോണിന് 4% നഷ്ടത്തിനുള്ളില്‍ നിറുത്തണമെങ്കില്‍ വളരേ കടുപ്പമുള്ള നിബന്ധനകള്‍ വെയ്ക്കും. അതേസമയത്ത് ഒരു രാജ്യത്ത് ആരോഗ്യകരമായ സാമ്പത്തിസ്ഥിതിവിശേഷമാണെങ്കില്‍ ഹൌസിങ്ങ് ലോണ്‍ ബാങ്കുകള്‍ കൊടുക്കും. കാരണം 99% ആളുകളും വീടുവാങ്ങി താമസിക്കാനാണ് കടമെടുക്കുന്നത്. അവര്‍ അടവു മുടക്കില്ല.

ഒരു ശതമാനം ആളുകള്‍ വീഴ്ച വരുത്തിയാലും ബാങ്കിന് പ്രശ്നമില്ല. ഇവിടങ്ങളില്‍ അത്തരം ആളുകള്‍ക്ക് ഒരു 'പാപ്പരത്ത വക്കീലിനെ' (bankruptcy lawyer) കണ്ട് അയാള്‍ മുഖേന ബാങ്കുമായി ചര്‍ച്ച ചെയ്ത് കടത്തില്‍ ഒരു ഭാഗം മാപ്പാക്കുകയും ബാക്കി കുറഞ്ഞ തുകകളായി തിരിച്ചടക്കുകയും ചെയ്യാനുള്ള സംവിധാനമുണ്ട്. ആളുകളെ കൊന്നു കാശെടുക്കുക എന്നത് ഇവിടുത്തെ ബാങ്കുകള്‍ ചെയ്യാറില്ല, അങ്ങനെയൊരു സ്ഥിതി വന്നാല്‍ കഴിയാവുന്നത്ര തുക ഈടാക്കുക എന്നതാണ് രീതി. ഇതിന് അപവാദങ്ങളില്ലെന്നല്ല. ഈ നാലുശതമാനത്തിനുമേല്‍ തുക വിഴ്ച വന്നു തുടങ്ങിയാല്‍ എല്ലാ ബാന്‍ക്രപ്സി പ്രൊപ്പോസലുകളും ബാങ്കുകള്‍ നിഷേധിക്കും. ആളുകളെ വീടുകളില്‍നിന്നിറക്കിവിട്ട് കിട്ടുന്ന കാശ് നേടിയെടുക്കാന്‍ നോക്കും. ഡിട്രോയിറ്റിലൊക്കെ അങ്ങനെ സംഭവിച്ചിട്ടുണ്ട്.

ഇനി ബാങ്കുകള്‍ എന്താണ് കടം കൊടുക്കുന്നത് എന്നുകൂടി അറിയേണ്ടതുണ്ട്. മിക്കവാറും അവരുടെ 'കയ്യിലുള്ള പണം" അല്ല അവര്‍ കടം കൊടുക്കുന്നത്. വ്യക്തികളേപ്പോലെയല്ല ബാങ്കുകള്‍. അവര്‍ കടം കൊടുക്കുന്നത് ഒരു 'രേഖ' മാത്രമാണ്. അവരുടെ മൊത്തം ആസ്തിയുടെ പല മടങ്ങ് തുക അവര്‍ ഇങ്ങനെ കടം കൊടുത്തിട്ടുണ്ടാകും. ബാങ്കിങ്ങ് വ്യവസായത്തിന്റെ 'സല്‍പ്പേര്' മാത്രമാണ് അത്തരം ഒരു രേഖയ്ക്ക് പണത്തിന്റെ മൂല്യം കൊണ്ടുവരുന്നത്. എല്ലാ ബങ്കുകളും ഇഷ്യൂ ചെയ്ത എല്ലാ രേഖകളും ക്യാഷ് ചെയ്യണമെന്ന് കൈവശക്കാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടാല്‍ ഈ സമ്പദ്‌വ്യവസ്ഥ തന്നെ തകര്‍ന്ന് തരിപ്പണമാകും. ഈ സംവിധാനം എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ചിത്രീകരിക്കാനായി ഞാന്‍ "നീലാണ്ടന്‍ നമ്പൂരീടെ ഓല" എന്ന പേരില്‍ മൂന്നു ഭാങ്ങങ്ങളുള്ള ഒരു കഥ എഴുതിയിരുന്നു. ഈ പേജില്‍ത്തന്നെ അവയിലേയ്ക്കുള്ള ലിങ്കുകള്‍ ഉണ്ട്.

പറഞ്ഞുവരുന്നതെന്തെന്നാല്‍ കിട്ടാക്കടം എന്നാല്‍ 'നഷ്ടപ്പെട്ട പണം' അല്ലെന്നാണ്. 'നേടാന്‍ കഴിയാതെ പോയ പണം' എന്നു വേണമെങ്കില്‍ പറയാം. നേരത്തേ പറഞ്ഞതുപോലെ കടമായി കൊടുത്ത തുകയുടെ പരിമിതമായ ശതമാനമേ ഇങ്ങനെ തിരിച്ചുകിട്ടാതിരുന്നിട്ടുള്ളുവെങ്കില്‍ ബാങ്ക് ഇഷ്യൂ ചെയ്യുന്ന രേഖകള്‍ വിപണി സ്വീകരിച്ചുകൊള്ളും. അല്ലാതെ വരുമ്പോഴാണ് അമേരിക്കയിലെ ലേമാന്‍ ബ്രദേഴ്സിനേപ്പോലെ ബാങ്ക് അപ്പടിയോടെ തകരുന്നത്.

ഒരു കാര്യംകൂടിയുണ്ട് - ലിമിറ്റഡ് ലയബിലിറ്റി കോര്‍പ്പറേഷന്‍ എന്ന സംവിധാനം. വ്യക്തികള്‍ക്കു മാത്രമല്ല, ഇത്തരം സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ കടം കൊടുക്കും. ആ കടം തിരിച്ചടയ്ക്കേണ്ടത് കോര്‍പ്പറേഷന്‍ എന്ന ആ സംവിധാനമാണ്, അല്ലാതെ അതില്‍ നിക്ഷേപം നടത്തുകയോ അതിന്റെ മേല്‍നോട്ടം നടത്തുകയോ ചെയ്യുന്ന വ്യക്തികളല്ല. അതായത് ആ കോര്‍പ്പറേഷന്‍ പൊളിഞ്ഞാല്‍ കോര്‍പ്പറേഷന്റെ ആസ്തിയിന്‍മേല്‍ മാത്രമേ ബാങ്കിന് അധികാരമുണ്ടാവൂ. അതിന്റെ നടത്തിപ്പുകാരുടേയോ നിക്ഷേപകരുടേയോ ആസ്തിയില്‍ ബാങ്കിന് തൊടാനാവില്ല.ഉദാഹരണത്തിന് റിലയന്‍ റിടെയില്‍ ലിമിറ്റഡ് നാളെ പാപ്പരായാല്‍ റിലയന്‍ പെട്രോകെമിക്കലിന്റേയോ മുകേഷ് അംബാനിയോടേയോ സ്വത്തില്‍നിന്ന് പണം പിടിച്ചെടുക്കാന്‍ ബാങ്കുകള്‍ക്ക് യാതൊരു അധികാരവുമുണ്ടാകില്ല. അതുകൊണ്ടുതന്നെ കോര്‍പ്പറേഷനുകള്‍ക്കുള്ള കടം അതിന്റെ മാത്രം ക്രെഡിറ്റ് റേറ്റിങ്ങ് അനുസരിച്ചു മാത്രമായിരിക്കും ബാങ്കുകള്‍ കൊടുക്കുക.

ഇതൊക്കെ വായിക്കുമ്പോള്‍ മുതലാളിമാര്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു വ്യവസ്ഥിതിയാണ് എമ്പാടും എന്ന് തോന്നാം. ഒരു പരിധിവരെ ഇതു ശരിയുമാണ്. ആഗോളവല്‍ക്കരിക്കപ്പെട്ട ഇക്കാലത്തെ സമ്പദ്‌വ്യവസ്ഥയില്‍ അംബാനിയേപ്പോലെയും മല്ല്യയേപ്പോലെയും ഉള്ളവര്‍ സമ്പത്ത് സൃഷ്ടിക്കുന്നത് (wealth creation) ഇന്ത്യയിലാണ് എന്നതുകൊണ്ട് നമ്മുടെ രാജ്യത്തിന് വളരേയധികം നേട്ടങ്ങളുണ്ട്. ബാര്‍ബര്‍ഷാപ്പിലിരുന്ന് രാഷ്ട്രീയം പ്രസംഗിക്കുന്ന സോഷ്യലിസ്റ്റുകള്‍ അത് മനസ്സിലാക്കുന്നില്ലെങ്കിലും നമ്മുടെ നാട്ടിലെ ഭരണകര്‍ത്താക്കളും നിയമവ്യവസ്ഥിതിയും ധനകാര്യസംവിധാനവും അത് വളരേ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. കയ്യില്‍ മൂലധനമുള്ളവന് അത് എവിടേയും നിക്ഷേപിക്കാനാവും. അയാള്‍ അത് ഇന്ത്യയില്‍ നിക്ഷേപിക്കുമ്പോഴാണ് നമ്മുടെ നാടിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണമുണ്ടാകുക. അത് അവര്‍ സൃഷ്ടിക്കുന്ന സ്ഥാപനങ്ങളുടെ ആസ്തിമൂല്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല, അത് സൃഷ്ടിക്കുന്ന സമാന്തര അവസരങ്ങളുടെ മൂല്യങ്ങളുടെ ആകെത്തുകയോളം വലുതാണ്. അതുകൊണ്ട് ഇത്തരക്കാര്‍ക്ക് ചില പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അവര്‍ നിര്‍മ്മിച്ചെടുത്ത ആസ്തികളുടെ നിലനില്‍പ്പിനെ ബാധിക്കാത്ത തീരുമാനങ്ങളേ ഉണ്ടാകൂ എന്ന് ഉറപ്പിക്കാം

നേരത്തേ പറഞ്ഞതുപോലെ, നമ്മുടെ നാട്ടില്‍ "ക്രെഡിറ്റ് റേറ്റിങ്ങ്", "ബാന്‍ക്രപ്സി പ്രൊട്ടക്ഷന്‍", "ലോണ്‍ ലോസ് പ്രൊവിഷന്‍" എന്നീ സംവിധാനങ്ങളുടെ ഇല്ലായ്മയോ സുതാര്യമില്ലായ്മയോ ആണ് ഇത്തരം വിഷയങ്ങളിലുള്ള പൊതുബോധത്തെ വഷളാക്കുന്നത്. മിക്ക വലിയ ബാങ്കുകളും സര്‍ക്കാര്‍ ബാങ്കുകളാണെന്നതും പ്രശ്നമാണ്. പ്രൈവറ്റ് ബാങ്കകളിലെ മേധാവികള്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ളത്ര സ്വാതന്ത്ര്യം 'നടപടിക്രമങ്ങള്‍' മാത്രം അനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കില്ല. ഉദാഹരണത്തിന് 'ഞാന്‍ അംബാനിയ്ക്ക് ഇരുനൂറു കോടി രൂപ വായ്പ നല്‍കുകയാണ്' എന്നോ 'പതിനഞ്ചുകോടി കിട്ടാക്കടമായി എഴുതിത്തള്ളുന്നു' എന്നോ തീരുമാനിക്കാന്‍ ഒരു സ്വകാര്യ ബാങ്കിന് കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ട്. റീട്ടെയില്‍ ലെന്‍ഡിങ്ങിന്റെ അടിസ്ഥാന രീതികളുമായി 'പൊതുജന നന്മയ്ക്കുവേണ്ടി' നിലകൊള്ളുന്ന സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഒരു ശക്തമായ സ്വകാര്യ ബാങ്കിങ്ങ് സംവിധാനം ഉണ്ടാകണമെന്നുതന്നെയാണ് എന്റെ അഭിപ്രായം.

മല്ല്യയേപ്പറ്റി പറഞ്ഞാണല്ലോ തുടങ്ങിയത്, അതില്‍ത്തന്നെ അവസാനിപ്പിക്കാം. വായിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ മിക്ക കടങ്ങള്‍ക്കും അദ്ദേഹം ഈടായി എന്തെങ്കിലും നല്‍കിയിട്ടുണ്ട്. അതായത് ഒരു 'ലിമിറ്റഡ് ലയബിലിറ്റി" കോര്‍പ്പറേറ്റ് ലോണ്‍ അല്ല മിക്കവയും. ഈടുവച്ച വസ്തുക്കള്‍ ബാങ്കുകള്‍ക്ക് എന്‍കാഷ് ചെയ്യാവുന്നതേയുള്ളൂ. ബാങ്കില്‍നിന്ന് കടം വാങ്ങി തിരിച്ചടയ്ക്കാതെ വിദേശത്തേയ്ക്ക് കടന്നുകളഞ്ഞു എന്ന മട്ടിലുള്ള പ്രചാരണമൊക്കെ ശുദ്ധ ഭോഷ്കാണ്! ബാങ്കിനു വേണ്ട പണമൊക്കെ അവരുടെ കയ്യില്‍ത്തന്നെയുണ്ട്. (അദ്ദേഹം ഏതോ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് എന്‍ഫോഴ്സ്മെന്റ് ഡിറക്റ്ററേറ്റ് ഏതോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നും കേട്ടു. അത് ഈ വിഷയവുമായി കൂട്ടി വായിക്കരുത്)

ഏതായാലും മല്ല്യ ഇതില്‍നിന്ന് നല്ലൊരു പാഠം പഠിച്ചിരിക്കും. ഒരിക്കലും ഒരു കോര്‍പ്പറേറ്റ് ലോണിനായി സ്വന്തം ഓഹരികള്‍ (വിശേഷിച്ച് മറ്റു കമ്പനികളിലുള്ള ഓഹരികള്‍) പണയത്തിനുവെയ്ക്കരുത് എന്ന പാഠം. ഒന്നുകൂടി. ഒരിക്കലും താന്‍ സൃഷ്ടിച്ച ഒരു സ്ഥാപനവുമായി ഒരു വൈകാരികബന്ധം ഉണ്ടാകരുത് എന്നതും. കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു എന്നും എന്തുവിലകൊടുത്തും അതിനെ നന്നായി നടത്തിക്കൊണ്ടുപോകണമെന്നുമുള്ള വൈകാരികമായ സമീപനമാണ് അദ്ദേഹത്തെ പല അബദ്ധങ്ങളിലും കൊണ്ടെത്തിച്ചത്. അല്ലെങ്കില്‍ ഒരു 'ലിമിറ്റ്ഡ് ലയബിലിറ്റി കോര്‍പ്പറേഷന്‍' എന്ന നിലയ്ക്ക് കിങ്ങ്ഫിഷര്‍ എയര്‍ലൈന്റെ എല്ലാ ബാധ്യതകളും ബാങ്കുകളടക്കമുള്ള ക്രെഡിറ്റേഴ്സിന് ശരിക്കും എഴുതിത്തള്ളേണ്ടി വന്നേനേ.

ഏതായാലും നിക്കറുമിട്ട് കുടവയറും കാട്ടി ഇരുവശത്തുമുള്ള തരുണീമണികളുടെ തോളില്‍ കയ്യുമിട്ട് വിജയ് മല്ല്യ ഇനിയുമേറെക്കാലം ടാബ്ലോയ്ഡ് പത്രങ്ങളുടെ കളര്‍ പേജുകളില്‍ പ്രത്യക്ഷപ്പെടുമെന്നതിന് യാതൊരു സംശയവും വേണ്ട. മല്ല്യ എന്ന വ്യക്തിയോട് അറപ്പുണ്ടെങ്കിലും മല്ല്യ എന്ന ക്യാപിറ്റലിസ്റ്റിനെ അംഗീകരിച്ചേ തീരൂ. കുറഞ്ഞപക്ഷം അദ്ദേഹത്തിനെതിരേയുള്ള സാമ്പത്തിക ക്രമക്കേടുകള്‍ (അഥവാ കുറ്റകൃത്യങ്ങള്‍) തെളിയിക്കപ്പെടുന്നതു വരേയെങ്കിലും.

5 comments:

 1. ഭരണ നേതൃത്വം സോഷ്യലിസമൊക്കെ
  ഉപേക്ഷിച്ചിട്ട് കൊല്ലം ഇരുപത്തിയഞ്ച് ആയെങ്കിലും
  ശരാശരി മലയാളിയുടെ സോഷ്യലിസ്റ്റ് വ്യാമോഹങ്ങള്‍
  ഇന്നും സജീവം...”
  ഇതൊരു സത്യം..!
  ശേഷമെഴുതിയത് വളരെ വിജ്ഞാനപ്രദം..

  ReplyDelete
 2. പിന്നെ എന്തിനായിരിക്കും മല്യേനെ ഒന്ന് തടഞ്ഞേക്കണേ'ന്ന് ഈ ബാങ്കുകളെല്ലാംകൂടെ സുപ്രീം കോർട്ടീപ്പോയി നെലോളിച്ചത്!!!

  ReplyDelete
 3. അജിത് ഭായ്, ഒറ്റ വാചകത്തിലുള്ള ഉത്തരം - മല്ല്യയെ കോടതിയില്‍ കയറ്റി വിസ്തരിക്കാനുള്ള സൗകര്യത്തിന്. അതിനുള്ള പോസിബിള്‍ റീസണ്‍സ്:

  1. ഈടു വച്ച വസ്തുക്കള്‍ പെട്ടന്ന് ലിക്വിഡേറ്റ് ചെയ്ത് പണമാക്കാന്‍ (ഏകപക്ഷീയമായി അതു ചെയ്താല്‍ മല്ല്യ സ്റ്റേ വാങ്ങിക്കും, പണം കിട്ടാന്‍ വൈകും)
  2. ബാങ്കുകള്‍ക്ക് അനുകൂലമായ ഒരു ഒത്തുതീര്‍പ്പിന് മല്ല്യയെ സമ്മര്‍ദ്ദപ്പെടുത്താന്‍
  3. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് പണമെടുത്തതെന്ന് തെളിയിച്ച് ഇപ്പോള്‍ ബാധ്യതയുള്ള തുകയേക്കാള്‍ കൂടുതല്‍ തുക പിടിച്ചുപറ്റാന്‍
  4. ഈടുവച്ച വസ്തുക്കളുടെ തല്‍സമയ മൂല്യം മുതലും പലിശയും (അല്ലെങ്കില്‍ പ്രതീക്ഷിച്ച വരുമാനവും) ചേര്‍ന്ന തുകയേക്കാള്‍ കുറവായതുകൊണ്ട്
  5. രാഷ്ട്രീയം, വിദ്വേഷം, അസൂയ, ചൊരുക്ക് എന്നിങ്ങനെയുള്ള കാര്യങ്ങള്‍.

  ഞാന്‍ പറഞ്ഞല്ലോ "റീട്ടെയില്‍ ലെന്‍ഡിങ്ങിന്റെ അടിസ്ഥാന രീതികളുമായി 'പൊതുജന നന്മയ്ക്കുവേണ്ടി' നിലകൊള്ളുന്ന സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിയ്ക്കാന്‍ ബുദ്ധിമുട്ടാണ്.". അവര്‍ക്ക് "നടപടിക്രമങ്ങള്‍ അനുസരിച്ച്" പ്രവര്‍ത്തിക്കാനേ കഴിയൂ. വന്‍കിട ബിസിനസ്സിനു വേണ്ടുന്ന നീക്കുപോക്കുകളും സമര്‍ത്ഥമായ ഇടപെടലുകളും നടത്താന്‍ സ്വകാര്യ ബാങ്കുകള്‍ക്കേ കഴിയൂ. അതുകൊണ്ട് ബിസിനസ്സ് ലോണുകളുടെ കാര്യത്തിലെങ്കിലും വന്‍കിട വിദേശ ബാങ്കുകളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് എന്റെ പക്ഷം.

  ReplyDelete
 4. അപ്പൊ അങ്ങിനെയാണ് കാര്യങ്ങള്‍.

  ReplyDelete
 5. മല്യയ്ക്ക് എതിരെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നടപടികള്‍ തുടങ്ങിയത് സ്വന്ത ഇഷ്ടപ്രകാരമല്ല. ഒരു ചോദ്യത്തിന് ബാങ്കുകള്‍ നടപടി ഒന്നും എടുക്കുന്നില്ല എന്നു സി.ബി.ഐ ഡയറക്റ്റര്‍ പരസ്യമായി പറഞ്ഞു. ബാങ്കുകള്‍ വെട്ടിലായി. അങ്ങിനെയാണ് ട്രിബ്യൂണലിനെ സമീപിച്ചത്. കിങ്ങ് ഫിഷറിനെ കുറിച്ചു മല്യ പറഞ്ഞോരു ഡയലോഗുണ്ട് ."ഞാന്‍ ഉത്തമ വിശ്വാസത്തോടെ ബിസിനസ്സ് ചെയ്തു .അത് പരാജയപ്പെട്ടത് സര്‍ക്കാര്‍ നയങ്ങളുടെ കുറ്റം കൊണ്ടാണ് .എനിക്കിനി ഒന്നും ചെയ്യാനില്ല."

  ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ