എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....

While you are here, why not check out my English blog?

Sunday, July 28, 2013

ഡിട്രോയിറ്റിന്റെ പതനം

ഒരുകാലത്ത് അമേരിക്കയുടെ കിരീടത്തിലെ രത്നമായിരുന്നു ഡിട്രോയിറ്റ്. ഏറ്റവുമധികം ജനവാസമുള്ള നഗരം, ഏറ്റവുമധികം പ്രതിശീര്‍ഷവരുമാനമുള്ള നഗരം, അമേരിക്കയുടെ വ്യാവസായിക തലസ്ഥാനം എന്നിങ്ങനെയുള്ള പെരുമകള്‍ സ്വന്തമായിരുന്ന ഇടം. ആ ഡിട്രോയിറ്റ് ജൂലായ് 19ന് പാപ്പര്‍സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുകയാണ്!

ഡിട്രോയിറ്റ് നഗരത്തിലെ മൂന്നിലൊന്നു ഭാഗത്ത് ഇന്ന് ആള്‍ത്താമസമില്ല. പലയിടത്തും വീടുകളും കടകളും വ്യവസായശാലകളും കെട്ടിടങ്ങളും അതിന്റെ ഉടമകള്‍ ഉപേക്ഷിച്ചുപോയിക്കഴിഞ്ഞിരിക്കുന്നു. വളരേയധികം ഇടങ്ങളില്‍ വഴിവിളക്കുകള്‍ കത്തുന്നില്ല - കാരണം വൈദ്യുതക്കമ്പികള്‍ അതിലെ ചെമ്പിനായി ആളുകള്‍ അറുത്തുമാറ്റിയിരിക്കുന്നു. മോഷണവും കൊലപാതകവുമടങ്ങുന്ന കുറ്റകൃത്യങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു - കാരണം ശമ്പളം കൊടുക്കാന്‍ പണമില്ലാത്ത നഗരസഭ പോലീസുകാരുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറച്ചിരിക്കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുപോലും പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് നഗരസഭ - കാരണം നികുതികൊടുക്കാന്‍ മാത്രം വരുമാനമുള്ള വ്യക്തികളും സ്ഥാപനങ്ങളും നന്നേ കുറവും, സര്‍ക്കാരിന്റെ 'കാരുണ്യ'ത്തിന്റെ ആവശ്യക്കാര്‍ വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. ഈയൊരു സന്ദര്‍ഭത്തിലാണ് ഡിട്രോയിറ്റിന് പാപ്പരായതായി സ്വയം പ്രഖ്യാപിക്കേണ്ടി വന്നിരിക്കുന്നത്.

പതിനെട്ടു ബില്ല്യണ്‍ ഡോളറില്‍പ്പരമാണത്രേ ഡിട്രോയിറ്റ് നഗരത്തിന്റെ മൊത്തം കടം! 'സ്റ്റാന്റേര്‍ഡ് ആന്‍ഡ് പ്വര്‍'ന്റെ കണക്കനുസരിച്ച് നഗരത്തിന്റെ മൊത്തം വരുമാനം കൊണ്ട് പലിശയും പെന്‍ഷനും കൊടുക്കാന്‍ പോലും തികയില്ലത്രേ. ഇത്തരമൊരു സാഹചര്യത്തില്‍ നഗരസഭ ഈ നടപടിയെടുത്തതില്‍ അത്ഭുതപ്പെടാനില്ല.

അമേരിക്കന്‍ നിയമങ്ങളനുസരിച്ച് വ്യക്തികളോ സ്ഥാപനങ്ങളോ പാപ്പരായാല്‍ അവര്‍ക്ക് അവരുടെ നിലവിലുള്ള ബാധ്യതകള്‍ എഴുതിത്തള്ളാനും പുനഃക്രമീകരിക്കാനുമുള്ള സാഹചര്യം കോടതി ഒരുക്കിക്കൊടുക്കും. ഇപ്പോഴത്തെ ഫയലിങ്ങ് അനുസരിച്ച് നഗരത്തിന് നൂറുഡോളര്‍ കടം കൊടുത്തവര്‍ക്ക് വെറും പത്തു ഡോളര്‍ മാത്രം തിരികെ നല്‍കാനുള്ള നിര്‍ദ്ദേശപത്രികയാണ് നഗരാധികാരികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ബോണ്ട് വിപണി സ്വാഭാവികമായും ഇതിനോട് ശക്തമായിത്തന്നെയാണ് പ്രതികരിക്കുന്നത്. മുനിസിപ്പല്‍ ബോണ്ടുകളുടെ പലിശനിരക്ക് (yield) വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് - അതായത് ഉയര്‍ന്നനിരക്കിലേ ഇനി മുനിസിപ്പാലിറ്റികള്‍ക്ക് വിപണിയില്‍നിന്ന് പണം കടമെടുക്കാനാവൂ. അമേരിക്കയില്‍ സാമ്പത്തികബുദ്ധിമുട്ടുള്ള ഒരു ഡസന്‍ നഗരങ്ങളെങ്കിലുമുണ്ട്. വരും നാളുകളില്‍ ഡിട്രോയിറ്റിനു സമാനമായ പ്രതിസന്ധി ആ നഗരങ്ങളിലേയ്ക്കു വ്യാപിക്കുമോ എന്ന ആശങ്ക നിലനില്ക്കുന്നുണ്ട്.

ഡിട്രോയിറ്റിന്റെ ഈ പതനത്തിന് കാരണങ്ങള്‍ പലതാണ്. അടിസ്ഥാന കാരണം വരവു കുറഞ്ഞതും ചിലവു കൂടിയതും തന്നെയാണ്. പക്ഷേ അത്തരമൊരു നിലയിലേയ്ക്കുനയിച്ച രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങള്‍ അതതു തലങ്ങളില്‍ ഇന്നും തര്‍ക്കിക്കപ്പെടുന്നവയാണ്.

തൊഴിലാളി യൂണിയനുകളുടെ ഉരുക്കുമുഷ്ടിയിലാണ് സമ്പന്നരും ഉപഭോഗപ്രിയരുമായ അവിദഗ്ദ്ധസമൂഹം ഡിട്രോയിറ്റില്‍ രൂപപ്പെട്ടത്. അക്കാലത്ത് അമേരിക്കലെ വ്യവസായശാലകളില്‍ തൊഴില്‍ ലഭിക്കാന്‍ യാതൊരുവിധ വിദ്യാഭ്യാസമോ പ്രാവീണ്യമോ വേണ്ടിയിരുന്നില്ല. തീരെ താഴ്ന്ന തൊഴിലുകള്‍ക്കുപോലും ഉയര്‍ന്ന വേതനവും ജോലിസ്ഥിരതയും ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ കഴിയുന്ന ആസുരശക്തിയുണ്ടായിരുന്നു ഡിട്രോയിറ്റിലെ യൂണിയനുകള്‍ക്ക്.

ഈ യൂണിയനുകളെ ഒതുക്കാനാണ് എണ്‍പതുകളില്‍ റെയ്ഗന്‍ ഭരണകൂടം 'വടക്കനമേരിക്കന്‍ സ്വതന്ത്രവ്യാപാരക്കരാര്‍ (North American Free Trade Agreement - NAFTA)' കൊണ്ടുവന്നത്. തല്‍ഫലമായി ഡിട്രോയിറ്റിലെ വാഹനനിര്‍മ്മാണശാലകള്‍ ക്രമേണ ക്യാനഡയിലേയും മെക്സിക്കോയിലേയും 'ചിലവുകുറഞ്ഞ വ്യാപാരമേഖല'കളിലേയ്ക്ക് പറിച്ചുനടപ്പെടാന്‍ തുടങ്ങി. വാഹനനിര്‍മ്മാണം മുടങ്ങിയതോടെ അനുബന്ധവ്യവസായങ്ങളും അടച്ചുപൂട്ടേണ്ടിവന്നു. വലിയ തോതിലുള്ള വരുമാനക്കമ്മിയാണ് ഈ സംഭവവികാസങ്ങള്‍ നഗരത്തിനു വരുത്തിവെച്ചത്.

2008ലെ സാമ്പത്തിക പ്രതിസന്ധി ഡിട്രോയിറ്റ് നഗരത്തിന് രണ്ടാമത്തെ പ്രഹരം ഏല്പിച്ചു. അതുവരെ ഡിട്രോയിറ്റ് കമ്പനികള്‍ താരതമ്യേന വലിയ ലാഭമുള്ള പാസഞ്ചര്‍ ട്രക്കുകളും എസ്‌യുവികളും വിറ്റാണ് നിലനിന്നുപോയിരുന്നത്. സാമ്പത്തിക പ്രതിസന്ധി മുറുകുകയും ഋണലഭ്യത കുറയുകയും പെട്രോളിന്റെ വില ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തതോടെ വലിയ വാഹനങ്ങള്‍ക്കുള്ള ആവശ്യക്കാര്‍ ഇല്ലാതായി. ചെറിയ കാറുകളുടെ വിപണിയില്‍ ജാപ്പനീസ്/കൊറിയന്‍/ജര്‍മന്‍ കാറുകളോടു മത്സരിക്കാന്‍ പോന്ന മോഡലുകള്‍ അമേരിക്കന്‍ കമ്പനികളുടെ പക്കല്‍ ഉണ്ടായിരുന്നുമില്ല. അങ്ങനെ ജനറല്‍ മോട്ടോഴ്സ്, ക്രൈസ്ലര്‍ എന്നീ കമ്പനികള്‍ അടച്ചുപൂട്ടേണ്ട നിലയിലേയ്ക്കായി.

ഈ അവസരത്തിലാണ് ഒബാമ ഭരണകൂടം ഈ രണ്ടു കമ്പനികളേയും 'തന്ത്രപരമായ പാപ്പരത്തം' പ്രഖ്യാപിക്കാന്‍ അനുവദിച്ചത്. പാപ്പരത്തം പ്രഖ്യാപിച്ചതോടെ ഈ കമ്പനികളുടെ നിലവിലുള്ള എല്ലാ ബാദ്ധ്യതകളും ഒരു ഞൊടിയില്‍ ഇല്ലാതായി. അമേരിക്കന്‍ സര്‍ക്കാര്‍ ഈ കമ്പനികളിലെ ഓഹരിയുടമകളായി.

വാഹനനിര്‍മ്മാണമേഖലയിലെ തൊഴിലുകള്‍ തീര്‍ത്തും ഇല്ലാതാവുന്നതില്‍നിന്ന് രക്ഷിയ്ക്കാന്‍ ഈ നടപടി സഹായകരമായെങ്കിലും വലിയൊരു ആഘാതമാണ് ഈ നടപടി ഡിട്രോയിറ്റ് നഗരത്തിനുമേല്‍ ഏല്‍പ്പിച്ചത്. ജീവനക്കാരുടെ വരുമാനം വെട്ടിക്കുറച്ചും, മോഡലുകള്‍ ഇല്ലാതാക്കിയും, അനുബന്ധവ്യവസായങ്ങളില്‍നിന്നുള്ള സംഭരണം പരിമിതപ്പെടുത്തിയും, നിര്‍മ്മാണശാലകള്‍ അടച്ചുപൂട്ടിയും വാഹനവ്യവസായികള്‍ ചിലവുചുരുക്കിയപ്പോള്‍ അത്തരം ഇടപാടുകളിലെ നികുതിവരുമാനത്തെ ആശ്രയിച്ചിരുന്ന ഡിട്രോയിറ്റ് നഗരസഭയ്ക്ക് സംഭ്രമജനകമായ തകര്‍ച്ചയാണ് സംഭവിച്ചത്.

ബാങ്കിങ്ങ് മേഖലയിലെ പ്രതിസന്ധി ഈ തകര്‍ച്ചയെ ഒന്നുകൂടി തീവ്രമാക്കി. വീടുപണയപ്പെടുത്തി പണം കടം വാങ്ങിയവരായിരുന്നു ഡിട്രോയിറ്റിലെ സാധാരണക്കാരില്‍ അധികവും. ജോലി നഷ്ടപ്പെടുകയും ബാങ്കുള്‍ പലിശ ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തതോടെ മിക്കവാറും പേര്‍ക്ക് തവണകള്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാതായി. ബാങ്കുകള്‍ അവരെയെല്ലാം അവരുടെ വീടുകളില്‍നിന്ന് കുടിയൊഴിപ്പിച്ചു. പക്ഷേ അങ്ങനെ പിടിച്ചെടുത്ത വീടുകള്‍ വാങ്ങാന്‍ ആരും ഇല്ലായിരുന്നു. കാലക്രമേണ, പലതരത്തില്‍ തകര്‍ക്കപ്പെട്ട ഒഴിഞ്ഞ വീടുകളുടെ പ്രേതനഗരമായി ഫലത്തില്‍ ഡിട്രോയിറ്റ്.

നഗര-സംസ്ഥാന-ദേശീയ തലങ്ങളിലുള്ള രാഷ്ട്രീയക്കാരുടെ പങ്കും ഒട്ടും കുറച്ചുകാണേണ്ടതില്ല. ഡിട്രോയിറ്റ് യൂണിയനുകളുടെ പിന്‍ബലത്തില്‍ സ്വന്തം രാഷ്ട്രീയസ്ഥാനമാനങ്ങള്‍ കെട്ടിപ്പൊക്കിയ ഡെമോക്രാറ്റുകളും യൂണിയനുകളെ ഒതുക്കി 'സ്വതന്ത്രവിപണിയുടെ' മുന്നണിനേതാക്കളായ മുതലാളിമാരുടെ മടിശ്ശീല വീര്‍പ്പിച്ചുകൊടുത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഈ ദുരന്തത്തിനുത്തരവാദികളാണ്. നഗരം സാമ്പത്തികപ്രതിസന്ധിയിലാണെന്നറിഞ്ഞിട്ടും വീണ്ടുംവീണ്ടും കടമെടുത്ത് ചിലവുനടത്തിയിരുന്ന ദീര്‍ഘകാല ഡിട്രോയിറ്റ് ഭരണാധികാരികളായ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ മുഖ്യപങ്കാണുള്ളതെന്നത് അവിതര്‍ക്കിതമാണ്. വോട്ടിനുവേണ്ടി ഇരിക്കുന്ന കൊമ്പുവെട്ടുകയും നനഞ്ഞിടം കുഴിക്കുകയും കഴുക്കോലൂരി വിറകുകത്തിക്കുകയും ചെയ്യുന്നമട്ടുള്ള രാഷ്ട്രീയമാണ് കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി ഡിട്രോയിറ്റില്‍ അരങ്ങേറുന്നത്.

ഒരു സമൂഹത്തിന്റെ നന്മയ്ക്ക് കോര്‍പ്പറേറ്റുകളുടെ ആസുരതയാണോ, യൂണിയനുകളുടെ ഉരുക്കുമുഷ്ടിയാണോ, രാഷ്ട്രീയക്കാരന്റെ രാക്ഷസബലമാണോ, കോടതികളുടെ നിഗ്രഹശക്തിയാണോ കൂടുതല്‍ അഭികാമ്യം എന്ന അമ്പരപ്പിക്കുന്ന ചോദ്യമാണ് ഡിട്രോയിറ്റ് ലോകത്തിനുമുന്‍പില്‍ വയ്ക്കുന്നത്. ഈ സത്വങ്ങള്‍ തമ്മിലുള്ള ശീതസമരത്തിനു സമാനമായ ഒരുതരം അയഞ്ഞ സംഘര്‍ഷത്തില്‍ മാത്രമേ സമൂത്തിനു പ്രതീക്ഷയുള്ളൂ എന്നെനിക്കു തോന്നുന്നു. ഇവര്‍ തമ്മില്‍ യുദ്ധം ചെയ്യുമ്പോഴും സഖ്യത്തിലാവുമ്പോഴും സമൂഹത്തിന് തുടക്കത്തില്‍ സമൃദ്ധിയുണ്ടായേക്കാമെങ്കിലും ദുരിതം മാത്രമായിരിക്കും അന്തിമഫലം. ഇന്നത്തെ സമൃദ്ധിയില്‍ അഭിരമിക്കുന്ന ഭാരതീയന്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതാണ് ഡിട്രോയിറ്റിന്റെ ഈ ദുരന്തകഥ.

*****************************************

വാല്‍ക്കഷണം: ഡിട്രോയിറ്റിലെ പല പ്രദേശങ്ങളും പ്രേതഗൃഹങ്ങളുടെ ശ്മശാനങ്ങളായതോടെ അവശേഷിക്കുന്ന ആള്‍ത്താമസമുള്ള വീടുകളില്‍നിന്നും ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തരം ഒറ്റപ്പെട്ട വീടുകളിലേയ്ക്ക് മുനിസിപ്പല്‍ സേവനങ്ങള്‍ (വെള്ളം, അഴുക്കുചാല്‍, വഴിവിളക്കുകള്‍, റോഡുകള്‍, പൊലീസിങ്ങ് എന്നിവ) കുറഞ്ഞ ചിലവില്‍ കാര്യക്ഷമമായി എത്തിക്കുക അസാധ്യമാണ് എന്നതുകൊണ്ടത്രേ ഇത്. അങ്ങനെ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് തുലോം തുച്ഛമായ പ്രതിഫലമാണ് മുനിസിപ്പാലിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ളത് - ഇത്തരം ഇടങ്ങളിലെ വീടുകള്‍ക്ക് പൊതുവിപണിയില്‍ തീരെ വിലയില്ല എന്നതുതന്നെ കാരണം. ചുരുക്കത്തില്‍, മുഴുപ്പട്ടിണിയാണെങ്കിലും സ്വന്തം കൂരയ്ക്കുകീഴില്‍ അന്തിയുറങ്ങമല്ലോ എന്ന അവസാന പ്രതീക്ഷപോലും ഭരണവര്‍ഗ്ഗം അവരുടെ പൌരന്‍മാര്‍ക്ക് ബാക്കിവെച്ചിട്ടില്ലെന്നര്‍ത്ഥം !

ഇതുകൂടി കാണുക : ഡിട്രോപ്പിയ

8 comments:

  1. ഡിട്രോയിറ്റിന്‍റെ പതനം അത് അര്‍ഹിക്കുന്നതാണ്. അര്‍ഹതപ്പെട്ടതിലധികം വാങ്ങിയിരുന്ന തൊഴിലാളികളെ ചില നേതാക്കള്‍ പ്രലോഭിപ്പിച്ചു അവസാനം വ്യവസായം തന്നെ തകരുന്ന കാഴ്ചയാണ് നാം കണ്ടത്. ഇവിടെ ഇന്ത്യയിലും ഡിട്രോയിറ്റിന്റെ ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് എന്റെ ഭയം. മനേസറിലെ തൊഴിലാളികളെ ആയുധമാക്കി അവിടെ കലാപമുണ്ടാക്കുന്നതില്‍ ചില നേതാക്കള്‍ വിജയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ബജാജിന്‍റെ ചക്കന്‍ പ്ലാന്‍റിലേ തൊഴിലാളികള്‍ ഒരുമാസമായി സമരത്തിലാണ്.തൊഴിലാളികള്‍ക്കെല്ലാം ബജാജിന്‍റെ 500 ഓഹരികള്‍ വെറുതെ കിട്ടണം എന്നതാണു ആവശ്യം. നല്ല രീതിയില്‍ നടക്കുന്ന,നല്ല ശമ്പളം ലഭിക്കുന്ന തൊഴില്‍ മേഖലകളിലെ വിഡ്ഢികളായ തൊഴിലാളികളെ പ്രലോഭിപ്പിച്ചു വ്യവസായം തന്നെ തകര്‍ക്കുന്ന നേതാക്കളെ ഇല്ലാതാക്കിയില്ലെങ്കില്‍ ഡിട്രോയിറ്റിന്റെ ഗതി പല ഇന്ത്യന്‍ നഗരങ്ങള്ക്കും ഉണ്ടാവും.

    ReplyDelete
  2. ഇങ്ങ് ഇന്ത്യയിൽ ഇങ്ങനെയൊന്ന് ഉണ്ടാവാതിരിക്കട്ടെ

    ReplyDelete
  3. We have lessons to learn from Detroit

    ReplyDelete
  4. പഠിക്കാൻ ചില ചിന്തകൾ. ചിന്തിക്കാൻ ചില അനുഭവങ്ങൾ. മുൻ കരുതലിന് ചില കരുതലുകൾ.... ആശംസകളോടെ.............

    ReplyDelete
  5. ഒരു സമൂഹത്തിന്റെ നന്മയ്ക്ക് കോര്‍പ്പറേറ്റുകളുടെ
    ആസുരതയാണോ, യൂണിയനുകളുടെ ഉരുക്കുമുഷ്ടിയാണോ,
    രാഷ്ട്രീയക്കാരന്റെ രാക്ഷസബലമാണോ, കോടതികളുടെ നിഗ്രഹ
    ശക്തിയാണോ കൂടുതല്‍ അഭികാമ്യം എന്ന അമ്പരപ്പിക്കുന്ന ചോദ്യമാണ്
    ഡിട്രോയിറ്റ് ലോകത്തിനുമുന്‍പില്‍ വയ്ക്കുന്നത്. ഈ സത്വങ്ങള്‍ തമ്മിലുള്ള
    ശീതസമരത്തിനു സമാനമായ ഒരുതരം അയഞ്ഞ സംഘര്‍ഷത്തില്‍ മാത്രമേ; സമൂത്തിനു പ്രതീക്ഷയുള്ളൂ എന്നെനിക്കു തോന്നുന്നു.


    ഭായിക്ക് മാത്രമല്ല ഞങ്ങൾക്കും
    തോന്നുന്നതു ഇത് തന്നെയാണ് ...!

    കോർപ്പറേറ്ററുകളും ,രാഷ്ട്രീയക്കാരും തമ്മില്‍ യുദ്ധം
    ചെയ്യുമ്പോഴും സഖ്യത്തിലാവുമ്പോഴും സമൂഹത്തിന് തുടക്കത്തില്‍
    സമൃദ്ധിയുണ്ടായേക്കാമെങ്കിലും ദുരിതം മാത്രമായിരിക്കും അന്തിമഫലം...

    ഇന്നത്തെ സമൃദ്ധിയില്‍ അഭിരമിക്കുന്ന ഭാരതീയന്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതാണ് ഡിട്രോയിറ്റിന്റെ ഈ ദുരന്തകഥ..!

    ഏവർക്കും കരുതിയിരിക്കുവാൻ,ചിന്തിക്കുവാൻ
    ഈ സംഗതികൾ പങ്കുവെച്ചതിന് ഒരു ഹാറ്റ്സ് ഓഫ് കേട്ടൊ ഭായ്

    ReplyDelete
  6. ഗഹനവും ചിന്തനീയവുമായ ഈ വിഷയം നല്ല പാരായണക്ഷമതയോടെ അവതരിപ്പിച്ച കെ കെ ക്ക് എന്‍റെ സല്യൂട്ട്. വിപ്ലവം അതിന്‍റെ കുഞ്ഞുങ്ങളെ തന്നെ അവസാനം കൊന്നു തിന്നുന്നു എന്ന് പറയാറുണ്ട്‌. മുതലാളിത്തം അതിന്‍റെ കുഞ്ഞുങ്ങളെ ആദ്യമേ കൊന്നു തിന്നുന്നു എന്ന് പറയാം ഇത് വെച്ച് നോക്കുമ്പോള്‍.

    ReplyDelete
  7. ഇനിം ഇതുപോലെ ഒത്തിരി നഗരങ്ങള്‍ പാപ്പര്‍ ഹര്‍ജി കൊടുത്തിരിക്കുന്നുവെന്ന് കേട്ടു..
    ഈ എഴുത്ത് വളരെ ഭംഗിയായിട്ടുണ്ട്..

    ReplyDelete
  8. അമേരിക്കയില്‍ ഇങ്ങനെയുള്ള സ്ഥലങ്ങളും ഉണ്ടോ... പുതിയ അറിവ്.!!
    അടിസ്ഥാനപരമായി ചിന്തിക്കേണ്ട കാര്യം തന്നെ,,,
    എഴുത്ത് ഇഷ്ടമായി കേട്ടോ..

    ReplyDelete

വായിക്കണ ആള്‍ക്കാരു് എന്തെങ്കിലും പറഞ്ഞിട്ട് പോണട്ടോ