(ആദ്യ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
മണ്ടയ്ക്കകത്ത് നിറയേ വേക്കന്സിയുള്ളതുകൊണ്ട് ഒരു ഗുണമുണ്ട്. ഇത്തരം അത്യാപത്തുകളില്‍ പെടുമ്പോഴൊന്നും ഞാന്‍ ഒട്ടും പരിഭ്രമിക്കാറില്ല. പതിവായി ഇമ്മാതിരി ഏടാകൂടങ്ങളില് ചെന്നുപെടാറുണ്ടുതാനും.
ഞാന്‍ പരിസരമൊക്കെ ഒന്നവലോകനം ചെയ്തു. പ്രകൃതിസൌന്ദര്യം നിറഞ്ഞ മലനിരക്കുകളും, അമ്പതടി താഴെ ഒഴുകുന്ന തെളിഞ്ഞവെള്ളമുള്ള പുഴയും, ബസ്സിറങ്ങി നടന്നുപോകുന്ന നാട്ടുകാരും ഇടപാടുകാരെ കാത്തിരിക്കുന്ന നാലു കച്ചവടക്കാരും മാത്രമേയുള്ളൂ ചുറ്റിലും. വിശേഷിച്ച് 'ആന്‍ ഐഡിയ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ്' എന്നു തോന്നിക്കുന്ന ഒന്നും ശ്രദ്ധയില്‍ പെട്ടില്ല.
അപ്പോഴാണ് ഓംപ്രകാശ്ജി പലചരക്കുകടയില്‍നിന്ന് പുറത്തുവരുന്നത് കണ്ടത്.
ഓംപ്രകാശ്ജി എന്റെ സുഹൃത്തെന്നോ പരിചയക്കാരനെന്നുപോലുമോ പറയാന്‍ കഴിയില്ല. പദ്ധതിപ്രദേശത്തെ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ഓപ്പറേറ്ററായിരുന്നു അദ്ദേഹം. അക്കാലത്ത് എന്റെ അമ്മയ്ക്കും നാട്ടില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിലാണ് ജോലി. ആഴ്ചയിലൊരിക്കല്‍ അമ്മ നാട്ടില്‍നിന്ന് ഖൈരിയിലെ എക്സ്ചേഞ്ചിലേയ്ക്ക് വിളിക്കാറുണ്ടായിരുന്നു. ഒരു STD കാളിന് സെക്കന്റിന് രണ്ടുരൂപ നിരക്കുള്ളകാലത്ത് (അക്കാലത്ത് രണ്ടുരൂപയ്ക്കൊക്കെ വിലയുണ്ടേ) അമ്മ ഫോണ്‍ ചെയ്ത് പതിനഞ്ചുമിനിട്ടോളം ഓസിനു സംസാരിക്കും.
അങ്ങനെ ഞങ്ങള്‍ തമ്മില്‍ പതിവായി കാണാറുണ്ടായിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഗൌരവത്തോടെ അദ്ദേഹവും സര്‍ക്കാര്‍ ഓഫീസില്‍ കയറിച്ചെല്ലേണ്ടി വരുന്നവന്റെ മുഷിപ്പോടെ ഞാനും പെരുമാറിപ്പോന്നു. സുണ്ട്ലയില്‍ അദ്ദേഹത്തെ കണ്ടപ്പോഴും അതേ മനോഭാവം തന്നെയാണ് മനസ്സില്‍ ഉണ്ടായിരുന്നത്.
ആദ്യം അദ്ദേഹത്തിന് നമസ്കാരം പറഞ്ഞുകൊണ്ട് തുടങ്ങി. പിന്നീട് എന്റെ ആവശ്യം അറിയിച്ചു. എങ്ങനെയെങ്കിലും ഖൈരിയിലെത്തണം - ടാക്സിയോ, ബസ്സോ, ലോറിയോ ഏതുവാഹനമായാലും വേണ്ടില്ല. അതല്ലെങ്കില്‍ ഏറ്റവും അടുത്ത് അധികം ചിലവില്ലാതെ താമസിക്കാന്‍ സൌകര്യമുള്ള ഒരു ഇടം വേണം. താണുവീണുകേണൊന്നുമല്ല പറഞ്ഞത്, വെറുതേ സര്‍ക്കാര്‍ ആപ്പീസില് അപേക്ഷ കൊടുക്കുന്ന നിസ്സംഗതയോടെ.
അന്നാദ്യമായി ഓംപ്രകാശ്ജി എന്നെ നോക്കി ചിരിച്ചു. "അതിനെന്താ, എന്റെ വീട്ടിലേയ്ക്കു പോരൂ" എന്നു പറഞ്ഞു. അദ്ദേഹം അവിടത്തുകാരനാണെന്ന് എനിക്കറിയില്ലായിരുന്നു. ആ ക്ഷണം ഞാന്‍ കൈയ്യോടെ സ്വീകരിച്ചു എന്നു പറയേണ്ടതില്ലല്ലോ. സുണ്ട്ല ബസ്സ് സ്റ്റോപ്പില്‍നിന്ന് ഒരു കിലോമീറ്ററോളം ദൂരെയായിരുന്നു അദ്ദേഹത്തിന്റെ വീട്.നല്ല തണുപ്പുണ്ടായിരുന്നിട്ടും മനോഹരമായ ഒരു നടപ്പായിരുന്നു അത്. റോഡരികില്‍നിന്നു താഴേയ്ക്കു നോക്കിയാല്‍ ശാന്തമായൊഴുകുന്ന പുഴ. ചുറ്റിലും പച്ചപ്പ്. സുണ്ട്ലയില്‍ സൂര്യന് അസ്തമിച്ചുകഴിഞ്ഞിരുന്നെങ്കിലും ചുറ്റുമുള്ള മലകള്‍ക്ക് തൊപ്പിയിട്ടിരിക്കുന്ന മഞ്ഞില്‍ പോക്കുവെയില്‍ പ്രതിബിംബിക്കുന്ന അതിമനോഹരമായ ദൃശ്യം പ്രകൃതി ഞങ്ങള്‍ക്കായി ഒരുക്കിയിരുന്നു. വീടെത്തുംവരെ ഞങ്ങള്‍ വാതോരാതെ സംസാരിച്ചു.
രണ്ടുനിലകളുള്ള ഒരു കൂറ്റന്‍ ഹവേലിയായിരുന്നു ഓംപ്രകാശ്ജിയുടെ വീട്. നാലുതലമുറകളിലുള്ള ഏതാണ്ട് മുപ്പതോളം പേര് ആ വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു. ഏറ്റവും മൂത്ത കാരണവര്‍ക്ക് തൊണ്ണൂറിലധികം വയസ്സായിരുന്നു, എങ്കിലും മൂപ്പര് യാതൊരു കുഴപ്പവുമില്ലാതെ ഒരു വടിയും കുത്തിപ്പിടിച്ച് മലയായ മലയൊക്കെ ചെറുപ്പക്കാരേക്കാള്‍ ചുറുചുറുക്കോടെ കയറിയിറങ്ങും. കാഴ്ചയ്ക്കും കേള്‍വിക്കും ഒരു കുഴപ്പവുമില്ല. അദ്ദേഹത്തിന്റെ ആണ്മക്കളെല്ലാം ആ വീട്ടില്‍ത്തന്നെയാണ് താമസം. അവരിലൊരാളുടെ സന്തതികളില്‍ ഒരാളാണ് ഓംപ്രകാശ്. "ബംബൈവാളാ ഇഞ്ചീന്യര്" (മുംബൈക്കാരന് എഞ്ചിനീയര്‍) എന്നാണ് എന്നെ പരിചയപ്പെടുത്തിയത് (അക്കാലത്ത് ഞാന്‍ മുംബൈയിലായിരുന്നു സ്ഥിരതാമസം) - അതുകൊണ്ട് വീട്ടുകാര്‍ക്കിടയില്‍ വല്ലാത്തൊരു താരപരിവേഷമായിരുന്നു എനിക്ക്.
ആ വീട്ടില്‍ പഠിപ്പുള്ള ഒരേയൊരാളായിരുന്നു ഓംപ്രകാശ്ജി. മറ്റൂള്ളവരെല്ലാം സ്വന്തം പറമ്പില്‍ കൃഷിയാണ്. പറമ്പെന്നു പറഞ്ഞാല്‍ പോരാ, അങ്ങു മലയുടെ ഉച്ചിവരേയ്ക്കെത്തുന്ന വന്‍ ഭൂസ്വത്തുതന്നെ! എല്ലാത്തരം കൃഷിയുമുണ്ടവിടെ - ഋതുക്കള്‍ മാറുന്നതനുസരിച്ച് വിളവുകളും മാറിക്കൊണ്ടിരിക്കുമെന്നേയുള്ളൂ. നിറയേ ചെമ്മരിയാടുകളുമുണ്ടായിരുന്നു, ആ വീട്ടില്‍ (പശുക്കളെ കണ്ടതായി ഓര്‍ക്കുന്നില്ല). ഉപ്പും ചില മസാലപ്പൊടികളും തേയിലയും സോപ്പും വസ്ത്രവും മരുന്നും ഒഴികെ ഒരു സാധനവും അവര്‍ വെളിയില്‍നിന്നു വാങ്ങാറില്ലത്രേ. ആ വലിയ വീട്ടിലെ താമസക്കാര്‍ക്കു കഴിയാനുള്ളതും അതിനപ്പുറവും ആ കൃഷിഭൂമിയില്നിന്നുതന്നെ ലഭിക്കുമായിരുന്നു. അതില്‍പ്പരം ആവശ്യങ്ങള്‍ അവര്ക്കൊട്ടില്ലായിരുന്നുതാനും. മലകള്‍ക്കിടയില്‍ താമസിക്കുന്നവരായതുകൊണ്ട് ടിവി/റേഡിയോ പ്രസാരണമൊന്നും ആ വീട്ടിലേയ്ക്കെത്തുമായിരുന്നില്ല. അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍ ആ വീട്ടിലെ ആരും വായിക്കാറില്ല. പുറം ലോകത്തുനടക്കുന്നതൊന്നും തന്നെ ആ 'തുരുത്തി'ലുള്ളവര്‍ക്ക് വിഷയവുമല്ലല്ലോ.
എനിക്കായി മുകളിലത്തെ നിലയിലെ ഒരു ചെറിയ മുറി അവര്‍ ഒഴിവാക്കിത്തന്നു. രാത്രി ഞാന്‍ വളരേ സുഖമായുറങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് ചില്ലറ പ്രശ്നങ്ങളുണ്ടായത്.
പല്ലുതേയ്ക്കാന്‍ ഒരു നിവൃത്തിയുമില്ല. ആ വീട്ടിലുള്ളവര്‍ ഏതോ ഒരു ചെടിയുടെ കമ്പ് ചവച്ചു ബ്രഷ് പരുവത്തിനാക്കിയാണ് പല്ലുതേയ്ക്കുന്നത്. ആ പരിപാടി എനിക്കുശരിയാവില്ലെന്ന് ഞാന്‍ ഉറപ്പിച്ചു. വായില്‍ കുറച്ചുവെള്ളമൊഴിച്ച് കുലുക്കിത്തുപ്പി ആ ചടങ്ങ് അവസാനിപ്പിച്ചു. മുഖ്യമായ ഒരു പ്രശ്നം പിന്നേയും ബാക്കി കിടക്കുന്നു.
ഓംപ്രകാശ്ജിയോട് സംഗതി വെളിപ്പെടുത്തി. 'അതിനെന്താ, ഒരു ചായ കുടിച്ചിട്ട് നമുക്കു പോകാം' എന്നായി അദ്ദേഹം. ചായകുടി കഴിഞ്ഞപ്പോഴേയ്ക്കും എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. എന്റെ അസ്വസ്ഥത കണ്ടാകണം, അദ്ദേഹം 'വരൂ' എന്നുപറഞ്ഞു. എന്നിട്ട് വീടിന്റെ പിന്‍ഭാഗത്തുള്ള മല/പാടം കയറാന്‍ തുടങ്ങി.
പടിപടിയായി അങ്ങുച്ചിയോളമെത്തിനില്ക്കുന്ന പാടശേഖരത്തിന്റെ ഏതെങ്കിലും കോണിലായിരിക്കും കക്കൂസ് എന്നു ഞാന്‍ കരുതി. ഒരു നൂറടിയോളം നടന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ അങ്ങോട്ടിരുന്നോളൂ. ഞാന്‍ അങ്ങോട്ടു മാറിയിരുന്നോളാം'.
എന്ത്! പറമ്പിലിരുന്ന് ചെയ്തോളാനോ? ഞാന്‍ നിന്ന നില്പ്പില് ഐസായിപ്പോയി. ഇതിനുമുമ്പ് അങ്ങനെ ചെയ്തത് ആറുവയസ്സുള്ളപ്പോള്‍ ശബരിമലയില്‍ വെച്ചാണ്. ഇതിപ്പോ ഈ പ്രായത്തില്‍ എന്നേപ്പോലെ സ്റ്റാറ്റസ്സുള്ള ഒരാള്‍... ഛേ!!
നിവൃത്തിയൊന്നുമില്ല. ഓംപ്രകാശ്ജി എന്നെ ഗൌനിക്കാതെ അദ്ദേഹത്തിന്റെ ലക്ഷ്യത്തിലേയ്ക്ക് നീങ്ങിക്കഴിഞ്ഞു.
കക്കൂസിലിരിക്കുന്നതുപോലല്ല, പറമ്പിലിരിക്കുന്നത് എന്ന് വളരേപ്പെട്ടന്നുതന്നെ മനസ്സിലായി. വല്ലാത്തൊരു പഠനാനുഭവമായിരുന്നു ആ ഇരിപ്പ് എന്നുമാത്രം പറയട്ടെ. അതുകഴിഞ്ഞപ്പോള്‍ അടുത്ത പ്രശ്നം - ശുചീകരണം. അടുത്തെങ്ങും ഒരു തുള്ളി വെള്ളമില്ല. ഉണ്ടായിട്ട് കാര്യവുമില്ല, തൊട്ടാല്‍ കൈ വിറങ്ങലിച്ചുപോകും. നാലുപാടും നോക്കി. ചുറ്റിലുമുള്ള ഇലകളെ വിശ്വസിക്കാന്‍ തീരെ തോന്നിയില്ല. ഇട്ടിരുന്ന ജാക്കറ്റില്‍ കൈയിട്ടുനോക്കി. മൂന്നു ബസ് ടിക്കറ്റൂം ഒരു പത്തുരൂപാനോട്ടും രണ്ട് അഞ്ചുരൂപാനോട്ടുകളും സൈറ്റിലെ ചില കണക്കുകളെഴുതിവെച്ചിരുന്ന എട്ടായി മടക്കിയ ഒരു പായക്കടലാസ്സുമുണ്ട്. അക്കൂട്ടത്തില്‍ കടലാസ്സ് നഷ്ടപ്പെടുത്തിക്കൂടാത്തത്ര പ്രാധാന്യമുള്ളതാണെന്ന് ഞാന്‍ തീരുമാനിച്ചു........
ഒരു ദിവസത്തേയ്ക്ക് അന്തിയുറങ്ങാന്‍ ചെന്ന ഞാന്‍ രണ്ടു ദിവസം കഴിഞ്ഞാണ് മടങ്ങിയത്. ലളിതവും സ്വാദിഷ്ടവുമായ ജൈവാഹാരവും പാലും ലസ്സിയുമൊക്കെ കഴിച്ച്, പ്രകൃതിഭംഗി ആസ്വദിച്ച്, വേണ്ടുവോളം വിശ്രമിച്ച്, സുഖമായുറങ്ങി ആ വീട്ടുകാരുടെ ആതിഥ്യം ഞാന്‍ ആവോളം ആസ്വദിച്ചു. അവരുടെ വിടര്‍ന്ന ചിരിയില്‍ നിറഞ്ഞുനില്ക്കുന്ന സത്യസന്ധതയും ലാളിത്യവും സമാധാനവും സംതൃപ്തിയും അറിഞ്ഞു. ഈ ദുനിയാവിലെ കിടമത്സരങ്ങളിലും കുതികാല്വെട്ടിലുമൊന്നും ഭാഗമാകാതെ തന്നിലേയ്ക്കൊതുങ്ങി സ്വയംപര്യാപ്തരായി ജീവിക്കുന്ന ഒരു കുടുംബത്തേക്കണ്ട് ഏറെ സന്തോഷിച്ചു.
********************************************
ഈ കഥ ഓര്‍ക്കാന്‍ ചില കാരണങ്ങളുണ്ടായി.
ഒന്ന് - മാതൃഭൂമിയില്‍ കെ എല്‍ മോഹനവര്‍മ്മ പണത്തേപ്പറ്റി എഴുതിയ ഈ ലേഖനം
രണ്ട് - ഡിവിഡി വാങ്ങി വെച്ച് ഏറെക്കാലമായിട്ടും ഈയിടെ മാത്രം കണാന്‍ പറ്റിയ "മധ്യവേനല്‍" എന്ന സിനിമ
മൂന്ന് - ആഗോള സാമ്പത്തിക പ്രതിസന്ധിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍.
മോഹനവര്‍മ്മയുടെ ലേഖനത്തിലെ ചില വാചകങ്ങള്‍ മാത്രം ഇവിടെ ഉദ്ധരിക്കുന്നു. "എത്ര പെട്ടെന്നാണ് പണം നമ്മെ കീഴടക്കിയത്! ഇന്ന് പണവുമായി ബന്ധപ്പെട്ടല്ലാതെ നമുക്കു ഒന്നിനെയും, ഭൗതികതയെയും വൈകാരികതയെയും ആത്മീയതയേയും പോലും, കാണാന്‍ പറ്റുന്നില്ല". "രൂപയുടെ വില കുറയുന്നു. ഒപ്പം നമ്മുടെ ആഗ്രഹങ്ങള്‍ വര്‍ധിക്കുന്നു. അവ ആവശ്യങ്ങളായി മാറുന്നു". "കാരണം പിശുക്കിനെ നിലനിര്‍ത്തിയിരുന്ന ബാങ്കിങ് സിസ്റ്റം ഇന്ന് ഇല്ലാതായി". "പിശുക്ക് എന്ന സ്വഭാവവിശേഷത്തെ ഇല്ലാതാക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതി സൃഷ്ടിക്കാന്‍ ഈ ഓഹരി വിപണി നിയന്ത്രിക്കുന്ന ഒരു സാമ്പത്തികശക്തിക്കു കഴിയും എന്ന് (തകഴി എന്ന) പ്രവാചകനായ കഥാകാരന് നോവല്‍ വായിച്ചതിനുശേഷം പറയുകയുണ്ടായി". വളരേ ശരിയാണ് അദ്ദേഹം പറഞ്ഞ ഈ കാര്യങ്ങള്‍. മോഹനവര്‍മ്മ 'പിശുക്ക്' എന്ന വാക്കാണ് ഉപയോഗിച്ചതെങ്കിലും, സമ്പാദ്യശീലത്തിലൂന്നിയ, പണത്തിന്റെ മൂല്യത്തേപ്പറ്റി പൂര്‍ണ്ണ ബോധത്തോടെയുള്ള 'സാമ്പത്തിക അച്ചടക്കം' എന്ന നിലയിലാണ് അതിനെ കാണേണ്ടത്.
മധ്യവേനല്‍ എന്ന സിനിമയില്‍ തലമുറകള്‍ തമ്മിലുള്ള ആ വ്യത്യാസം വളരേ വ്യക്തമായും തീവ്രമായും വരച്ചിട്ടിരിക്കുന്നു. അധ്വാനിച്ച് പണമുണ്ടാക്കി കുടുംബത്തിന്റെ ദൈനംദിന ചിലവുകള്‍ നടത്താന്‍ കഷ്ടപ്പെടുന്ന അച്ഛനമ്മമാരുടേയും, സ്വകാര്യ ബാങ്കില്‍നിന്ന് ക്ഷണനേരംകൊണ്ടു കിട്ടിയ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ഉപഭോഗവസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ വ്യഗ്രതപ്പെടുന്ന മകളുടേയും സാമ്പത്തികവീക്ഷണങ്ങള്‍ തമ്മില്‍ ദൈനംദിനം വര്‍ദ്ധിച്ചുവരുന്ന അന്തരം വളരേ ഭംഗിയായി ആ ചിത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഉപഭോഗമനോഭാവം സമൂഹത്തേയും, രാഷ്ട്രീയത്തേയും, വ്യവസായരംഗത്തേയും, സ്വാതന്ത്ര്യത്തേയും വ്യക്തിബന്ധങ്ങളേയും എങ്ങിനെ ക്രമേണ അടിമപ്പെടുത്തുന്നു എന്നതിനുള്ള സൂചനകള്‍ ആ ചിത്രത്തില്‍നിന്ന് നമുക്കു ലഭിക്കുന്നു.
ഇത്തരം സമ്പത്തിക അരാജകത്വം വ്യക്തികളില്‍നിന്ന് വ്യവസായസ്ഥാപനങ്ങളിലേയ്ക്കും ഭരണകൂടങ്ങളിലേയ്ക്കും വ്യാപിച്ചതാണ് അമേരിക്കയിലേയും യൂറോപ്പിലേയും രാജ്യങ്ങളിലെ മാന്ദ്യത്തിനു കാരണം. കടം വാങ്ങാതെ നിത്യച്ചിലവുകള്‍ നടത്താനാകാത്ത സര്‍ക്കാരുകളും പണം തിരിച്ചുപിടിക്കാന്‍ പൊരുതുന്ന ധനകാര്യസ്ഥാപനങ്ങളും തമ്മിലുള്ള അവിഹിതബന്ധം പുറത്തായത് ഇറ്റലിയിലേയും ഗ്രീസിലേയും പ്രധാനമന്ത്രിമാരുടെ നിയമനത്തോടെയാണ്. ഇറ്റലിയിലെ മരിയോ മോണ്ടിയും ഗ്രീസിലെ ലൂകാസ് പാപഡെമോസും മുന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അധികാരികളും, ഒരൊറ്റ തിരഞ്ഞെടുപ്പില്പോലൂം പങ്കെടുക്കാത്തവരുമാണ്. സാധാരണക്കാരന്റെ അവകാശങ്ങള്‍ വെട്ടിക്കുറച്ചും നികുതിഭാരം വര്‍ദ്ധിപ്പിച്ചും ആഗോള ധനകാര്യ കുത്തകസ്ഥാപനങ്ങള്‍ക്ക് പണം പിരിച്ചുകൊടുക്കുക എന്നതാണ് പ്രതിസന്ധിയിലകപ്പെട്ട രാജ്യങ്ങളിലെ ഭരണാധികാരികളുടെ നിയോഗം. ജനാധിപത്യം ധനികാതിപത്യത്തിനു(plutocracy) വഴിമാറുന്നതും സാധാരണ പൌരന്മാര് തെരുവിലിറങ്ങി അവര്‍ക്കെതിരെ പോരാടുന്നതുമായ കാഴ്ചകളാണ് ഇന്ന് 'വികസിത' രാജ്യങ്ങളില്‍ പലയിടത്തും കാണാവുന്നത്.
പക്ഷേ ലോകത്ത് എന്തു സംഭവിച്ചാലും ഓംപ്രകാശ്ജിയും അദ്ദേഹത്തിന്റെ കൂട്ടുകുടുംബവും സ്വസ്ഥമായിരിക്കും. അവര്‍ക്ക് വിപണിയുടെ ഉല്പന്നങ്ങളോ, ധനകാര്യസ്ഥാപനങ്ങള്‍ വെച്ചുനീട്ടുന്ന പണമോ, ഭരണകൂടത്തിന്റെ ഔദാര്യമോ ആവശ്യമില്ല. ആ ആളുകേറാമലയിലുള്ള അവരുടെ ഭൂമിയില്‍ കൃഷിചെയ്ത് സുഭിക്ഷമായി, സുരക്ഷിതരായി, സമാധാനത്തോടെ അവര്‍ ജീവിക്കും. ബൈബിളില്‍ പറഞ്ഞത് ശരിയാണ്. വിതച്ചവന് കൊയ്യും. വിധേയന് ഭൂമിയുടെ അവകാശിയാകും (Meek shall inherit the earth)
എനിക്കറിയുന്ന കൊച്ചു കാര്യങ്ങള്‍ എഴുതാനായി ഒരു ബ്ലോഗ് . ക്രിക്കെറ്റിലെ വാലറ്റക്കാരനെപ്പോലെ ഉത്തരവാദിത്വമോ പഴിയോ ഇല്ലാത്ത, എന്നാല്‍ വെറും കാഴ്ചക്കാരനെക്കാള് കാര്യങ്ങള്‍ അല്പം അടുത്തറിയുന്ന, കളിയില്‍ യാതൊരു സ്വധീനവുമില്ലാത്ത ഒരുവന്റെ ഒറ്റപ്പെട്ട ചിന്തകള്‍.
എന്റെ ശബ്ദലേഖനപരീക്ഷണങ്ങള്‍ ഇവിടെ - എന്നെ എന്റെ പാട്ടിന്.....
While you are here, why not check out my English blog?
While you are here, why not check out my English blog?
Saturday, December 3, 2011
Thursday, November 24, 2011
പിഴക്കഥ, ഒരു പഴങ്കഥ
രാവിലെ സൈറ്റിലെ ജോലിയില്‍ മുഴുകിയിരിക്കുമ്പോഴാണ് ഓഫീസില്‍നിന്നു ഫോണ്‍ വന്നത്. ഞാന്‍ സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ ചെല്ലണമത്രേ! എന്താണ് കാര്യമെന്നു തിരക്കിയപ്പോള്‍ "താന്‍ ബൈക്ക് ഓടിക്കുമ്പോള്‍ തലയില്‍ ഹെല്‍മെറ്റ് ഉണ്ടായിരുന്നില്ല. എസ്എച്ച്ഓ കൈകാട്ടി നിറുത്താന്‍ ആവശ്യപ്പെട്ടിട്ടും നിറുത്തിയില്ല. അതുകൊണ്ട് അദ്ദേഹം അങ്ങോട്ടുചെന്നു കാണാന്‍ പറഞ്ഞു" എന്ന മറൂപടി കിട്ടി.
ഈ കഥ ഈയടുത്തകാലത്തൊന്നും നടന്നതല്ല - കൃത്യമായി പറഞ്ഞാല്‍ 1994ല്‍. സ്ഥലം ഹിമാചല്‍ പ്രദേശിലെ "ഖൈരി" എന്ന ഓണംകേറാമൂല. ചുറ്റുമുള്ള പര്‍വ്വതനിരകള്‍ക്കിടയില്‍ പാതാളം പോലെ കിടക്കുന്ന ഒരു താഴ്വാരം. ഭാരതസര്‍ക്കാരിന്റെ ജലവൈദ്യുതപദ്ധതി വരുന്നതിനുമുന്പ് ആ ഭാഗത്തെങ്ങും ആള്‍ത്താമസം പോലുമില്ലായിരുന്നു. പദ്ധതി വന്നതിനുശേഷമാണ് ആ പടുകുഴിയിലേയ്ക്കുള്ള റോഡുപോലും വന്നത്. ഞാന്‍ ചെല്ലുമ്പോഴും പദ്ധതിയില്‍ ജോലിചെയ്യുന്നവരും വിരലിലെണ്ണാവുന്നത്ര കച്ചവടക്കാരും ഒഴികെ ആ പ്രദേശത്ത് ആരും താമസമില്ല. അതുകൊണ്ടുതന്നെ അവിടെയൊരു പോലീസ് സ്റ്റേഷന് പോയിട്ട് ഒരു കംഫര്‍ട്ട് സ്റ്റേഷന് പോലും ഉണ്ടെന്നു ഞാന്‍ വിചാരിച്ചില്ല. ഇങ്ങനൊരു കക്ഷി കൈ കാണിച്ചത് ഞാനൊട്ടു കണ്ടുമില്ല. പിന്നെ, പ്രശ്നം എന്താണെന്ന്? ഹെല്‍മെറ്റ് വച്ചേ വണ്ടിയോടിക്കാവൂ എന്നോ! ഞാന്‍ അതിനുമുമ്പ് നാട്ടിലും ഗോവയിലും ബോംബേയിലും (അന്ന് അങ്ങനെയായിരുന്നു പേര്) ഹെല്‍മെറ്റ് ഇല്ലാതെയാണ് ബൈക്ക് ഓടിച്ചിട്ടുള്ളത്, പോലീസുകാര്‍ കാണ്‍കെ തന്നെ. ഇതെന്തൂട്ട് വിചിത്രമായ നാട്!
പോലീസെന്നു കേട്ടപ്പോഴേ ഫേവര്‍ ലൂബാ ടൈം പീസിന്റെ അലാറം അടിക്കുന്നതുപോലെ മുട്ടുകൂട്ടിയിടിക്കാന്‍ തുടങ്ങി. വെറുതേയല്ല. കെപിഎസ് ഗില്‍ പഞ്ചാബില്‍ ഭീകരവാദികളേയും അതുമായി ബന്ധമുണ്ടെന്നു കരുതുന്നവരേയും തലങ്ങും വിലങ്ങും കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന കാലം. അതിന്റെ ഫലമായി ഭീകരവാദികളെല്ലാം നാലുപാടും നെട്ടോട്ടമോടിത്തുടങ്ങിയതുകൊണ്ട് ഹിമാചല്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസുകാര്‍ക്ക് കണക്കറ്റ അധികാരങ്ങളുണ്ടായിരുന്നു. ഹിമാചലിലേയ്ക്കു വണ്ടി കയറുമ്പോഴേ വിവരമുള്ളവര്‍ നല്ലപോലെ പറഞ്ഞുതന്നിരുന്നു - അവിടെ പോലീസുകാരോട് വളരേ ബഹുമാനത്തോടെയും വിനയത്തോടെയും പെരുമാറിക്കൊള്ളണം, അവരറിയാതെ ഒന്നനങ്ങിയാല്‍ പോലും ചുട്ടുകളയുമെന്ന്. ഇതിപ്പോള്‍ അങ്ങോട്ടു വിളിപ്പിച്ചിരിക്കുകയാണ്. വീട്ടില്‍ വിളിച്ചൊന്ന് 'ഗുഡ് ബൈ' പറയാന്‍ പോലും പറ്റില്ല - അതിന് ട്രങ്ക് കാള്‍ ബുക്ക് ചെയ്ത് നാലുമണിക്കൂര്‍ കാത്തിരിക്കണം.
നേരെ ആദ്യം ഓഫീസിലേയ്ക്കുതന്നെ ചെന്നു പേര്സന്നെല് മാനേജറെ കണ്ടു. വിവരം കേട്ട് പുള്ളി ഒന്നുറക്കെ ചിരിച്ചു. SHO സ്വന്തം ആളാണെന്നും ചെന്നു കണ്ടെന്നുകരുതി ഒരു കുഴപ്പവും വരില്ലെന്നും പുള്ളി ഉറപ്പുതന്നു. ഇനി എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ വീണ്ടും വന്നു കാണാനും പറഞ്ഞു.
ആകെ വെപ്രാളപ്പെട്ട് സ്റ്റേഷനിലേയ്ക്കു ചെന്നു. ഭയപ്പെട്ടതുപോലെ നടയടിയും പടിയടിയുമൊന്നും ഉണ്ടായില്ല. ഒരു ഭീമാകാരനായ കഷണ്ടിത്തലയനായിരുന്നു SHO (എന്റെ ആകാരവുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ തടിയന്മാരും ഭീമന്മാര് തന്നെ). രാവിലെ ഒമ്പതരയേ ആയിരുന്നുള്ളൂവെങ്കിലും ആ ഓഫീസ് മുറിയില്‍ മദ്യത്തിന്റെ ഗന്ധം തളംകെട്ടി നില്ക്കുന്നുണ്ടായിരുന്നു.
എന്റെ നേരേയുള്ള ആരോപണം പഞ്ചാബി ഉച്ചാരണശൈലിയുള്ള ഹിന്ദിയില്‍ അദ്ദേഹം ആവര്‍ത്തിച്ചു. ഞാന്‍ ഇതുവരെ ജീവിച്ചിരുന്നയിടത്തൊന്നും ഇത്തരമൊരു നിയമം നിലവിലില്ലെന്നും, ഇവിടെ ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും, അദ്ദേഹം കൈകാണിച്ചു നിറുത്താന്‍ പറഞ്ഞതു കണ്ടില്ലെന്നും ഞാന്‍ ബോധിപ്പിച്ചു. ഇനി മുതല്‍ ഹെല്‍മെറ്റ് ഇട്ടേ വണ്ടിയോടിക്കൂ എന്നും ഇത്തവണത്തേയ്ക്ക് മാപ്പാക്കണമെന്നും പറഞ്ഞു. "ആബ് തോ നീ ഹോഗ്ഗാ. മേ ണെ ച്ലാന് ബ്നാ ദിയാ. ആപ് കൊ ജര്മാന്നാ പാര്നാ പ്ടേഗ്ഗാ"(ഇനി അതു സാധ്യമല്ല. ഞാന്‍ ചീട്ടെഴുതിക്കഴിഞ്ഞു. താങ്കള്‍ പിഴയടച്ചേ മതിയാകൂ).
തിരുവായ്ക്കെതിര്‍വായില്ല. SHO പിഴച്ചീട്ടിന്റെ കാര്‍ബണ്‍ കോപ്പി എന്റെ കയ്യില്‍ തന്നു. അമ്പതുരൂപയാണ് പിഴ. പിഴയടയ്ക്കാന്‍ പോക്കറ്റില്‍നിന്ന് പേഴ്സെടുത്തപ്പോഴാണ് പ്രശ്നത്തിന്റെ ഗൌരവം മനസ്സിലായത്.
പിഴയൊടുക്കാന്‍ കോടതിയില്‍ പോകണം. കോടതി അടുത്തെങ്ങുമല്ല, അങ്ങു ദൂരെ ചമ്പയില്‍ . ഖൈരിയില്‍ നിന്ന് ചമ്പയിലേയ്ക്ക് രാവിലെ എട്ടുമണിയ്ക്കും വൈകീട്ട് ആറുമണിയ്ക്കും മാത്രമേ ബസ്സുള്ളൂ. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് ഖൈരിയില്നിന്ന് ചമ്പ-പഠാന്‍കോട്ട് റോഡിലുള്ള ബനിഖേത് എന്നയിടത്തേയ്ക്ക് ബസ്സുണ്ട്. ബനിഖേത്തില്നിന്ന് ചമ്പയിലേയ്ക്ക് ഓരോ അര മണിക്കൂറിലും ബസ്സുണ്ട്. അതുകൊണ്ട് ഒരു ദിവസം ഉച്ചയ്ക്ക് ബനിഖേത് വഴി ചമ്പയ്ക്കു പോയി, നാലുമണിയ്ക്ക് ചമ്പയില്നിന്നു പുറപ്പെട്ട് ആറുമണിയ്ക്ക് ഖൈരിയിലെത്തുന്ന ബസ്സില്‍ തിരിച്ചെത്താമെന്ന് പ്ലാന്‍ ചെയ്തു.
അങ്ങനെ ഒരു വെള്ളിയാഴ്ച മൂന്നുമണിക്ക് ചമ്പയിലെ കോടതിയിലെത്തി. ഏതാണ്ട് അമ്പതോളം ആളുകളുണ്ടായിരുന്നു, കോടതിവളപ്പില്‍. നാലുമണിയ്ക്ക് കോടതിയടയ്ക്കും. അതിനകം എന്റെ കേസെടുക്കുമോ എന്നൊരു സംശയമുണ്ടായിരുന്നെങ്കിലും പതിനഞ്ചുമിനിട്ടിനുള്ളില്‍ പതിനഞ്ചുപേരുടെ കേസ് വിധിയായപ്പോള്‍ ഞാന്‍ ആശ്വസിച്ചു.
ആ ആശ്വാസത്തിന് അധികം ആയുസ്സുണ്ടായില്ല. മൂന്ന് നാല്പതിന് കോടതി പിരിഞ്ഞതായി പ്രഖ്യാപിച്ച് ജഡ്ജിയേമ്മാന്‍ കസേരയും വിട്ടൊരു പോക്കങ്ങു പോയി. കുറച്ചുനേരം അവിടെ ചുറ്റിപ്പരുങ്ങി നിന്നെങ്കിലും നിന്നിട്ടു കാര്യമില്ലെന്ന് മനസ്സിലായി. അന്നത്തെ വരവ് നായ(രു്) ചന്തയ്ക്കുപോയ പോലായി. അങ്ങനെ ഇളിഭ്യനായി,വിഷണ്ണനായി, ഏകാന്തനായി, നാലുമണിയുടെ ബസ്സ് പിടിക്കാന്‍ തിരികെ ബസ് സ്റ്റാന്റിലേയ്ക്ക് പതുക്കെ നടന്നു.
നല്ല തണുപ്പുള്ള കാറ്റ് വീശുന്നുണ്ടായിരുന്നു. ഒരു കണക്കിന് പരുങ്ങിപ്പരുങ്ങി 3:55ന് ബസ് സ്റ്റാന്റിലെത്തി. നാലുമണികഴിഞ്ഞിട്ടും ബസ്സുകാണുന്നില്ല! അവിടെ ചടഞ്ഞിരുന്ന് ബീഡി വലിക്കുന്ന ഒരു നാട്ടുകാരനോടു ചോദിച്ചപ്പോഴാണ് അറിഞ്ഞത്, 3:50നുതന്നെ ബസ്സ് സ്ഥലം വിട്ടെന്ന്. സര്‍ക്കാര്‍ ബസ്സിന് ഡ്രൈവര്‍ക്ക് നിശ്ചയിക്കുന്നതാണത്രേ സമയം!
ഞാന്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. 'സുണ്ഡ്ല' വഴി പോകുന്ന ഒരു സ്വകാര്യ ബസ്സ് അപ്പോള്‍ പോകാന്‍ തയ്യാറെടുത്തുനില്‍ക്കുകയായിരുന്നു. എനിക്കു മിസ്സായ ബസ്സ് സുണ്ഡ്ലയില്‍ പതിനഞ്ചുമിനിട്ടോളം നിറുത്തിയിടാറുണ്ടെന്ന് അതിനുമുമ്പുനടത്തിയ ഒരു യാത്രയില്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു. ഈ ബസ്സില്‍ കയറി സുണ്ഡ്ലയില്‍ എത്തുമ്പൊഴേയ്ക്ക് ആ ബസ്സ് വിട്ടിട്ടില്ലെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു. അതൊന്നു പരീക്ഷിച്ചുകളയാം എന്നുതന്നെ തീരുമാനിച്ചു. വേറെ വഴിയില്ല. ഹോട്ടലില്‍ താമസിക്കാനുള്ള കാശൊന്നും കയ്യില്‍ കരുതിയിരുന്നില്ല.
എനിക്കു ധൃതിയുണ്ടായിരുന്നതുകൊണ്ടായിരിക്കാം, ആ ബസ്സ് വളരേ പതുക്കെയാണ് പോയ്ക്കൊണ്ടിരുന്നത്. വണ്ടി വേഗം ഓടിക്കണം എന്നതിനേക്കാള്‍ കാത്തുനില്ക്കുന്ന ആരെയും വിട്ടുപോകാതെ നോക്കണം എന്നതായിരുന്നു ഡ്രൈവറുടേയും 'കിളി'കളുടേയും നയം എന്നു തോന്നി. ഓരോ സ്റ്റോപ്പിലും മലയുടെ മുകളിലേയ്ക്കും താഴേയ്ക്കും നോക്കി ആരും വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമേ അവര്‍ വണ്ടി വിടുന്നുണ്ടായിരുന്നുള്ളൂ. ഞാനാണെങ്കില്‍ ബസ്സു വേഗം പോകാനായി മുന്നിലെ സീറ്റ് അക്ഷമയോടെ തള്ളിക്കൊണ്ടിരിക്കുകയായിരുന്നു (എന്തൊരു ബുദ്ധി!). ബസ്സിലെ ചടാക്കു സ്പീക്കറില്‍ക്കൂടി കാറിയലറിയിരുന്ന പൊറാട്ട് ഹിന്ദി സിനിമാപ്പാട്ടുകൂടിയായപ്പോള് എത്രയും പെട്ടന്ന് സുണ്ഡ്ല വരെ ഒന്നെത്തിക്കിട്ടിയാല്‍ മതിയായിരുന്നു എന്നായി.
സുണ്ഡ്ലയില്‍ എത്താറായപ്പോള്‍ ആകെ ആകാംക്ഷയായി. ചെല്ലുമ്പോള്‍ ഖൈരി ബസ്സ് അവിടെ ഉണ്ടാകുമോ? ജസ്റ്റ് മിസ്സാകുമോ? തണുപ്പത്ത് ബസ്സിനുപിന്നാലെ ഓടിച്ചാടിക്കയറേണ്ടിവരുമോ?
അധികം താമസിയാതെ അക്കാര്യത്തില്‍ തീരുമാനമായി. എന്റെ ബസ്സ് സുണ്ഡ്ലയിലേയ്ക്കുള്ള വളവു തിരിഞ്ഞ ഉടന്‍ ഖൈരി ബസ് എതിരേനിന്നു വരുന്നതു കണ്ടു. യാതൊരു മൈന്‍ഡും ഇല്ലാതെ അത് കടന്നുപോകുന്നതും ഖൈരി റോഡിലേയ്ക്ക് തിരിയുന്നതും ഞാന്‍ നിസ്സഹായനായി ബസ്സിലിരുന്നു നോക്കി.
സുണ്ഡ്ല! ബസ്സിറങ്ങി നാലുപാടുമൊന്നു നോക്കി. ഒരു പലചരക്കുകട, ഒരു ഢാബ (ചായക്കട), ഒരു തയ്യല്‍ക്കട, ഒരു ബാര്‍ബര്‍ഷാപ്പ്. ഇത്രയുമാണ് സുണ്ഡ്ല 'ജങ്ക്ഷനില്‍' ഉള്ളത്. താമസിക്കാന്‍ ഹോട്ടലോ സത്രമോ ഇല്ലെന്നര്‍ത്ഥം. മുടിഞ്ഞ തണുപ്പായതുകൊണ്ട് കടത്തിണ്ണയില്‍ കിടക്കാനും പറ്റില്ല. ഢാബയില്‍ ചോദിച്ചപ്പോള്‍ ഇനി ആ ദിവസം അവിടന്ന് തിരികെ ചമ്പയ്ക്ക് ബസ്സില്ലെന്നും അറിവായി.
പഷ്ട്. 'വഴിയാധാരമാ'കുന്നതാണ് നാട്ടിലെ ഏറ്റവും ദൈന്യതയാര്‍ന്ന സ്ഥിതിയെങ്കില്‍ ഇവിടെ വഴി പോലും ആധാരമാകില്ല. ആ കൊടും തണുപ്പിലും കാറ്റിലും ഒരു മണിക്കൂറിലധികം ജീവിച്ചിരിക്കാന്‍ ബുദ്ധിമുട്ടാണ്. ഒരിടത്തു പെടുകയാണെങ്കില്‍ ഇങ്ങനെതന്നെ പെടണം. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലാത്ത വിധത്തില്‍.
(തുടരും)

Thursday, October 20, 2011
ശ്രീപത്മനാഭന്റെ പണ്ടവും വിദേശ ബാങ്കിലെ കോടിയും
അഭ്യസ്ഥവിദ്യനും അവിവാഹിതനും തൊഴില്‍രഹിതനുമായ ഞാന്‍ , ചന്തയിലെ ഹോട്ടലുകാരന്റെ ഏറുകൊണ്ട തെണ്ടിപ്പട്ടിയേപ്പോലെ കാലിന്നിടയില്‍ വാലും തിരുകി നമ്രശിരസ്കനായി ഒതുങ്ങിപ്പരുങ്ങി, കാര്‍ന്നോമ്മാരുടെ ചിലവില്‍ ജീവിക്കുന്ന കാലത്താണ് എന്റെ അനിയന്റെ കല്യാണം നടക്കുന്നത്. അനിയന് അക്കാലത്ത് വലിയ പഠിപ്പൊക്കെക്കഴിഞ്ഞ് അമേരിക്കയില്‍ റൊമ്പ പെരിയ ജോലിക്കാരനൊക്കെയായിക്കഴിഞ്ഞിരുന്നതുകൊണ്ട് അവന് സ്വന്തമായിട്ടൊരു പെണ്ണിനേയൊക്കെ പ്രേമിക്കാനും വീട്ടുകാരുടെയെല്ലാം സമ്മതത്തോടെ കല്യാണം വരെ തരപ്പെടുത്തിയെടുക്കാനും കഴിഞ്ഞു. ജോലിയും കൂലിയും ആരോഗ്യവുമില്ലാത്ത ഈ വാലറ്റക്കാരന് വഴിമുടക്കാതെ സൈഡൊതുങ്ങിക്കൊടുത്തതിന്റെ സന്തോഷത്തിന് എനിക്കായി അവന് അമേരിക്കയില്‍നിന്ന് "ലീ"യുടെ ജീന്‍സും ഡെനിം ജാക്കറ്റും, അഡീഡസിന്റെ ഷൂസും, മാറത്തു വലിയൊരു ടിക്മാര്ക്കുള്ള നൈക്കിയുടെ ടി-ഷര്‍ട്ടും കൊണ്ടുവന്നിരുന്നു. ഇതിനൊക്കെ മാച്ചാകുന്ന വിധത്തില്‍ വെളിച്ചത്തിറങ്ങിയാല്‍ കറുക്കുന്ന ഒരു കണ്ണടയും ഞാന്‍ സ്വന്തം നിലയ്ക്ക് സംഘടിപ്പിച്ചു. ഈ വേഷവിധാനങ്ങളോടെ കല്യാണബസ്സില് നിന്ന് ആദ്യം ഇറങ്ങിവന്ന എന്നെക്കണ്ട് ഞങ്ങളേക്കാള്‍ മുമ്പ് മുംബൈയില്‍നിന്ന് നേരിട്ട് കല്യാണപ്പന്തലിലെത്തിയ എന്റെ ചേട്ടന് ഒരു പാട്ടു പാടി "എനിക്കുണ്ടേലെന്താ എനിക്കില്ലേലെന്താ എന്റെ ഭര്‍ത്താവു ഗള്‍ഫിലല്ലേ". ഏറ്റ പണിയായിപ്പോയി അത്! ഏതെങ്കിലും മിമിക്രി കാസറ്റില്‍നിന്ന് അടിച്ചുമാറ്റിയതാവാനേ വഴിയുള്ളൂ, സ്വന്തമായി അത്രയ്ക്ക് രചനാപാടവമൊന്നും പുള്ളിക്കില്ല.
അടുത്തകാലത്തായി നമ്മുടെ നാട്ടിലെ ബുദ്ധിജീവിപ്രമാണികള് കാട്ടിക്കൂട്ടുന്ന ചില മസ്തിഷ്കവ്യായാമങ്ങള്‍ കാണുമ്പോള്‍ ഈ സംഭവമാണ് ഒര്‍മ്മവരുന്നത്. സ്വിസ് ബാങ്കില്‍ കശ്മലന്മാര് ഒളിപ്പിച്ചുവെച്ചിരിക്കുന്ന കോടിയെല്ലാം പിടിച്ചെടുത്തുടുപ്പിച്ച്, ശ്രീപത്മനാഭന്റെ നിലവറയില്‍ കുഴിച്ചിട്ടിരിക്കുന്ന പണ്ടമെല്ലാമെടുത്തണിയിച്ച് ഇന്ത്യാമഹാരാജ്യത്തെ മൊത്തം മനോമോഹനമാക്കാനുള്ള പുറപ്പാടിലാണ് മഹാനുഭാവന്മാര് എല്ലാം. അല്ലെങ്കില്‍ത്തന്നെ വല്ലവന്റേയും പണം എങ്ങനെയാണ് ചിലവാക്കേണ്ടത് എന്നതിനേപ്പറ്റി അഭിപ്രായമില്ലാത്തവരുണ്ടോ! തരം കിട്ടിയാല്‍ മുകേഷ് അംബാനിയേയും ബില്‍ ഗേറ്റ്സിനേയും വരെ ഉപദേശിക്കാന്‍ ശിഷ്ടബുദ്ധിയുള്ള മഹാത്മാക്കള്‍ തയ്യാര്‍.
പണ്ടമെല്ലാം വിറ്റുകാശാക്കി പാവങ്ങളെ അപ്പാടെ ഉദ്ധരിക്കണമെന്നാണ് ഒരു പഴയ ജഡ്ജിയേമ്മാന്‍ പറയുന്നത്. സ്വന്തം സ്വത്തില്‍ സര്‍ക്കാരിന്റെ കൈ വീഴാതിരിക്കാന്‍ അതെല്ലാം ട്രസ്റ്റാക്കിയ ടീയാന് വലിയ ഉപദേശമൊന്നും തരേണ്ടെന്ന് ഹിന്ദുക്കളുടെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്ന രാഷ്ട്രീയക്കാരന്റെ മറുമൊഴി. ആദ്യം ദ്രവ്യം എത്രയുണ്ടെന്ന് കണക്കാക്കട്ടെ, അതെന്തു ചെയ്യണമെന്ന് പിന്നെ നോക്കാമെന്ന് ഇപ്പോഴത്തെ പരമോന്നത ജഡ്ജിയേമാന്മാര്. ജഡ്ജിമാരു പറഞ്ഞത് അവിടിരിക്കട്ടെ, ദൈവത്തിനെന്താണ് പറയാനുള്ളതെന്ന് കേള്‍ക്കട്ടേയെന്ന് മഹാരാജാവുതിരുമനസ്സ്. മഹാരാജാവു വെറും സാധാരണക്കാരനാണെന്നും രാജഭരണത്തിന്റേയും പ്രിവി പഴ്സിന്റേയും കാലമൊക്കെ പണ്ടേ കഴിഞ്ഞെന്നും എതിര്‍വായില്ലാത്ത ഒരു തിരുവായ്. കുടത്തിനു പുറത്തുചാടിയ ജിന്നിനെ തിരിച്ചു കുടത്തിലാക്കി അടച്ച്, കേരളാ പോലീസിനെ ആ അടപ്പിനു മുകളില്‍ കാവലിരുത്തുമെന്ന് കുഞ്ഞൂഞ്ഞു തമ്പുരാന് . ഹോ! എന്തെല്ലാം കാഴ്ചകള്‍! ഈ ഓണക്കാലത്ത് മിമിക്രിക്കോമാളികള് പുറത്തിറക്കിയ വളിപ്പിനേക്കാള് എത്രയോ മടങ്ങ് ഹാസ്യാത്മകമായ സംഭവങ്ങളാണ് ചുമ്മാ ന്യൂസ് ചാനല്‍ തുറന്നുവെച്ചപ്പോള്‍ കണ്ടത്!
ഇതുപോലെത്തന്നെ വിചിത്രമാണ് ഇന്ത്യക്കാര്‍ വിദേശത്ത് ഒളിപ്പിച്ചുവെച്ചിരിക്കുന്നു എന്നു പറയുന്ന കള്ളപ്പണത്തിന്റെ കഥയും. വിദേശബാങ്കുകളിലുള്ള രഹസ്യനിക്ഷേപങ്ങളേക്കുറിച്ച് കേന്ദ്രസര്‍ക്കാറിന് ചില വിവരമൊക്കെയുണ്ടെന്നും ഇക്കാര്യം അറിഞ്ഞിട്ടും അവര്‍ക്കെതിരെ നടപടികളൊന്നും എടുത്തില്ലെന്നും കേട്ട് ചില മാന്യന്മാര് സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ കേസുകൊടുത്തിരിക്കുന്നു! സംഗതി ചില്ലറക്കാശിന്റെ പ്രശ്നമല്ല. ഹിന്ദി സിനിമക്കാരുടെ കണക്കനുസരിച്ച് 32,000 കോടി രൂപയ്ക്ക് തുല്യമായ തുക സ്വിസ് ബാങ്കില്‍ കാറ്റും വെളിച്ചവും കടക്കാത്ത ഇരുട്ടറയില്ക്കിടന്നു ശ്വാസം മുട്ടുന്നുണ്ടുപോലും (സംശയമുള്ളവര്‍ knockout എന്ന ഹിന്ദി സിനിമ കണ്ടാല്‍ മതി - യൂട്യൂബിലുണ്ട്). സര്‍ക്കാര്‍ ഒന്നുത്സാഹിച്ചാല്‍ ബാങ്കില്‍നിന്ന് ആ പണത്തിനും, ദാരിദ്ര്യത്തില്‍നിന്ന് പട്ടിണിപ്പാവങ്ങള്‍ക്കും മോചനം കിട്ടുമത്രേ. പക്ഷേ എന്തുവന്നാലും നമ്മുടെ നാണംകുണുങ്ങിയായ മനോമോഹന സിംഹം കാല്‍നഖം കൊണ്ടൊരു വര വരയ്ക്കുന്നതല്ലാതെ ഒരക്ഷരം മിണ്ടുന്നില്ല.
വാലറ്റക്കാരന്റെ ഗതകാലത്തേതുപോലെ ഗതികെട്ട നിലയിലൊന്നുമല്ല ഇന്ത്യാമഹാരാജ്യം എന്നാണ് കേള്‍വി. ഏതാണ്ട് പത്തുകൊല്ലം മുമ്പുതന്നെ ഇന്ത്യ തിളങ്ങാന്‍ തുടങ്ങിയതാണല്ലോ. ഇപ്പോള്‍ അതിനേക്കാളൊക്കെ പുരോഗമിച്ച് ശതകോടികള്‍ ബോണസ്സായി കൈപ്പറ്റൂന്ന വ്യവസായികളുടെ നാടായെന്നൊക്കെയാണ് പത്രക്കാര് പറയുന്നത്. മുന്‍കൂര്‍ നികുതിയടച്ച സിനിമാക്കാരുടേയും മറ്റൂ മുതലാളിമാരുടേയും വാര്‍ത്തകള്‍ പതിവായി മാധ്യമങ്ങളില്‍ കാണാറുണ്ടുതാനും. അപ്പോള്‍ നികുതിവരുമാനത്തിന് ബുദ്ധിമുട്ടുള്ള ഒരു ഭരണകൂടമല്ല ഇന്ത്യയിലുള്ളതെന്ന് ഏതാണ്ടുറപ്പിക്കാം. എന്നിട്ടും ഈ വരുമാനത്തിനൊത്ത സമൂഹക്ഷേമപരിപാടികള് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നോ അല്ലെങ്കില്‍ അത്തരം പരിപാടികള്‍ താഴേക്കിടയിലുള്ള പൌരന്മാരിലേയ്ക്കെത്തിയിട്ടില്ലെന്നോ വേണം മേല്‍പ്പറഞ്ഞ ബുദ്ധിജീവികളുടെ ഉദ്ധാരണോദ്യമങ്ങളില്നിന്ന് അനുമാനിക്കാന്‍.
അതെന്തുമാകട്ടെ, ഇപ്പോഴുള്ളതില്‍ക്കൂടുതല്‍ പണം ഇത്തരം സല്ക്കര്മ്മങ്ങള്ക്ക് വിനിയോഗിക്കാനുണ്ടാകുമെങ്കില് അതത്രയും നല്ലതല്ലേ, ഈ വാലറ്റക്കാരന് എന്താണിത്ര പ്രശ്നം എന്നൊരു ചോദ്യം സ്വാഭാവികമായി ചോദിക്കാം. പ്രശ്നം മറ്റൊന്നുമല്ല, ദരിദ്രരുടെ ഉദ്ധാരണം കറന്‍സിയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതുകൊണ്ടുമാത്രം സംഭവിക്കില്ല. എന്നുമാത്രമല്ല, സംബദ്വ്യവസ്ഥയില്‍ പണത്തിന്റെ ലഭ്യത കൂടുന്തോറും വിലക്കയറ്റം പതിന്മടങ്ങ് രൂക്ഷമാകുകയും വിലക്കയറ്റത്തിനനുസരിച്ച് വേതനം വര്ദ്ധിപ്പിക്കാനുംമാത്രം വ്യവസ്ഥിതിയില്‍ സ്വാധീനമില്ലാത്ത ദരിദ്രര്‍ കൂടുതല്‍ കഷ്ടപ്പെടുകയും ചെയ്യും.
പണം എന്നത് ഭരണവര്‍ഗ്ഗത്തിന് യധേഷ്ടം സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്ന ഒന്നാണ് - അവര്‍ അത് മുറയ്ക്ക് ചെയ്യുന്നുമുണ്ട്. ഭരണകൂടങ്ങള്‍ മാത്രമല്ല, വായുവില്‍നിന്ന് പണം സൃഷ്ടിക്കുന്നത് - പ്രമുഖ വ്യവസായികള്‍, ബാങ്കുകള്‍, പണത്തിന്റേയും ഓഹരികളുടേയും ഇന്‍ഷൂറന്‍സിന്റേയും ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ തുടങ്ങി സംബദ്വ്യവസ്ഥയുടെ ഉപരിമണ്ഡലങ്ങളില്‍ വര്‍ത്തിക്കുന്ന പലരും അതു ചെയ്യുന്നുണ്ട്. വിശ്വാസം വരുന്നില്ലേ? നിങ്ങള്‍ക്ക് രണ്ടുമണിക്കൂര്‍ സമയം നീക്കിവെയ്ക്കാനാകുമെങ്കില് "ഇന്‍സൈഡ് ജോബ്" എന്ന ഡോക്യുമെന്ററി സിനിമ ഒന്നു കണ്ടുനോക്കൂ. ലോകത്തിലെ ഏറ്റവും ശക്തമായ ഭരണകൂടം എന്നറിയപ്പെടുന്ന അമേരിക്കന്‍ സര്‍ക്കാരിനുപോലും നിയന്ത്രിക്കാനാകാത്ത വിധം അവിടുത്തെ വന്‍കിട വ്യവസായികള്‍ എങ്ങനെ ഇല്ലാത്ത പണം കണക്കിലെഴുതിച്ചേര്ക്കുന്നുവെന്ന് മനസ്സിലാകും.
അങ്ങനെയാണെങ്കിലും പണത്തിന് മൂല്യമുണ്ടെന്ന് സാധാരണക്കാരായ നമ്മളെല്ലാവരും വിശ്വസിക്കുന്നു. സമ്പദ്വ്യവസ്ഥയുടെ അനുയായികളായ തൊണ്ണൂറ്റിയൊന്‍പതു ശതമാനത്തിന്റെ ആ വിശ്വാസം തന്നെയാണ് അച്ചടിമഷി പുരട്ടിയ വെറും കടലാസുകഷണത്തിന് മൂല്യം നല്‍കുന്നത്. ആ ഒരൊറ്റ വിശ്വാസത്തിന്റെ പേരിലാണ് പണത്തിനുപകരമായി ഒരു വസ്തുവോ സേവനമോ സാധാരണക്കാരായ നമ്മള് ലഭ്യമാക്കുന്നതും നമുക്കു ലഭിക്കുന്നതും. പണം സൃഷ്ടിക്കുന്ന ഒരുശതമാനത്തോളം വരുന്ന ഉപരിവര്‍ഗ്ഗത്തിന് പണം എന്നത് സമ്പദ്വ്യവസ്ഥയില് അവര്‍ക്കുള്ള സ്വാധീനത്തിന്റെ ഒരു സൂചിക (leverage in the economy) മാത്രമാണ്. അത്തരമൊരു വിശ്വാസം ജനമനസ്സുകളില്‍ രൂപപ്പെടുത്തിയെടുക്കുന്ന ഏറ്റവും വലിയ ശക്തി ഭരണസംവിധാനത്തിന്റെ ഉരുക്കുമുഷ്ടിയാണ്. പത്തുപറ അരിയുള്ള ഞാനും നൂറു തേങ്ങയുള്ള തൊമ്മനും തമ്മിലുള്ള വ്യവഹാരം അരികൊടുത്ത് തേങ്ങ വാങ്ങുന്ന തരത്തില്‍ ക്രമപ്പെടുത്താന്‍ ഭരണകൂടം ഒരിക്കലും അനുവദിക്കില്ല. പത്തുപറ അരി പണത്തിനുവേണ്ടി വിറ്റതായ രേഖയും ആ പണം കൊടുത്ത് തേങ്ങ വാങ്ങിയ രേഖയും ഈ രണ്ട് ഇടപാടിലും ഭരണകൂടത്തിന്റെ കറന്‍സിയില്‍ നികുതി അടച്ച രശീതിയും ചേരുമ്പോളേ ആ വ്യവഹാരം സാധുവാകൂ. അനുസരിക്കാത്ത ജനങ്ങളെ ഹിംസിക്കാനുള്ള കുത്തകാവകാശം ഭരണാധികാരികള്‍ക്കും അവരുടെ ഉദ്യോഗസ്ഥവൃന്ദത്തിനും ഉള്ളതുകൊണ്ട് സ്വന്തം സേവനവും വസ്തുക്കളും ഭരണകൂടത്തിന്റെ കടലാസിന്റെ കണക്കില്‍ അളക്കാന്‍ പ്രജകള്‍ നിര്‍ബന്ധിതരായിത്തീരുന്നു. ക്രമേണ പണത്തിനായി അധ്വാനവും വസ്തുക്കളും കൈമാറ്റം ചെയ്യുന്നത് സ്വാഭാവികമാകുന്നതോടെ സ്ഥായിയായ മൂല്യമില്ലാത്ത കറന്‍സിയ്ക്ക് സ്വീകാര്യത കൈവരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ 'സാമ്പത്തികശാസ്ത്രം' പഠിപ്പിച്ച് കുരുന്നിലേ ജനമനസ്സുകള്‍ പാകപ്പെടുത്തിയെടുക്കുകകൂടി ചെയ്യുന്നതോടെ വിധേയത്വത്തിലേയ്ക്കുള്ള ജനതയുടെ പരിണാമം പൂര്‍ത്തിയാകുന്നു. അവിടന്നങ്ങോട്ട് അധികാരികള്‍ക്ക് ജനങ്ങളെ നിയന്ത്രിക്കാനുള്ള കടിഞ്ഞാണും ചാട്ടവാറും പ്രേരകവുമായിത്തീരുന്നു, പണം. പണ്ടൊക്കെ കള്ളപ്പറയും ചെറുനാഴിയും വെച്ചാണ് അധ്വാനിക്കുന്നവന്റെ പ്രയത്നത്തെ മൂല്യധ്വംസനം ചെയ്തിരുന്നതെങ്കില്‍ ഇന്ന് വിപണിയില്‍ പണം അച്ചടിച്ചിറക്കിയാണ് അധികാരിവര്‍ഗ്ഗം അതു ചെയ്യുന്നത്.
കറന്‍സിയുടെ പോലെത്തന്നെയാണ് സ്വര്‍ണ്ണം/വെള്ളി/രത്നം എന്നിവയുടേയും കാര്യം. വിശക്കുമ്പോള്‍ പുഴുങ്ങിത്തിന്നാനോ, നിത്യോപയോഗവസ്തുക്കള്‍ ഉണ്ടാക്കാനോ, ഇന്ധനത്തിനോ ഉപയോഗിക്കാന്‍ കൊള്ളാത്ത വസ്തുക്കളാണവ. വിപണിയില്‍ കറന്സിയേപ്പോലെത്തന്നെ വിനിമയമൂല്യം മാത്രമേ അവയ്ക്കുള്ളൂ - അതായത് അവയ്ക്കുപകരമായി വാങ്ങാന്‍ പറ്റുന്ന അധ്വാനമാണ് അതിന്റെ വില. കറന്‍സിയെ അപേക്ഷിച്ച് ഭരണവര്‍ഗ്ഗത്തിന് യധേഷ്ടം സൃഷ്ടിച്ചെടുക്കാവുന്ന ഒന്നല്ല അമൂല്യ ലോഹങ്ങളും രത്നങ്ങളും എന്നൊരു വ്യത്യാസമേയുള്ളൂ. പണ്ടം വിറ്റു കാശാക്കുന്നതോടെ ആ താരതമ്യവും അവസാനിക്കുന്നു. തീര്‍ച്ചയായും ലോകമെമ്പാടുമുള്ള ഭരണവര്‍ഗ്ഗത്തിന് ശ്രീപത്മനാഭന്റെ പണ്ടത്തില്‍ താല്പര്യമുണ്ടാകും, അവരവരുടെ രാജ്യങ്ങളിലെ കറന്‍സിയെ ഒരല്പം നേര്‍പ്പിച്ചാല്‍ (dilute ചെയ്താല്‍ ) അതുവാങ്ങാനുള്ള പണവും ഉണ്ടാകും. ആ പണം ഇന്ത്യയിലെത്തുമ്പോള്‍ ഡോളര്‍ ഒന്നിന് അമ്പതുരൂപാ, യൂറോ ഒന്നിന് അറുപത്തിയേഴര രൂപാ എന്നിങ്ങനെയുള്ള നിരക്കുകളില്‍ ഭാരതസര്‍ക്കാരിന് നോട്ടിരട്ടിപ്പു നടത്തുകയുമാകാം. അങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ട് ദരിദ്രരേക്കാള്‍ മെച്ചം മുതലാളിമാര്ക്കാണെന്നേയുള്ളൂ.
അധ്വാനത്തിന്റെ പിന്‍ബലമില്ലാത്ത ഒരു കറന്‍സിയ്ക്കും സ്ഥായിയായ മൂല്യമുണ്ടാകില്ല. പണത്തിന്റെ ലഭ്യതയും ജനതയുടെ അധ്വാനവും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്തോറും പണത്തിന് മൂല്യശോഷണം വന്നുകൊണ്ടിരിക്കും. വിദേശബാങ്കുകളില്‍നിന്ന് പിടിച്ചെടുത്ത് നാട്ടില്‍ കൊണ്ടുവന്നു കൊട്ടിയിടുന്ന പണവും ശ്രീപത്മനാഭന്റെ പണ്ടംവിറ്റ് നേടിയെടുക്കുന്ന പണവും അധ്വാനത്തിന്റെ പിന്‍ബലമില്ലാത്തതാണ്. ആ പണംകൊണ്ട് വികസനമോ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമോ സാധ്യമാകുകയില്ല. അമിതമായ വിലക്കയറ്റവും അഴിമതിയും വികലമായ സമൂഹബന്ധങ്ങളും മാത്രമാകും അത്തരമൊരു പണമൊഴുക്കിന്റെ ബാക്കിപത്രം.
ഭരണകൂടങ്ങളും അവയുടെ അനുഗ്രഹാശിസ്സുകളുള്ള സന്നദ്ധസംഘടനകളും പണമിറക്കി കൊണ്ടാടുന്ന ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ തൊലിപ്പുറത്തുള്ള തലോടല്‍ മാത്രമാണ്. ദാരിദ്ര്യത്തിന് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പരിഹാരങ്ങള്‍ കണ്ടെത്താതിരിക്കുകയും നിലവിലുള്ള ഭരണ-സാമ്പത്തിക വ്യവസ്ഥിതിക്ക് അതിലുള്ള പങ്കിനെ എതിര്‍ത്തു തോല്പിക്കുകയും ചെയ്യാതെ കേവലമായ കാരുണ്യ പ്രവര്‍ത്തനം കൊണ്ടു മാത്രം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യം കണ്ടെത്തുകയില്ല. സ്വാതന്ത്ര്യം ലഭിച്ച് അറുപത്തിനാലു വര്‍ഷത്തിനുശേഷവും ദാരിദ്ര്യരേഖ എന്ന പ്രതിഭാസം ഇന്നും നിലനില്‍ക്കുന്നത് അതുതന്നെയാണ് സൂചിപ്പിക്കുന്നത്. [***കടപ്പാട്]
അപ്പോള്‍ പണ്ടവും വിദേശത്തെ കോടിയും വെച്ച് എന്തു ചെയ്യണം?
ക്ഷേത്രത്തില്‍ പോകുന്നവര്‍ക്ക് സമാധാനത്തോടെയും സുരക്ഷിതമായും തെളിഞ്ഞ മനസ്സോടെയും പ്രാര്‍ത്ഥിക്കാനുള്ള സാഹചര്യം ഉണ്ടാകണം. അമ്പലത്തിനുള്ളില്‍ കയറുമ്പോള്‍ 'ലക്ഷം കോടി രൂപയുടെ നിധിയുടെ മുകളിലാണല്ലോ ഞാന്‍ നില്‍ക്കുന്നത്, എന്റെ ശ്രീപത്മനാഭാ' എന്നോര്‍ത്ത് തലയില്‍ ഒരു പെരുപ്പു കയറാന്‍ ഇടയാവരുത്. ഭാരതീയ കരസേനയ്ക്ക് അണുബോംബിട്ടാലും തകര്‍ക്കാന്‍ പറ്റാത്ത ബങ്കറുകളുണ്ടാക്കാനുള്ള കഴിവുണ്ട്. നമ്മുടെ നിയമസഭാമന്ദിരത്തിനു തൊട്ടടുത്തുതന്നെ അത്തരമൊരു ബങ്കര്‍ നിര്‍മ്മിച്ച് ഈ പണ്ടമൊക്കെ അതിനുള്ളിലിട്ടു പൂട്ടിയിടട്ടെ. അവിടെയാണല്ലോ ഇപ്പോഴത്തെ നാടുവാഴികള്‍ ഉള്ളത്. സര്‍ക്കാരും, സാമാജികരും അവരുടെ ഉദ്യോഗസ്ഥ-ഉപജാപക വൃന്ദങ്ങളും ചേര്‍ന്ന് ആ നിധിയ്ക്ക് കാവലിരിക്കട്ടെ.
വിദേശബാങ്കിലെ പണത്തേയോര്ത്ത് അത്രപോലും വേവലാതിപ്പെടേണ്ട. അമിതഭാരമുള്ള മുകള്‍ത്തട്ടും ജീര്‍ണ്ണീച്ച താഴേത്തട്ടുകളും അസ്ഥിവാരവുമുള്ള ആഗോള സമ്പദ്വ്യവസ്ഥയെന്ന മഹാസൌധം സ്വന്തം ഭാരം താങ്ങാനാകാതെ തകര്‍ന്നുവീഴുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന്റെ സ്ഥാനത്ത് എല്ലാവര്ക്കും സമാനസാദ്ധ്യതയുള്ള ഒരു സംവിധാനം ഒരുപക്ഷേ നിലവില്‍ വരുമായിരിക്കും. എല്ലാവര്ക്കും ഒരേ അധികാരവും ഒരേ സാമ്പത്തികനിലവാരവുമുള്ളതല്ല, മറിച്ച് എല്ലാവര്ക്കും ഒരേപോലെ വിജയിക്കാനും ശ്രേഷ്ഠരാകാനും സമ്പന്നരാവാനുമുള്ള സമാന അവസരം നല്കുന്ന, ഒരവസരം നഷ്ടപ്പെട്ടാല്‍ വീണ്ടും അവസരം സാധ്യമാകുന്ന, വികസനത്തോടൊപ്പം പ്രകൃതിയേയും ജൈവവൈവിധ്യത്തേയും സ്നേഹിക്കുന്ന ഒരു സംവിധാനം. സ്കൂളില്‍ ഉയര്‍ന്ന മാര്‍ക്കുള്ള കുട്ടികളെ മറ്റുള്ള കുട്ടികള്‍ മാനിക്കുന്നതു പോലെ കൂടുതല്‍ കഴിവുള്ളവരുടെ നേട്ടങ്ങളേയും അധികാരങ്ങളേയും അന്നു നാം ബഹുമാനിക്കുകയും അവരെ സ്നേഹിക്കുകയും ചെയ്യും. വിദേശബാങ്കിലെ കല്ലറകളില്‍ ഒളിപ്പിച്ചുവെച്ച നോട്ടുകള്‍ക്ക് അന്ന് ഒട്ടും വിലയുണ്ടാകില്ല.
അന്നു നമുക്ക് ആ ബങ്കര്‍ തുറന്ന് ഈ പണ്ടങ്ങളും രത്നങ്ങളുമെല്ലാം പ്രദര്ശനത്തിനുവെയ്ക്കാം. ലോഹങ്ങളോടും കല്ലുകളോടും ആസക്തിയില്ലാത്ത ഒരു സമൂഹം, മനുഷ്യര്‍ പണ്ടു കാട്ടിക്കൂട്ടിയ വിഡ്ഢിത്തങ്ങളെ അല്പം പുച്ഛത്തോടെയും അല്പം നര്‍മ്മബോധത്തോടെയും ഓര്‍ത്തുകൊണ്ട് അതെല്ലാം വന്നു കണ്ടുപോയ്ക്കൊള്ളും.
അതുവരെ നമ്മെ നോക്കി സന്മാര്ഗ്ഗപ്രഭാഷണം ചെയ്യുന്ന വാചാലശിരസ്സുകളെ നാം ഗൌനിക്കേണ്ടതില്ല. നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഭാരതത്തിലെ ദരിദ്രനാരായണന്മാരെ ഉള്‍പ്പെടുത്തിയാല്‍ മാത്രം മതിയാകും. അവര്‍ക്കുവേണ്ടി പോരാടുന്നതിനേക്കാള്‍ മദ്ധ്യവര്‍ഗ്ഗക്കാര്‍ക്ക് എളുപ്പം അതാണ് - തടി കേടാകാതിരിക്കുകയും ചെയ്യും.
------------------------------------------------------------------------
***കടപ്പാട് : ഈ ഖണ്ഡികയിലെ ആശയം, 'ഭാനു കളരിക്കല്‍' ഇവിടെ രേഖപ്പെടുത്തിയ കമെന്റില്‍ നിന്നും കടമെടുത്തതാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാന്‍ അല്പം വളച്ചൊടിച്ചിട്ടുണ്ടെന്നേയുള്ളൂ.

Friday, September 9, 2011
സ്വപ്നസഞ്ചാരത്തിന്റെ ഒന്നാം ഭ്രമണപൂരണം

ഏതാണ്ട് രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പാണ് പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടത്. പ്രശസ്ത സിനിമാതാരം മമ്മൂട്ടി ഒരു ബ്ലോഗ് തുടങ്ങിയിരിക്കുന്നു. ബ്ലോഗ് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാന്‍ മിനക്കെട്ടിട്ടില്ലായിരുന്നു,അതുവരെ. സിനിമാരംഗത്തുനിന്നുതന്നെ പല ഹിന്ദി/തമിഴ് നടന്മാരും മമ്മൂട്ടിയ്ക്കു മുമ്പേ ബ്ലോഗ് എഴുത്തു തുടങ്ങിയതായി കേട്ടിരുന്നെങ്കിലും ആരുടേയും ബ്ലോഗില്‍ പോയി നോക്കിയിട്ടില്ല. അന്നു പത്രവാര്ത്തയിലുണ്ടായിരുന്ന ലിങ്കില്‍ക്കൂടി പോയി ആദ്യമായി അങ്ങനെ ഒരു ബ്ലോഗ് വായിച്ചു. എന്റെ അഹങ്കാരം കൊണ്ടാകണം, മമ്മൂട്ടിയുടെ എഴുത്ത് അത്ര കേമപ്പെട്ടതായി തോന്നിയില്ല. 'ഇങ്ങനെയൊക്കെ എഴുതാന്‍ എനിക്കും പറ്റൂല്ലോ' എന്ന ധാര്‍ഷ്ട്യമാണ് വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം തോന്നിയത്. അദ്ദേഹത്തിന്റെ എഴുത്തിനേക്കാള്‍ ചിന്തോദ്ദീപകമായി തോന്നിയത് അതിനേപ്പറ്റിയുള്ള ചില വായനക്കാരുടെ അഭിപ്രായങ്ങളാണ്.
ഉപജീവത്തിന്റെ ഭാഗമായി വളരേയധികം എഴുതുന്നയാളാണ് ഞാന്‍ - അതെല്ലാം ഇംഗ്ലീഷില്‍ എഴുതുന്ന പ്രോജക്റ്റ് രേഖകളാണെന്നുമാത്രം. പല പ്രോജക്റ്റുകള്‍ക്കും പല രീതിയിലുള്ള, വിശദാംശങ്ങളടങ്ങിയ, വായനായോഗ്യമായ രേഖകളാണ് തയ്യാറക്കേണ്ടത് - അതുകൊണ്ട് അവിടെയും സര്‍ഗ്ഗശേഷിക്ക് ഏറെ പ്രസക്തിയുണ്ട്. ഏതാണ്ട് പത്തുവര്‍ഷമായി ചെയ്തുപരിചയമായതുകൊണ്ട് ഇത്തരം രചനകള്‍ തയ്യാറാക്കുന്ന ഒരു പ്രവര്‍ത്തനസമ്പ്രദായം (methodology) മനസ്സില്‍ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. ഏതുതരം പ്രോജക്റ്റിനും ഏതുവിധത്തിലുള്ള രൂപവും ഭാവവും ഉള്ളടക്കവുമുള്ള രേഖകള്‍ തയ്യാറാക്കാന്‍ എനിക്കാകുമെന്ന ഒരു വിശ്വാസം വന്നപ്പോഴാണ് 'എന്നാലിനി അതുപോലെ മലയാളത്തില്‍ ബ്ലോഗെഴുതാന്‍ എന്തുകൊണ്ടു ശ്രമിച്ചുകൂടാ' എന്നൊരു ചിന്ത മനസ്സില്‍ കുരുത്തത്.
അങ്ങനെ രണ്ടായിരത്തിപ്പത്ത് സെപ്റ്റമ്പറില് ഞാനും ഒരു ബ്ലോഗെഴുത്തുകാരനായി. ബൂലോകത്ത് യാതൊരു ചലനവും സൃഷ്ടിക്കാത്ത പരശതം ബ്ലോഗുകളില്‍ ഒന്നാണിതെന്ന കാര്യത്തില്‍ എനിക്കു യാതൊരു സംശയവുമില്ല. പക്ഷേ തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ മനസ്സില്‍ ഏറെ സന്തോഷമുണ്ട്. ഒരു വര്‍ഷം മുമ്പുവരെ ഇത്രയൊക്കെ എഴുതാന്‍ എനിക്കാവുമെന്ന് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല. എണ്‍പതുകളില്‍ ടാന്‍സാനിയന്‍ പ്രെസിഡെന്റായിരുന്ന ജൂലിയസ് ന്യെരേരേയുമായുള്ള ഒരു അഭിമുഖസംഭാഷണം ദൂരദര്ശന് പ്രക്ഷേപണം ചെയ്തിരുന്നു. അതില്‍ ടാന്‍സാനിയയുടെ വികസനത്തേക്കുറിച്ചുള്ള സ്വപ്നം എന്താണ് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു "വികസിതരാജ്യങ്ങള്‍ക്കു തുല്യമായ ഒരു വികസനം ഞാന്‍ പ്രതീക്ഷിക്കുന്നില്ല. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് എന്റെ രാജ്യത്തിന്റെ വികസനം അളക്കുന്നതിനോട് എനിക്കു യോജിപ്പില്ല. നമ്മള് നമ്മിലേക്കുതന്നെ നോക്കുമ്പോള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തി എന്നു തോന്നുന്ന തരത്തിലുള്ള വികസനം ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം". ഒരു ഉദാഹരണം പറയാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ ഇന്ത്യയെ നോക്കൂ. അമേരിക്കയേപ്പോലെയോ (അക്കാലത്തെ) സോവിയറ്റ് യൂണിയനേപ്പോലെയോ ജപ്പാനേപ്പോലെയോ വികസിത രാജ്യമല്ല ഇന്ത്യ. പക്ഷേ പണിയായുധങ്ങള്‍ മുതല്‍ ആണവോര്‍ജ്ജം വരെ ഉല്പാദിപ്പിക്കാനുള്ള ക്ഷമത ഇന്ത്യയ്ക്കുണ്ട്. മറ്റുരാജ്യങ്ങളിലേക്കു നോക്കാതെ തന്നിലേയ്ക്കുതന്നെ നോക്കിയാല്‍ ഇന്ത്യ ഒരു പൂര്‍ണ്ണവളര്‍ച്ചയെത്തിയ രാജ്യമാണെന്നു ബോദ്ധ്യപ്പെടും". ഈ ജീവിതദര്‍ശനമാണ് ബ്ലോഗര്‍ എന്ന നിലയില്‍ എനിക്ക് സംതൃപ്തി പകരുന്നത്.
എഴുത്തുകാരില്‍ വാലറ്റക്കാരന്തന്നെയാണു ഞാന്‍. വളരേയധികം പരിമിതികളുള്ള ഒരു വെറും സാധാരണക്കാരന്. ഒരു പേപ്പറും പേനയും മൂന്നു മണിക്കൂറും തന്നിട്ട് ഒരു ബ്ലോഗ് എഴുതാന്‍ പറഞ്ഞാല്‍ അവസാനം രണ്ടു വരികളും ചുറ്റിലും ചുരുട്ടിയെറിഞ്ഞ കുറെ കടലാസുകഷണങ്ങളുമാകും മിച്ചം. ഞാന്‍ എഴുതി പ്രസിദ്ധീകരിച്ച ബ്ലോഗുകള്‍ പോലും രണ്ടാമതൊന്ന് ഓര്‍ത്തെടുത്തെഴുതാന്‍ എനിക്കാവില്ല. എന്റെ കണ്ണില്‍ ദോഹ മീറ്റ് കഴിഞ്ഞ് മൂന്നുമണിക്കൂറിനുള്ളില്‍ അതിനേപ്പറ്റിയുള്ള വിശദമായ ഒരു ഫീച്ചര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഇസ്മയില്‍ കുറുമ്പടിയും എറണാകുളം മീറ്റിനേപ്പറ്റി അരമണിക്കൂറുകൊണ്ട് രസകരമായ ഒരു റിപ്പോര്‍ട്ട് എഴുതിത്തയ്യാറാക്കിയ ഡോ.ജയനുമൊക്കെ അതിമാനുഷരാണ് ! എഴുത്തും തിരുത്തും തിരിമറിയും ഭംഗിനോട്ടവും അവസാനം മടുപ്പുമൊക്കെയായി ഞാന്‍ ഒരു ബ്ലോഗ് എഴുതി പോസ്റ്റ് ചെയ്തുവരുമ്പോഴേയ്ക്കും മിക്കവാറും മൂന്നാഴ്ചയോ അതിലധികമോ ആയിട്ടുണ്ടാകും. വൃത്തിയായി തിരുത്താനും എളുപ്പത്തില്‍ ഖണ്ഡികകള്‍ പുനഃക്രമീകരിക്കാനും ഉതകുന്ന ഈ ഇലക്ട്രോണിക് സംവിധാനം നിലവിലില്ലായിരുന്നുവെങ്കില്‍ ഞാനൊക്കെ എഴുതുകപോലുമില്ലായിരുന്നു (ഹോ! ആ രാമായണവും മഹാഭാരതവുമൊക്കെ ഓലയില്‍ കോറിയിട്ട മഹാന്മാരെ സമ്മതിക്കണം!).
ബ്ലോഗെഴുത്തു തുടങ്ങിയ കാലത്ത് എപ്പോഴും എഴുതിക്കൊണ്ടിരിക്കാന്‍ തോന്നുമായിരുന്നു. ഇരിപ്പിലും നടപ്പിലും ഊണിലും ഉറക്കത്തിലും ഓഫീസിലും ബാത്ത്റൂമിലും എഴുതുന്ന വിഷയത്തേക്കുറിച്ചുള്ള ചിന്തകള്‍മാത്രം. "ഗള്ഫുകാരന് കല്യാണം കഴിച്ച പോലെ ഇന്ന സമയം എന്നൊന്നും ഇല്ല" എന്നു കൊടകരക്കാരന്‍ വിശാലമനസ്കന് പറഞ്ഞതുപോലെയായിരുന്നു സ്ഥിതി. കമെന്റുകളുടേയും ഫോളോവേഴ്സിന്റേയും എണ്ണം കൂടുന്നതനുസരിച്ച് എഴുതാനുള്ള ആവേശവും കൂടിവന്നു. "എനിക്കിപ്പൊ ഇരുപതു ഫോളോവേഴ്സ് ആയി" എന്നൊക്കെ ഭാര്യയോടു വീമ്പുപറയുമ്പോള്‍ ചങ്കില് തൊട്ടാല്‍ പൊട്ടുന്നത്ര എയര്‍ വന്നു നിറയും. പക്ഷേ അധികം താമസിയാതെ തന്നെ ഈ ഫോളോ ചെയ്യല്‍ എന്നതിന് ബ്രൌസറില്‍ ബുക്ക്മാര്‍ക്ക് ചെയ്യുന്നത്ര ഗൌരവമേയുള്ളൂ എന്നു മനസ്സിലായി. അതുകൊണ്ടൊക്കെയാണല്ലോ ഇതിനെ "ബൂലോകം" എന്നു പറയുന്നത്. ഇത് മറ്റൊരു ലോകമാണ്. മലയാളി സൌദിയിലും തമിഴന് ഉത്തര്‍പ്രദേശിലും ജോലിചെയ്തു ജീവിക്കുന്നതുപോലെയുള്ള തീര്‍ത്തും വ്യത്യസ്തമായ ജീവിതാനുഭവം. ഇവിടുത്തെ ഭാഷയും അനുഷ്ഠാനങ്ങളും മര്യാദകളും സമൂഹനിയമങ്ങളും ജീവിതചര്യയും നാം വീട്ടില്‍ ശീലിച്ചതില്‍നിന്ന് വ്യത്യസ്തമാണ്. ഒരു വര്‍ഷത്തെ ബൂലോകവാസത്തിനിടയില്‍ അങ്ങനെ കുറെയേറെ പുതിയ ജീവിതപാഠങ്ങളും പഠിക്കാനിടയായി.
എഴുതിത്തുടങ്ങിയ കാലത്ത് ഗൂഗിളിന്റെ transliteration സൈറ്റില്‍ പോയി എഴുതി ബ്ലോഗറിലേയ്ക്കു പകര്‍ത്തുകയായിരുന്നു പതിവ്. പിന്നീടാണ് ബ്ലോഗറിനുള്ളില്ത്തന്നെ അക്ഷരപരിവര്ത്തനം സജ്ജീകരിക്കാമെന്ന് മനസ്സിലായത്. പക്ഷേ ഗൂഗിളിന്റെ 'പരിവര്‍ത്തക'നേക്കൊണ്ട് ഞാന്‍ പെട്ടന്നുതന്നെ സഹികെട്ടു.പലപ്പോഴും ഞാനുദ്ദേശിക്കുന്ന വാക്കൊന്നുമല്ല സ്ക്രീനില്‍ തെളിഞ്ഞുവരിക. പിന്നീട് 'വരമൊഴി' പരീക്ഷിച്ചുനോക്കി. അതിന്റെ ചില്ലക്ഷരങ്ങള്‍ എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല. അവസാനമാണ് ഫയര്‍ഫോക്സിന്റെ പ്ലഗിന് ആയ 'സ്വനലേഖ' കണ്ടെത്തിയത്. അതിനുശേഷം എഴുതാന്‍ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ബ്ലോഗെഴുതാന്‍ മാത്രമല്ല, കമെന്റെഴുതാനും മലയാളത്തില്‍ എന്തെങ്കിലും സെര്‍ച്ച് ചെയ്യാനുമെല്ലാം ഈ പ്ലഗിന് വളരേ ഉപകരിക്കുന്നുണ്ട്. ചില്ലക്ഷരങ്ങളുടെ പ്രശ്നമൊട്ടില്ലതാനും. പിന്നത്തെ പ്രശ്നം സന്ദര്‍ഭത്തിനൊത്ത വാക്കുകള്‍ കണ്ടെത്തുക എന്നതായിരുന്നു. പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തിലായതുകൊണ്ട് മിക്കവാറും മനസ്സില്‍ ഉദിക്കുന്ന പദപ്രയോഗങ്ങള്‍ ഇംഗ്ലീഷിലായിരിക്കും. 'മഷിത്തണ്ട്', 'തമിള്ക്യൂബ്' എന്നീ സൈറ്റുകളിലെ നിഘണ്ടുകള്‍ ഇക്കാര്യത്തില്‍ വളരേയധികം പ്രയോജനപ്പെട്ടു.
ബ്ലോഗ് ജീവിതത്തില്‍ എഴുത്തിനേപ്പോലെത്തന്നെ പ്രധാനമാണല്ലോ വായനയും. ഈ കുറഞ്ഞ കാലയളവില്‍ എന്റെ മനസ്സിനെ ഏറെ സ്വാധീനിച്ച എഴുത്തുകാരാണ് എച്ച്മുക്കുട്ടിയും പട്ടേപ്പാടം റാംജിയും. ഈ രണ്ടുപേരുടേയും രചനകളെ വിശകലനം ചെയ്യാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല, അതിന്റെ ആവശ്യവുമില്ല. നൂറുകണക്കിന് കമെന്റുകള്‍ വന്നു നിറയുന്ന ബ്ലോഗാണ് റാംജിയുടേത് എങ്കിലും ഓരോരുത്തര്‍ക്കും പേരെടുത്ത് മറുപടി നല്കാന് അദ്ദേഹം ശ്രദ്ധിക്കുന്നു എന്നതുകൂടിയാണ് അദ്ദേഹത്തോടുള്ള ബഹുമാനത്തിന്നാധാരം. ഇവരില്‍ നിന്നും അധികം ദൂരെയല്ല സലാംജിയുടെ സ്ഥാനം. ഒരു ആശയം അതിന്റെ എല്ലാ പൂര്‍ണ്ണതയോടും കൂടി ഏറ്റവും കുറഞ്ഞ വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ സലാംജിയ്ക്കുള്ള കഴിവ് അദ്ദേഹത്തിന്റെ ഭാഷാസ്വാധീനത്തെ വെളിപ്പെടുത്തുന്നതാണ്. ഞാന്‍ അഭിപ്രായം രേഖപ്പെടുത്താറില്ലെങ്കിലും എനിക്കു വളരേ ഇഷ്ടപ്പെട്ട രചനാശൈലിയാണ് മന്‍സൂര്‍ ചെറുവാടിയുടേത്. ബ്ലോഗില്‍ ഒരുപക്ഷേ ഏറ്റവും സുന്ദരമായ ഭാഷയില്‍ എഴുതുന്നത് 'ഒരില വെറുതേ' ആയിരിക്കുമെന്നു തോന്നുന്നു. എഴുതുന്നതെന്തും വളച്ചുകെട്ടോ ശബ്ദഘോഷങ്ങളോ ഇല്ലാതെ ലളിതമായി, രസകരമായി എഴുതുന്ന 'നിരക്ഷര'നാണ് എനിക്കിഷ്ടപ്പെട്ട മറ്റൊരു ബ്ലോഗര്‍. കാര്‍ട്ടൂണിസ്റ്റ് സജീവേട്ടനെ ഇഷ്ടപ്പെടാത്തവരായി ബൂലോകത്ത് ആരുംതന്നെ ഉണ്ടാകില്ലല്ലോ. സിനിമാനിരൂപണം എഴുതുന്ന എന്‍.പി. സജീഷിന്റെ ബ്ലോഗില്നിന്നാണ് മലയാളത്തിലെ പല പദപ്രയോഗങ്ങളും ഞാന്‍ പഠിക്കുന്നത്. യോഗ പോലെയുള്ള വിരസമായ വിഷയങ്ങള്‍ പോലും ഏറെ രസകരമായി എഴുതിയ ഇസ്മയില്‍ കുറുമ്പടി നല്ലൊരു പ്രതിഭാശാലിയാണ്. കുമാരന്, ചാണ്ടി, ജയന് ഏവൂര്‍, അരുണ്‍ കായംകുളം, വിശാലമനസ്കന്, ബെര്‍ളി, വായാടി, രമേശ് അരൂര്‍ എന്നിവരും ഇഷ്ടപ്പെട്ട ബ്ലോഗര്‍മാരാണ്. വ്യക്തിത്വവൈശിഷ്ട്യം കൊണ്ട് എനിക്കിഷ്ടപ്പെട്ടവരാണ് ജാസ്മിക്കുട്ടിയും ഫൈസുവും. അങ്ങനെ ഈ കഴിഞ്ഞ വര്‍ഷം അക്ഷരസൌഹൃദങ്ങളാല് സമ്പന്നമായിരുന്നു എന്നു പറയാം.
അപ്പോള്‍ ഇനിയെന്ത്?
എഴുതിത്തുടങ്ങിയപ്പോള്‍ മാസത്തില്‍ ഒരു പോസ്റ്റ് എന്ന ശരാശരി നിരക്കില്‍ എഴുതാനായിരുന്നു പരിപാടി. ഇതിപ്പോള്‍ പതിമൂന്നാമത്തെ പോസ്റ്റ് ആണ്. ജീവിതത്തിലെ മറ്റു കര്‍മ്മങ്ങളില്‍ നിന്ന് സമയം കടമെടുത്താണ് ഇത്രയും കാലം എഴുതിയത്. അമേരിക്കക്കാരേപ്പോലെ എന്നും കടം വാങ്ങി ജീവിക്കാനാവില്ലല്ലോ. അതുകൊണ്ട് ബൂലോകസഞ്ചാരം കുറയ്ക്കണം. ഇതിനകം തന്നെ ഫോളോ ചെയ്യല്‍ വളരേയധികം വെട്ടിക്കുറച്ചു - മിക്ക ബ്ലോഗുകളും ബൂക്ക്മാര്ക്കിലേയ്ക്കു മാറ്റി. എഴുത്തും കുറയ്ക്കണം. വളരേയധികം ചിന്തയും പഠനവും എഴുത്തും ആവശ്യപ്പെടുന്ന ജോലിയാണ് എന്റേത്. ജോലിയും ബ്ലോഗും ഒരുമിച്ചു കൊണ്ടുപോകുക എന്നത് ഒരേസമയം ഗവേഷണപ്രബന്ധവും പൈങ്കിളി നോവലും എഴുതാന്‍ ശ്രമിക്കുന്നതു പോലെ ദുഷ്കരമാണ്. പിന്നെ വീട്, മകന്, വ്യായാമം, യാത്ര, വിനോദം, വായന/പഠനം എന്നിവയൊക്കെ ഇത്രകണ്ട് ഒഴിവാക്കരുതല്ലോ. അതുകൊണ്ട് ഭാവിയില്‍ ഇത്രയും എഴുതാനിടയില്ല. എങ്കിലും ഏറെക്കാലമായി മനസ്സില്‍ കൊണ്ടുനടക്കുന്ന രണ്ടു നീണ്ടകഥകള്‍ എന്നെങ്കിലും ഇവിടെ എഴുതിയിടണമെന്ന് ആഗ്രഹിക്കുന്നു. ഒന്ന് ഒരു സയന്‍സ് ഫിക്ഷന്‍ ആണ്. രണ്ടാമത്തേത് അവസാനത്തെ രണ്ടു മാമാങ്കങ്ങള്ക്കിടയിലെ പന്ത്രണ്ടുവര്‍ഷങ്ങളില്‍ നടക്കുന്ന, ചരിത്രത്തിന്റെ പശ്ചാത്തലമുള്ള ഒരു സാങ്കല്‍പ്പിക കഥയും. രണ്ടും പെട്ടന്നെഴുതിത്തീര്ക്കാവുന്നവയല്ല. അതെഴുതിത്തുടങ്ങുംവരെ ഇപ്പോഴുള്ള ഭാഷാജ്ഞാനം കാത്തുസൂക്ഷിക്കാന്‍ വേണ്ടത്ര ബ്ലോഗുകളെങ്കിലും എഴുതണമെന്നു വിചാരിക്കുന്നു. ചിലപ്പോള്‍ അതുണ്ടായില്ലെന്നും വരാം - ഇതൊക്കെ ഓരോ കാലത്തെ ഓരോ ഭ്രമമാണല്ലോ. ഇപ്പോള്‍ത്തന്നെ സൌണ്ട് മിക്സിങ്ങ് സോഫ്റ്റ്വെയര് ഉപയോഗിച്ച് സംഗീതം രചിക്കാന്‍ ശ്രമിച്ചാലോ എന്നൊരു തോന്നല്‍ വന്നുതുടങ്ങിയിട്ടുണ്ട്. ദൈവാധീനത്തിന് സമയക്കുറവും മടിയും വേണ്ടുവോളമുണ്ട്.
ബ്ലോഗിലെ മിക്ക എഴുത്തുകാര്‍ക്കും ഉള്ളതുപോലെയുള്ള ഒരു സുഹൃദ്വലയം എനിക്കില്ല. ഒരൊറ്റ സോഷ്യല്‍ നെറ്റ്വര്‍ക്കിലും ഞാന്‍ അംഗമല്ല. എന്റെ പരിചയക്കാരോടൊന്നും ഞാന്‍ ബ്ലോഗ് എഴുതുന്ന വിവരം പറഞ്ഞിട്ടില്ല. തീര്‍ത്തും അപരിചിതരായവരില്നിന്നാണ് എനിക്ക് പ്രോത്സാഹനം ലഭിക്കുന്നത് എന്നുകാണുമ്പോള്‍ ബൂലോകത്തെ നന്മ നിറഞ്ഞ മനസ്സുകളെ മാനിക്കാതിരിക്കാനാവില്ല. ഈ ഒരു വര്‍ഷത്തില്‍ എന്റെ ഈ ബ്ലോഗില്‍ വരാനും വായിക്കാനും അഭിപ്രായം എഴുതാനും സമയം നീക്കിവെച്ച എല്ലാവര്ക്കും ഞാന്‍ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഇടയ്ക്കൊക്കെ ഈ ബ്ലോഗിലൂടെയും മറ്റുചിലപ്പോള്‍ നിങ്ങളുടെ ബ്ലോഗിലൂടെയും നമ്മള് തമ്മിലുള്ള സംഭാഷണം തുടരാനാകുമെന്ന് ആശിക്കുകയും ചെയ്യുന്നു.
എല്ലാവര്ക്കും നല്ലതു വരട്ടെ.
Wednesday, August 17, 2011
അമേരിക്കന്‍ ഡ്രീം
അമേരിക്കന്‍ ഡ്രീം! അമേരിക്കയില്‍ ജനിച്ച് അമേരിക്കക്കാരനായി ജീവിക്കുന്ന ഒരോ പൌരന്റേയും അഭിമാന സമ്പത്ത്. അമേരിക്കന്‍ ദേശീയതയുടേയും തിരിച്ചറിവിന്റേയും കരുത്തിന്റേയും സ്വഭാവവൈശിഷ്ട്യത്തിന്റേയും സാമൂഹികാവബോധത്തിന്റേയും പ്രതീകം. പണ്ഡിതനും പാമരനും ബാലനും വൃദ്ധനും ആണും പെണ്ണും ധനികനും ദരിദ്രനും വിശ്വാസിയും നിരീശ്വരവാദിയും ഡെമോക്രാറ്റും റിപബ്ലിക്കനും കറുത്തവനും വെളുത്തവനും 'സ്ട്രേയ്റ്റും' 'ഗേ'യും ഒരുപോലെ വിശ്വസിക്കുന്ന വിജയമന്ത്രം. മറ്റുരാജ്യങ്ങളില്‍നിന്നു കുടിയേറിയവര്‍ക്ക് അമേരിക്ക നല്കുന്ന വാഗ്ദാനവും പ്രതീക്ഷയും.
ഈ സ്വപ്നത്തിന്റെ ചിറകിലേറിയാണ് അമേരിക്ക വാനോളവും വാനത്തിനപ്പുറവും പറന്നുയര്‍ന്നത്. ഭൂമിയോളം പരന്നുകിടക്കുന്ന കോര്‍പ്പറേറ്റ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. ആ സാമ്രാജ്യം സംരക്ഷിക്കാനുള്ള സൈനികബലവും രാഷ്ട്രീയ സ്വാധീനവും ആര്‍ജ്ജിച്ചത്. ശക്തരും ബുദ്ധിമാന്മാരും വിഭവസമൃദ്ധരുമായ സഖാക്കളെ നേടിയെടുത്തത്. കമ്മ്യൂണിസത്തിന്റെ ഉരുക്കുകോട്ട തകര്‍ത്തെറിയാനുള്ള കൌശലവും കരുത്തും ആര്‍ജ്ജിച്ചത്. അവര്‍ തീര്‍ത്ത കലോല്പന്നങ്ങള്‍ക്ക് (സിനിമ, സംഗീതം, ടെലിവിഷന്‍ പരിപാടികള്‍) ലോകമെമ്പാടും സ്വീകാര്യത നേടിയത്. എല്ലാത്തിലൂം ഉപരിയായി, ലോകമെമ്പാടുമുള്ള സമ്പന്നവര്‍ഗ്ഗം കാംക്ഷിക്കുന്ന സമൂഹജീവിതം 'അമേരിക്കന്‍ രീതി'യുമായി ചേര്‍ത്തുനിര്‍ത്തും വിധം അവരുടെ ചിന്തയെ സ്വാധീനിക്കാന്‍ കഴിഞ്ഞത്.
ആ അമേരിക്ക ഇന്നൊരു പ്രതിസന്ധിയിലാണ്. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ ഇത്രകണ്ട് ധ്രുവീകൃതവും വിദ്വേഷഭരിതവുമായ ഒരു കാലമില്ല. പലയിടങ്ങളിലും അമേരിക്ക തീറ്റിപ്പോറ്റിയിരുന്ന, അമേരിക്കയുടെ പിന്ബലത്താല് മാത്രം നിലനിന്നിരുന്ന ഭരണകൂടപ്പാവകള്‍ ഇന്ന് ചൊല്‍പ്പടിക്കു നില്‍ക്കാത്ത നിഷേധികളായിരിക്കുന്നു. ചൈനയുടേയോ റഷ്യയുടേയോ ഗൂഢപിന്തുണയുണ്ടെങ്കില്‍ വടക്കന്‍ കൊറിയയേപ്പോലെയോ ബര്‍മയേപ്പോലെയോ ഉള്ള പീക്കിരി രാജ്യങ്ങള്‍ പോലും തോന്ന്യാസം കാട്ടാന്‍ ധൈര്യപ്പെടുന്നു. സഖ്യകക്ഷികള്‍ക്ക് അര്‍പ്പണബോധവും പ്രതിജ്ഞാബദ്ധതയും ഇല്ലാത്തതുകൊണ്ട് നാറ്റോയ്ക്ക് ഇരുണ്ട അല്ലെങ്കില്‍ അശുഭകരമായ ഭാവിയാണ് മുന്നിലുള്ളതെന്ന് സ്ഥാനമൊഴിഞ്ഞ രാജ്യരക്ഷാസെക്രട്ടറിയും പെന്റഗണ്‍ മേധാവിയുമായിരുന്ന റോബര്‍ട്ട് ഗേറ്റ്സ് പറയുന്നു. രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതികരംഗത്തെ മേധാവിത്വത്തിന്റെ പ്രതീകമായ ബഹിരാകാശദൌത്യ-ഗവേഷണം അറ്റ്ലാന്റിസിന്റെ അവസാന യാത്രയോടെ ഇക്കഴിഞ്ഞ ജൂലായ് 21ന് അവസാനിപ്പിച്ചു. ശതകോടിക്കണക്കിന് ഡോളര്‍ മൂലധനം ഓരോ വര്‍ഷവും അമേരിക്കയില്‍നിന്ന് ചൈനയിലേയ്ക്കും, ഇന്ത്യയിലേയ്ക്കും, ബ്രസീലിലേയ്ക്കും, വിയറ്റ്നാമിലേയ്ക്കും, തായ്ലന്റിലേയ്ക്കും, മലേഷ്യയിലേയ്ക്കുമൊക്കെ ഒഴുകിക്കൊണ്ടിരിക്കുന്നു. മൂന്നാം ലോക രാഷ്ട്രങ്ങളിലേയ്ക്ക് പറിച്ചുനടപ്പെട്ട വ്യവസായശാലകളില്‍ പണ്ട് ജോലിചെയ്ത് സര്‍ക്കാരിലേയ്ക്ക് നികുതിയടച്ചിരുന്നവര്‍ ഇന്ന് സര്‍ക്കാരില്‍നിന്ന് തൊഴിലില്ലായ്മവേതനവും സാമൂഹ്യസുരക്ഷാവേതനവും പറ്റിക്കൊണ്ട് സര്‍ക്കാരിന് വന്‍ ബാധ്യതയായിരിക്കുന്നു. പക്ഷേ ഈ വലിയ പ്രശ്നങ്ങളേപ്പോലും തമസ്കരിക്കുന്ന അതിഭീമമായ ഒരു ദുരന്തത്തെയാണ് അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്നത് - പതിന്നാലു ട്രില്ല്യണ്‍ ഡോളര്‍ ദേശീയ കടവും അതിന്റെ മൂന്നിരട്ടിയോളം വരുന്ന നീക്കിയിരുപ്പില്ലാത്ത ചിലവുകളും (unfunded liabilities) ഉള്‍പ്പെടേയുള്ള അറുപത്തിരണ്ടു ട്രില്ല്യണ്‍ ഡോളറിന്റെ (62,000,000,000,000) ബാധ്യത!
ഇക്കഴിഞ്ഞ ജൂലായ് മാസം മുഴുവന്‍ അമേരിക്കന്‍ രാഷ്ട്രീയത്തെ ആകമാനം ഗ്രസിച്ച ഒരു പ്രതിസന്ധിയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വായ്പാപരിധി ഉയര്‍ത്താനുള്ള നിയമനിര്‍മ്മാണ നടപടികള്‍. രാഷ്ട്രീയ ചര്‍ച്ചകള്‍ രാജ്യത്തെ ഏതാണ്ട് അത്യാഹിതത്തിന്റെ വക്കോളമെത്തിച്ച ശേഷമാണ് ഒരു ട്രില്ല്യണ്‍ ഡോളറോളം കടം വാങ്ങാനുള്ള നടപടി പാസ്സായത്. ഈ സാഹചര്യത്തില്‍ പുറത്തിറങ്ങിയ അസംഖ്യം ലേഖനങ്ങളില്‍നിന്നാണ് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ശോചനീയാവസ്ഥയും അതിനുള്ള കാരണങ്ങളും ലോകത്തിനു മുമ്പില്‍ വെളിപ്പെടുന്നത്.
അമേരിക്കയുടെ 2011ലെ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളുടെ രേഖകള്‍ നോക്കിയാല്‍ സര്‍ക്കാരിന്റെ വഴിവിട്ട ചിലവുകളുടെ സ്വഭാവം വ്യക്തമാകുന്നുണ്ട്.
മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം അമേരിക്കന്‍ സര്‍ക്കാരിന്റെ തന്നെ ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍നിന്ന് എടുത്തതാണ്. അതനുസരിച്ച്, 2011ല്‍ മൊത്തം രണ്ടര ട്രില്യണ്‍ ഡോളറിന്റെ വരവും 3.8 ട്രില്യണ്‍ ഡോളറിന്റെ ചിലവുമാണ് പ്രതീക്ഷിക്കുന്നത്. അതായത് ഈയൊരൊറ്റ വര്‍ഷം ഒന്നേകാല്‍ ട്രില്യണ്‍ ഡോളറിന്റെ കടബാദ്ധ്യത സര്‍ക്കാര്‍ വരുത്തിവെച്ചു, എന്നര്‍ത്ഥം. സര്‍ക്കാരിന്റെ മൊത്തം ചിലവിന്റെ മൂന്നിലൊന്ന് കടം വാങ്ങിയ പണം കൊണ്ടാണ് മുട്ടിച്ചുകൊണ്ടുപോകുന്നത് എന്നും ഇതില്‍നിന്നു മനസ്സിലാക്കാം. ഒബാമ ഭരിച്ച മൂന്നുവര്‍ഷങ്ങളില്‍ സര്‍ക്കാര്‍ വരുത്തിവെച്ച കടം നാലേകാല്‍ ട്രില്യണ്‍ ഡോളര്‍, അതായത് 2011ലെ മൊത്തം നികുതിവരുമാനത്തിന്റെ 1.7 മടങ്ങ്. ഇനിയൊന്നാലോചിച്ചുനോക്കൂ. ഒമ്പതിനായിരം രൂപ വീട്ടുചിലവുള്ളവന്‍ മാസാമാസം മൂവായിരം രൂപാ കടം വാങ്ങിക്കൊണ്ടിരുന്നാല്‍ എങ്ങിനെയുണ്ടാകും? അങ്ങനെ മൂന്നുവര്‍ഷം തുടര്‍ച്ചയായി ചെയ്യുന്നവനെ നമ്മളെന്താണു വിളിക്കുക?
ഇനി ഈ പണമെല്ലാം എവിടെയെല്ലാമാണ് കൊണ്ടുപോയി മുക്കിക്കളയുന്നതെന്നു നോക്കാം.
ബജറ്റിലെ അഞ്ച് ഇനങ്ങളാണ് എണ്പതു ശതമാനം ചിലവിനും നിദാനം. സാമൂഹിക സുരക്ഷ (വൃദ്ധര്‍, വികലാങ്കര്‍, മാറാരോഗികള്‍, അനാഥരായ കുട്ടികള്‍ എന്നിവര്‍ക്കുള്ള അലവന്‍സ്), സൈനികച്ചിലവുകള്‍, തൊഴിലില്ലായ്മ വേതനം/ദരിദ്രര്‍ക്കുവേണ്ടിയുള്ള പരിപാടികളുടെ ചിലവ്, പൊതുജനാരോഗ്യ പരിപാടികള്‍ (ആശുപത്രികള്‍, മരുന്ന് എന്നിവ), കടത്തിന്മേലുള്ള വാര്‍ഷിക പലിശ എന്നിവയാണവ. മുടക്കുമുതലിന് യാതൊരു മിച്ചവും കിട്ടാത്ത ഇനങ്ങളിലാണ് മിക്ക ചിലവുകളും, എന്നര്‍ത്ഥം.
വര്‍ഷത്തില്‍ രണ്ടര ട്രില്യണ്‍ ഡോളര്‍ വരുമാനമുള്ള സര്‍ക്കാര്‍ എല്ലാ സര്‍ക്കാര്‍ ആപ്പീസുകളും അടച്ചുപൂട്ടി, ഒറ്റ സെന്റുപോലും ചിലവാക്കാതെ, എല്ലാ പണവും കടം വീട്ടാനായി നീക്കിവെക്കുകയാണെന്നിരിക്കട്ടെ. ഇന്നത്തെ ശരാശരി ബോണ്ട് നിരക്കായ രണ്ടര ശതമാനം പലിശ വച്ചു കണക്കാക്കിയാല്‍ അറുപത്തിരണ്ടു ട്രില്യണ്‍ അടച്ചുതീര്‍ക്കാന്‍ ഏതാണ്ട് നാല്പതു വര്‍ഷമെടുക്കും. നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു സര്‍വീസ് ജീവിതത്തിലെ മൊത്തം ശമ്പളം കുറിക്കമ്പനിക്കു കൊടുത്താലേ കടം വീടുകയുള്ളൂ. കടം വീട്ടാന്‍ വൈകുന്ന ഒരോവര്‍ഷവും ബാക്കിയുള്ള തുകയുടെ കൂട്ടുപലിശകൂടി അടച്ചുകൊണ്ടിരിക്കണമെന്നും ഓര്‍ക്കുക. അല്പം കൂടി പ്രായോഗികമായി ചിന്തിച്ചാല്‍, ബജറ്റില്‍ മിച്ചം വരുന്ന പണം കൊണ്ട് ഈ കടം മുഴുവന്‍ അടച്ചുതീര്‍ക്കാന്‍ നൂറ്റാണ്ടുകളെടുക്കും.
ഇപ്പോഴത്തെ മിനിമം പരിപാടിയായ "കമ്മിയില്ലാ ബജറ്റ്" എന്ന ലക്ഷ്യമാണ് കുറച്ചുകൂടി എളുപ്പം നേടാവുന്നത്. അതിനുപോലും ചിലവ് മൂന്നിലൊന്നു കുറയ്ക്കണം. വടക്കും തെക്കും സഖ്യരാജ്യങ്ങളുള്ള, കിഴക്കും പടിഞ്ഞാറും മഹാസമുദ്രങ്ങളാല്‍ സംരക്ഷിക്കപ്പെട്ട, അതിവിപുലമായ മിസൈല്‍വിന്യാസം സ്വന്തമായുള്ള അമേരിക്കയ്ക്ക് ഓരോ വര്‍ഷവും എഴുന്നൂറില്പരം ബില്യണ്‍ ഡോളര്‍ സൈനികച്ചിലവുകള്‍ക്കായി നീക്കിവെയ്ക്കേണ്ട കാര്യമില്ല. രണ്ടാമതായി ചെയ്യേണ്ടത്, കൂടുതല്‍പേര്‍ക്ക് ജോലിലഭിക്കാനുതകുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കുക എന്നതാണ്. ആഗോളവത്കരണംകൊണ്ടുള്ള പ്രതികൂലാവസ്ഥ ഏറ്റവുമധികം നേരിടേണ്ടി വന്നത് അമേരിക്കന്‍ തൊഴിലാളിക്കാണ്. അവിടുത്തെ വ്യാവസായികോല്പാദന മേഖല ഏറെക്കുറെ മുഴുവനായി പുറംരാജ്യങ്ങളിലേയ്ക്കു പറിച്ചുനടപ്പെട്ടു കഴിഞ്ഞു. സര്‍വീസ് മേഖലയും ഇപ്പോള്‍ ഇന്ത്യ, റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് നാടുകടത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഉന്നതനിലവാരത്തിലുള്ള ഗവേഷണം ആവശ്യമുള്ള ചുരുങ്ങിയ മേഖലകളില്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്കുമാത്രം തൊഴില്‍ ലഭിക്കാവുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഈ രണ്ടു സ്ഥിതിവിശേഷങ്ങളും മാറണം. ദൂരദേശങ്ങളില്‍ അനാവശ്യമായ അവസാനമില്ലാത്ത യുദ്ധങ്ങളിലേര്‍പ്പെട്ട് പണം പുകച്ചുകളയുന്നതും കോര്‍പ്പറേറ്റ് മുതലാളിമാരുടെ ലാഭത്തിനു മാത്രം വേണ്ടി രാജ്യത്തിന്റെ അമൂല്യമായ വ്യാവസായികാസ്തി പുറം രാജ്യങ്ങളിലേയ്ക്ക് കയറ്റിയയയ്ക്കുന്നതും ക്രമേണ നിര്‍ത്തലാക്കണം. ക്ഷേമപരിപാടികള്‍ ആവശ്യപ്പെടുന്നവര്‍ കുറയുകയും ടാക്സ് വരുമാനം കൂടുകയും ചെയ്യണമെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക അത്യന്താപേക്ഷിതമാണ്. പക്ഷേ വേണ്ടതു ചെയ്യാനുള്ള ഇച്ഛാശക്തിയും സൈദ്ധാന്തിക നിലപാടും രാജ്യത്തെ രണ്ടു രാഷ്ട്രീയകക്ഷികള്‍ക്കും ഇല്ലെന്ന സ്ഥിതിവിശേഷമാണുള്ളത്.
ഈ പറഞ്ഞത് തറവാട്ടിലെ കാരണവരുടെ (കേന്ദ്ര സര്‍ക്കാര്‍) സ്ഥിതി മാത്രമാണ്. ഇതുപോലെത്തന്നെയാണ് വീട്ടിലെ മറ്റു മുതിര്‍ന്നവരുടേയും (സംസ്ഥാന സര്‍ക്കാരുകള്‍, മുനിസിപ്പാലിറ്റികള്‍) സ്ഥിതി. കേന്ദ്രത്തിന് കറന്‍സി അച്ചടിക്കാനുള്ള സംവിധാനമുണ്ട്. ഇതിനകം രണ്ടുതവണ "ക്വാണ്ടിറ്റേറ്റീവ് ഈസിങ്ങ്" എന്ന ഓമനപ്പേരുവിളിച്ച് അവര്‍ അതു ചെയ്യുകയും ചെയ്തു. സംസ്ഥാനങ്ങള്‍ക്ക് അങ്ങനെ യാതൊരു പഴുതുമില്ല. അവര്‍ക്ക് ആകെ ചെയ്യാവുന്നത് കെഞ്ചിയിരന്ന് കേന്ദ്രത്തിനേക്കൊണ്ട് കറന്‍സി അടിപ്പിച്ച് അതില്‍നിന്നൊരു പങ്കുപറ്റുക എന്നതുമാത്രമാണ്. അടിച്ചിറക്കവുന്നത്രയും ഇതിനകം ഇറക്കിക്കഴിഞ്ഞു - ഇനിയതു ചെയ്താല്‍ ഭവിഷ്യത്തുകള്‍ ഭയങ്കരമായിരിക്കുമെന്ന് എല്ലാവര്ക്കും ബോദ്ധ്യമുണ്ട് (സിംബാബ്വേയുടെ കാര്യം ഓര്‍ക്കുക). ലോകത്തിലെ മിക്ക രാജ്യങ്ങളുടേയും റിസര്‍വ് കറന്‍സിയായ ഡോളര്‍ അങ്ങനെ അമേരിക്കന്‍ സര്‍ക്കാരിനു തോന്നുംപോലെ അച്ചടിച്ചിറക്കാന്‍ ആരും അനുവദിക്കുകയുമില്ല. ഇതിനെല്ലാം പുറമേയാണ് വ്യക്തികള്‍ തലയിലേറ്റിവെച്ചിരിക്കുന്ന കടം. ആ കടത്തിന്റെ തവണകള്‍ അടയ്ക്കാതിരുന്നതുകൊണ്ടാണല്ലോ 2008ലെ സാമ്പത്തികപ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടത്.
എല്ലാവരുടേയും കടം കൂട്ടിച്ചേര്‍ത്താല്‍ (നിങ്ങള്‍ ആരുടെ കണക്കുകള്‍ വിശ്വസിക്കുന്നു എന്നതിനനുസരിച്ച്) നൂറുമുതല്‍ നൂറ്റിയിരുപത്തിയഞ്ചുവരെ ട്രില്ല്യണ്‍ ഡോളറിന്റെ കടമാണ് അമേരിക്കക്കാരുടെ ചുമലിലുള്ളത്! അതായത് ഒരു കുടുംബത്തിന് ആറുലക്ഷം ഡോളര്‍ എന്ന തോതിലാണ് കടം! എന്നിട്ടുപോലും നികുതിവരുമാനം വര്‍ദ്ധിപ്പിക്കുക, അതിനായി വന്‍കിട മുതലാളിമാരില്‍നിന്ന് ഉയര്‍ന്ന നിരക്കില്‍ നികുതി പിരിച്ചെടുക്കുക എന്ന ഒറ്റവഴിയേ ഇന്നത്തെ ചുറ്റുപാടില്‍ മുന്നിലുള്ളൂ എന്ന നഗ്നസത്യം അമേരിക്കയിലെ നല്ലൊരു വിഭാഗം രാഷ്ട്രീയക്കാരും അംഗീകരിച്ചിട്ടില്ല.
ഇവിടെയാണ് മേല്‍പ്പറഞ്ഞ അമേരിക്കന്‍ സ്വപ്നത്തിന്റെ മായികമായ സ്വാധീനം നമ്മള് കാണുന്നത്. സര്‍ക്കാരിന്റെ എല്ലാത്തരം നികുതികളേയും ഇടപെടലുകളേയും ശക്തമായി എതിര്‍ക്കുന്ന വലിയൊരു ജനവിഭാഗം അമേരിക്കയിലുണ്ട്. അവരെ സംബന്ധിച്ചിടത്തോളം പോലീസ്, കോടതി, രാജ്യരക്ഷ എന്നീ വിഭാഗങ്ങളിലൊഴികെ സര്‍ക്കാര്‍ ഇടപെടരുതെന്നും അതിനൊഴികെയുള്ള ആവശ്യങ്ങള്‍ക്കായി നികുതി പിരിക്കരുതെന്നുമാണ് നിലപാട്. വായ്പാപരിധി ഉയര്‍ത്തുന്നതിനായുള്ള നിര്‍ദ്ദേശങ്ങളുടെ ഭാഗമായി അതിസമ്പന്നരായ അമേരിക്കക്കാരുടെ നികുതി ഉയര്‍ത്താനും അതിലൂടെ ബജറ്റ് കമ്മി നികത്താനുമുള്ള ഒരു നിര്‍ദ്ദേശം കൂടി ഒബാമ ഭരണകൂടം മുന്നോട്ടുവെച്ചിരുന്നു. പ്രതിപക്ഷകക്ഷിയായ 'റിപബ്ലിക്കന്‍' പാര്‍ട്ടി അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു. രാജ്യം കുളം തോണ്ടിയാലും മുതലാളിമാരെ തൊടാന്‍ അനുവദിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്! നികുതി ഉയര്‍ത്തില്ല എന്ന ഉറപ്പിന്മേല് മാത്രമാണ് വായ്പാപരിധി ഉയര്‍ത്താനുള്ള അനുവാദം ഒബാമ ഭരണകൂടത്തിന് ലഭിച്ചത്. വെറും അഞ്ചുശതമാനത്തോളം വരുന്ന മുതലാളിമാരുടെ താല്പര്യം സംരക്ഷിക്കാന്‍ താഴേത്തട്ടിലുള്ള ഇത്രയധികം അമേരിക്കക്കാര്‍ പോരാടാന്‍ തയ്യാറാകുന്നത് എന്തുകൊണ്ടാണ്?
അമേരിക്കന്‍ ഡ്രീം! അതുതന്നെ കാരണം. സമ്പദ്വ്യവസ്ഥയുടെ ചക്രഗതിയില്‍ ചിലപ്പോഴുണ്ടാകുന്ന താല്ക്കാലികമായ ഒരു താഴ്ചയാണ് ഇപ്പോഴുള്ളതെന്നും ഭാവി ശോഭനമാണെന്നും അവര്‍ ഉറച്ചുവിശ്വസിക്കുന്നു. ആ വിശ്വാസത്തിന് യുക്തിയുടെയല്ല, സ്വപ്നത്തിന്റെ പിന്‍ബലം തന്നെയാണുള്ളത്. അമേരിക്കയിലെ വലിയൊരു വിഭാഗം ആളുകള്‍ സ്വന്തമായി ബിസിനസ്സ് ഉള്ളവരോ (ഉണ്ടായിരുന്നവരോ) ബിസിനസ്സുകാരായ അടുത്ത ബന്ധുക്കള്‍ ഉള്ളവരോ ആണ്. അവരെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ എന്നത് നല്ലകാലത്ത് അവരുടെ പണം പിടുങ്ങാനും അവരുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനും നിലകൊള്ളുന്ന പ്രസ്ഥാനമാണ്. ഈയവസരത്തില്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ അനുവദിക്കുകയോ നികുതി പിരിക്കാന്‍ അനുവദിക്കുകയോ ചെയ്താല്‍ ഭാവിയില്‍ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുമ്പോള്‍ അവയുടെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും അവര്‍ വിശ്വസിക്കുന്നു. തലമുറകളോളം ശ്രമിച്ചാലും വീട്ടാന്‍ പറ്റാത്ത കടം എന്ന പടുകുഴിയിലാണ് അവരുടെ രാജ്യം എന്ന് ഭൂരിപക്ഷം പേരും മനസ്സിലാക്കുന്നില്ല. ഐശ്വര്യത്തിന്റേയും പ്രതാപത്തിന്റേയും ഗതകാലം ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം വിദൂരമാണെന്ന് അവര്‍ അറിയുന്നില്ല. യാഥാര്‍ത്ഥ്യബോധമില്ലാതെ അവര്‍ ഇന്നും സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നു. നേതാക്കന്മാരും മാധ്യമങ്ങളും ഇന്നും ആ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം അവന് ഇലക്ഷന് ജയിക്കാന്‍ പണം വേണം, വോട്ടുവേണം. അതുകൊണ്ട് അവന് മുതാലാളിയുടെ പണം സംരക്ഷിക്കുന്നു; വോട്ടര്‍ക്ക് കാണാന്‍ യാഥാര്‍ത്ഥ്യത്തേക്കാള്‍ സുന്ദരമായ പുതിയ സ്വപ്നങ്ങള്‍ നല്കുന്നു.
സായിപ്പു പറയുന്നതുപോലെ "ഗാഡ് ബ്ലെസ്സ് എമേഴിക്ക". അമേരിക്കയെ ദൈവം തന്നെ രക്ഷിക്കട്ടെ!
**********************************************************
വാല്‍ക്കഷണം: ഇത്രയും പണം ആരാണ് കടം കൊടുത്തത്? ഏറിയ കൂറും അമേരിക്കയിലെതന്നെ ധനകാര്യസ്ഥാപനങ്ങള്‍ (വിദേശ കടം താരതമ്യേന തുച്ഛമായ ശതമാനം മാത്രം). അവര്‍ക്ക് ഇത്രയധികം പണം എവിടെനിന്നുണ്ടായി? അവരുടെ കയ്യില്‍ ഒരിക്കലും ഇതിന്റെ പകുതിപോലും പണം ഉണ്ടായിരുന്നില്ല. ഇല്ലാത്ത പണം പിന്നെ എങ്ങിനെ അവര്‍ കടം കൊടുക്കുന്നു? എന്റെ "നീലാണ്ടന് നമ്പൂരീടെ ഓല" എന്ന പഴയ ബ്ലോഗ് പോസ്റ്റ് (മൂന്നുഭാഗങ്ങളും) വായിക്കുക.

Friday, August 5, 2011
റിസപ്ഷന് കമ്മറ്റി
ബൂലോകത്തെ മുടിചൂടാമന്നനും ആയുര്‍വേദ പണ്ഡിതനും വാഗ്മിയും സരസനും സുന്ദരനും സുശീലനും ബലിഷ്ഠകായനും ധീരനും പരോപകാരിയും ഭാഷാസ്നേഹിയുമായ ഉലകനായകന് ശ്രീവീരകേസരി ദാമോദരസുതന്‍ ജയന് തിരുമേനിയവര്‍കള്‍ ഏതാണ്ട് ഒരു വര്‍ഷം മുമ്പ് എഴുതിയ ഒരു 'ലങ്കന്‍ ' കഥ വായിച്ചയന്നുമുതല്‍ മനസ്സില്‍ പൊട്ടിമുളച്ചതാണ് അതുപോലൊരു കഥ എനിക്കും എഴുതണമെന്ന വല്ലാത്തൊരു ആഗ്രഹം. അതിനുവേണ്ട ഉരുപ്പടിയും കയ്യിലുണ്ടായിരുന്നു. പക്ഷേ അതില്‍ വലിയൊരു പ്രശ്നം ഉണ്ടായിപ്പോയി.
വൈദ്യരുടെ എല്ലാ കാമ്പസ് കഥകളിലുമെന്നതുപോലെ അദ്ദേഹത്തിന്റെ 'ലങ്കന്‍ ' കഥയിലും വിഡ്ഢിവേഷം മൂന്നാമതൊരാള്‍ക്കായിരുന്നു. എന്റെ കഥയിലാണെങ്കില്‍ അത് സ്വയം എനിക്കും.
അതുകൊണ്ട് (അതായത് ഞാന്‍ സ്വയം വെഞ്ഞാറമൂടനാകുന്ന ഇടപാടായതുകൊണ്ട്) അങ്ങനെയൊരെഴുത്ത് ഉടനേ വേണ്ടന്നുവെച്ചു. എഴുതാന്‍ വേറെന്തെല്ലാം ബുദ്ധിജീവി സ്റ്റഫ് കെടക്കുന്നു. അതൊക്കെ ഓരോന്നായി അങ്ങനെ എഴുതിത്തള്ളി. ഇതിനിടെ ഈ വാലറ്റക്കാരന്റെ ബ്ലോഗില്‍ കുറച്ചാളുകള്‍ കയറിവരാനും അഭിപ്രായം പറയാനുമൊക്കെ തുടങ്ങി. അപ്പോള്‍ പിന്നെ നമ്മുടെ ഈ ബുജി ഇമേജ് നിലനിര്‍ത്തേണ്ടതാണെന്നും വെറുതേ എന്തെങ്കിലും വങ്കത്തരം എഴുതി ആളുകളുടെ ബഹുമാനം കളഞ്ഞുകുളിക്കരുതെന്നും ഉള്ള രീതിയിലുള്ള ചിന്ത മനസ്സില്‍ കയറിക്കൂടി. അങ്ങനെ മനസ്സില്ലാമനസ്സോടെ ആ ലങ്കന്‍ കഥ എഴുതാനുള്ള പരിപാടി എന്നെന്നേയ്ക്കുമായി ഉപേക്ഷിക്കാന്‍ ഒരുങ്ങുമ്പോഴാണ് എന്റെ കൃശഗാത്രത്തെ പുളകിതമാക്കിയ ആ മഹാസംഭവം ഉണ്ടായത്.
എന്റെ കഴിഞ്ഞ പോസ്റ്റ് വെറും രണ്ടുപേരേ വായിച്ചുള്ളൂ!
ഇതറിഞ്ഞതോടെ ഈ കഥ എഴുതാനുള്ള ഉത്സാഹം പതിന്മടങ്ങു വര്‍ദ്ധിച്ചു. ഇനി ഇതെഴുതിയാലും അധികമാരും വന്നു വായിക്കാന്‍ പോണില്ല, അതുകൊണ്ട് ധൈര്യമായി എഴുതാം. എഴുതാനുള്ള അത്യാഗ്രഹം ശമിക്കുകയും ചെയ്യും നാണക്കേടുണ്ടാകുമെന്ന ഭയവും വേണ്ട.
അപ്പൊ ഞാന്‍ തുടങ്ങട്ടേ?
ഈ സംഭവം നടക്കുന്നത് സുന്ദരസുരഭിലമായ എണ്‍പതുകളിലാണ് (ഹേയ്, എനിക്കത്രേം പ്രായമൊന്നും ആയിട്ടില്ല. കഥയെഴുതുമ്പോള്‍ ഒരു പുകമറയുള്ള പശ്ചാത്തലം വേണമല്ലോ, അതിനു പറ്റിയത് എണ്‍പതുകളാണെന്നു തീരുമാനിച്ചു. അത്രേയുള്ളൂ). സുമുഖനായ രാജീവ് ഗാന്ധി നാടുവാണീടും കാലം.സരസനായ നയനാര്‍ സഖാവ് ദേശം വാഴും കാലം. ഒരേയൊരു ക്രൂരദര്‍ശന്‍ ചാനലും ആ ചാനലില്‍ ഹിന്ദി പരിപാടികള്‍ മാത്രവുമുള്ള കാലം. മങ്കമാരും മല്ലാക്ഷിമാരും ഇടംവലം തിരിഞ്ഞൊരു നടനത്തിന് ചുവടുവെച്ചു പൂന്തിരളു നുള്ളുന്ന കാലം.
അന്ന് ഞങ്ങളുടെ ഹോസ്റ്റല്‍ ഡേ ആയിരുന്നു.
സാധാരണ ഹോസ്റ്റല്‍ ഡേ നമ്മുടെ ദേശി-ജനാധിപത്യ രീതിയിലാണ് നടക്കാറ്. അതായത് ഹോസ്റ്റല്‍ ഡേയ്ക്ക് ഒരു മാസം മുമ്പ് എല്ലാവരും വോട്ട് ചെയ്ത് കുറച്ചു ഭാരവാഹികളെ തിരഞ്ഞെടുക്കുന്നു, ഭാരവാഹികള്‍ കാശുപിരിക്കുകയും അവര്‍ക്കാവുന്ന രീതിയില്‍ വിരുന്നും പരിപാടികളും ആസൂത്രണം ചെയ്യുകയും നടത്തുകയും ചെയ്യുന്നു, കൂട്ടത്തില്‍ ഫണ്ടില്‍നിന്ന് ആവുന്നത്ര പണം അടിച്ചുമാറ്റുന്നു, വോട്ടെടുപ്പില്‍ തോറ്റ സ്ഥാനാര്‍ത്ഥികള്‍ ചടങ്ങുകള്‍ക്കുശേഷം ഭാരവാഹികളെ തെറിവിളിക്കുന്നു, ഭാരവാഹികള്‍ തിരിച്ചു തെറിവിളിക്കുന്നു, ഇതിലൊന്നും പെടാത്ത പാവങ്ങള്‍ 'നമ്മളു വെര്‍തേ പൈസ കളഞ്ഞു' എന്നു കുണ്ഠിതപ്പെടുന്നു, അങ്ങനെയങ്ങനെയങ്ങനെ....ഇതിനൊക്കെ ചില സ്ഥിരം നേതാക്കന്മാരുണ്ട്. എപ്പോഴും അവരിലാരെങ്കിലുമേ ജയിക്കൂ. വേറാരു നിന്നിട്ടും ഒരു കാര്യവുമില്ല.
ഞാന്‍ ഇതിനൊക്കെവേണ്ടി മത്സരിക്കുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ല. അക്കാലത്ത് മുപ്പത്തിയൊമ്പതര കിലോയാണ് തൂക്കം (ഈ അരക്കണക്കൊക്കെ എന്തിനാണു പറയുന്നത് എന്നു ചോദിക്കരുത്. ആ ലെവലില്‍ ഓരോ ഗ്രാമിനും പ്രാധാന്യമുണ്ട്). എലുമ്പശ്രീമാന്‍ മത്സരത്തില്‍ ഹോസ്റ്റലില്‍ നിന്ന നാലുകൊല്ലത്തില്‍ മൂന്നിലും ഞാനായിരുന്നു വിജയി - ഒരു തവണ മോശം അമ്പയറിങ്ങ് കാരണം എന്റെ സുഹൃത്ത് ഷാജിയാണ് വിജയിച്ചത്. ഈ മത്സരത്തിന് ഞാനും ഷാജിയും ഷര്‍ട്ടൂരിയാല്‍ ബാക്കിയുള്ളവരൊക്കെ ഒരക്ഷരം മിണ്ടാതെ അവരവരുടെ ഷര്‍ട്ടുകള്‍ ഇട്ട് പിന്വാങ്ങുകയാണു പതിവ്. ഒരിക്കല്‍ ഞാനോ ഷാജിയോ കൂടിയ (അല്ലെങ്കില്‍ കുറഞ്ഞ) നൂലന് എന്നു തീരുമാനിക്കാന്‍ കഴിയാഞ്ഞ ഒരു വിധികര്‍ത്താവ് "പോയൊരു സ്ക്രൂ ഗേജ് കൊണ്ടുവാടാ" എന്നട്ടഹസിച്ചത് ഇന്നും ഓര്‍മ്മയില്‍ നില്ക്കുന്നു. അങ്ങനെയൊക്കെയുള്ള ഞാന്‍ ഭാരവാഹിയാകണമെന്നെങ്ങാനും പറഞ്ഞോണ്ടു ചെന്നാല്‍, രണ്ടു പേപ്പര്‍ വെയ്റ്റ് എടുത്തു കയ്യില്‍ തന്ന് "നീ ഈ ഭാരോം വഹിച്ചോണ്ട് അധികം കാറ്റടിക്കാത്തിടത്തെങ്ങാനും പോയി നില്ല്" എന്നു പറയും ജനം.
പക്ഷേ ആക്കൊല്ലം ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന സിഐഎ സാര്‍ പുതിയൊരു ഭരണപരിഷ്കാരം കൊണ്ടുവന്നു. അദ്ദേഹം ഫുഡ് കമ്മറ്റി, ഫണ്ട് റേസിങ്ങ് കമ്മറ്റി, ബഡ്ജറ്റ് കമ്മറ്റി, ആഡിറ്റ് കമ്മറ്റി, ഡെക്കറേഷന് കമ്മറ്റി, ലാന്‍ഡ്സ്കേപിങ്ങ് കമ്മറ്റി (അതായത് കുറ്റിക്കാടു വെട്ടിത്തെളിക്കല്‍ ആന്‍ഡ് ചവറുപെറുക്കല്‍ കമ്മറ്റി) എന്നിങ്ങനെ ഏതാണ്ട് പതിനഞ്ചു കമ്മറ്റികള്‍ അങ്ങു രൂപീകരിച്ചു. ഓരോ കമ്മറ്റിയിലും മൂന്നുമുതല്‍ അഞ്ചുവരെ അംഗങ്ങള്‍. അതായത് ഹോസ്റ്റലിലെ എല്ലാ അന്തേവാസികളേയും നിര്‍ബന്ധമായും ഏതെങ്കിലും ഒരു കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി, എന്നു സാരം. ഇന്ന് ഞാന്‍ ഓര്‍ക്കുമ്പോള്‍, വളരേ ബുദ്ധിപരമായ ഒരു തീരുമാനമായിരുന്നു അത് എന്നു തോന്നുന്നു. മാറിനിന്നു പാരവെയ്ക്കുക, കയ്യിട്ടു വാരുക, പരദൂഷണം പറയുക, നേതാക്കന്മാര് മാത്രം തോന്നിയ പോലെ ചെയ്യുക എന്നി ഏര്‍പ്പാടുകള്‍ക്ക് വലിയൊരു തടയിടാന്‍ ഈ വളര്‍ത്തിപ്പിളര്‍ക്കുന്ന (അല്ലെങ്കില്‍ പിളര്ത്തു വളര്‍ത്തുന്ന) തന്ത്രം സഹായിച്ചിരുന്നു.
അങ്ങനെ ഞാന്‍ പെട്ടത് റിസപ്ഷന് കമ്മറ്റിയിലാണ്. ഓരോ ഡിപ്പാര്‍ട്ടുമെന്റിലും ചെന്ന് എല്ലാവരേയും ക്ഷണിക്കുക, ഹോസ്റ്റല്‍ ഡേയുടെ അന്ന് ഡിന്നറിനുവരുന്നവരെ സ്വീകരിച്ച് അവരവരുടെ കസേരകളില്‍ കൊണ്ടുചെന്നിരുത്തുക, വിരുന്നു കഴിഞ്ഞാല്‍ എല്ലാവരേയും ഓഡിറ്റോറിയത്തിലേയ്ക്കു നയിക്കുക എന്നിവയായിരുന്നു ഈ കമ്മറ്റിയുടെ ചുമതല.
സമയം വൈകീട്ട് ഏതാണ്ട് അഞ്ചുമണി കഴിഞ്ഞ് ഇരുപത്തിമൂന്നു മിനിട്ട്. ഞാന്‍ രണ്ടാം നിലയിലെ എന്റെ മുറിയിലിരുന്ന് ഷൂ പോളിഷ് ചെയ്യുന്ന സമയത്താണ് താഴെനിന്ന് ഒരലര്‍ച്ച.
"എടാ കൊതൂ...., എടാ കൊതൂഊഊഊഊഊഊഊ......"
"കൊതു നിന്റെ അമ്മായിയച്ചന്! എന്തിനാടാ @#$@%@* വെറുതേ കെടന്നു കാറുന്നത്?"
"ദേ നിന്റെ ഡിപ്പാര്‍ട്ട്മെന്റിലെ ദേവരാജന്‍ സാറ് താഴെ വന്നു നിക്കണ്"
അയാളൊരു പുലിവാലാണെന്ന കാര്യം അപ്പോഴാണ് ഓര്‍ത്തത്. കൃത്യനിഷ്ഠയുടെ മൂര്‍ത്തീഭാവം. സാധാരണ എല്ലാവരേയും ക്ഷണിച്ചതുപോലെ പുള്ളിയേയും ക്ഷണിച്ചതാണ് കുഴപ്പമായത്. പൊതുവേ അഞ്ചരയ്ക്കു ക്ഷണിച്ചാല്‍ ആറുമണിക്കു ശേഷം മാത്രം എത്തുന്നതാണല്ലോ നാട്ടുനടപ്പ്. ടിയാന് വ്യത്യസ്തനാണ്. പുള്ളിയെ ക്ഷണിച്ച നേരത്ത് "സാര്‍, ആര് യു വെജിറ്റേറിയന്‍?" എന്ന ചോദ്യത്തിന് "ഐ ആം എ വെജിറ്റേറിയന്‍ ആന്റ് എ ടീടോട്ടലര്‍" എന്ന പുള്ളിയുടെ കാച്ചു കേട്ടപ്പോഴെങ്കിലും അതോര്‍ക്കേണ്ടതായിരുന്നു. എന്തു ചെയ്യാം, മനുഷ്യനെ മിനക്കെടുത്താന്‍ നമ്മുടെ ഇന്ത്യാമഹാരാജ്യത്ത് ഇങ്ങനെയും ചിലര്‍. ഹിന്ദിക്കാര് പറയുന്നതു പോലെ 'അംഗ്രേസ് ചലേ ഗയേ ലേകിന് ഔലാദ് ഛോഡ് ഗയേ'.
പെട്ടന്ന് ചാടിയെണീറ്റ് ലുങ്കിക്കടിയിലൂടെ ഒരു ഷഡ്ഡി വലിച്ചുകയറ്റി ഒരു ഷര്‍ട്ടുമെടുത്തിട്ട് താഴേയ്ക്ക് ഓടിച്ചെന്നു. സാര്‍ അവിടെ മുറ്റത്ത് സുസ്മേരവദനനായി നില്ക്കുന്നു. വലതുവശത്തെ വിസിറ്റിങ്ങ് റൂമില്‍ രണ്ടുമൂന്ന് അന്തേവാസികള്‍ ലുങ്കി മടക്കിക്കുത്തി മേശപ്പുറത്തു കാല് കയറ്റിവെച്ച് പത്രം വായിച്ചുകൊണ്ടിരിക്കുന്നു. മുഖത്ത് കഴിയുന്നത്ര രൌദ്രഭാവം വരുത്തി, നല്ലപോലെ കണ്ണുരുട്ടി (അതല്ലാതെ വേറെന്തിട്ട് ഉരുട്ടാന്‍) അവന്മാരോട് അവിടന്ന് എണീറ്റുപോകാന്‍ കഴുത്തുവെട്ടിച്ച് ആംഗ്യം കാണിച്ചു. പിന്നെ ചെവിതൊട്ട് ചെവിവരെയുള്ള ഒരു പുഞ്ചിരിപാസ്സാക്കി സാറിനെ വരവേറ്റു.
നടുമുറ്റത്ത് അതുവരെ 'ലൈറ്റ് ആന്റ് സൌണ്ട് കമ്മറ്റി' വിളക്കുകള്‍ തെളിക്കുകയോ 'സീറ്റിങ്ങ് കമ്മറ്റി' മേശകളും കസേരകളും നിരത്തുകയോ ചെയ്തിട്ടില്ല. ഞാന്‍ ഈ ബിംബം എവിടെക്കൊണ്ടു പ്രതിഷ്ഠിക്കും? പെട്ടന്ന് തലയില്‍ ഒരു ബള്‍ബ് കത്തി - സാബുവിന്റെ മുറിയില്‍! സാബു ഒരു ജെന്റില്മാന് ആണ്, മാഷമ്മാരെയൊക്കെ നല്ലോണം ഡീല്‍ ചെയ്തോളും. പുള്ളിയുടെ മുറി എപ്പോഴും വളരേ വൃത്തിയായിരിക്കും, അതിനകത്ത് പൂച്ചിലന്തിയാട നെയ്യുന്ന എട്ടുകാലികളില്ല. മുറിയുടെ ചുവരുകളില്‍ ബിക്കിനിപ്പെണ്ണുങ്ങളുടെ ഒരൊറ്റ പോസ്റ്റര്‍ പോലും ഇല്ല. പിന്നെ, മൂത്രത്തിന്റെ ദുര്‍ഗന്ധത്തിനേക്കാള്‍ രൂക്ഷമായ, 'ക്ലെന്‍ലിനെസ്സ് ആന്റ് ഹൈജീന്‍ കമ്മറ്റി'ക്കാര് കലക്കിയൊഴിച്ച ഫിനായിലിന്റെ ഗന്ധം വമിക്കുന്ന ബാത്ത്റൂമില്‍നിന്ന് വളരേ ദൂരത്തുള്ള മുറിയാണ് അവന്റേത്. എല്ലാംകൊണ്ടും തല്ക്കാലം പുള്ളിയെ കുടിയിരുത്താന്‍ പറ്റിയ ഇടം അതുതന്നെ! അങ്ങനെ അങ്ങേരെ അവന്റെ തലയില്‍ കെട്ടിവെച്ച് ഞാന്‍ ഡ്രെസ്സ് ചെയ്യാന്‍ എന്റെ മുറിയിലേയ്ക്ക് ഉടന്‍തന്നെ തിരിച്ചുവന്നു.
അങ്ങനെ ഹോസ്റ്റല്‍ ഡേയുടെ തുടക്കം തന്നെ കുളമായി. തുടക്കം പിഴച്ചാല്‍ എല്ലാം പിഴച്ചു, എന്നാണല്ലോ. ഞാനതു കൊണ്ടറിയാനിരിക്കുന്നതേയുണ്ടായുള്ളൂ.
ആറുമണിയായപ്പോഴേയ്ക്കും ആളുകള്‍ വരാന്‍ തുടങ്ങി. ആറുപത്തിന് ലേഡീസ് ഹോസ്റ്റലില്‍ നിന്നുള്ളവര്‍ എത്തി. ആ ഒരു ദിവസം മാത്രമാണ് അക്കാലത്ത് മെന്‍സ് ഹോസ്റ്റലില്‍ പെണ്ണുങ്ങള് വരുന്നത് (ഇക്കാലത്ത് അങ്ങനെയൊന്നുമില്ലല്ലോ). അതുകൊണ്ട് എല്ലാ ആണുങ്ങളും ആ ദിവസം വളരേ ഡീസന്റ് ആയേ പെരുമാറൂ. അങ്ങനെ ഒരു മാന്യത പാലിക്കുന്നതുകൊണ്ടാകാം, സാധാരണ മുഖം തിരിച്ചു നടക്കുന്ന സുന്ദരികള്‍ പോലും ആ ദിവസം നേരെ മുഖത്തുനോക്കി സംസാരിക്കും. ആറേകാല്‍ കഴിഞ്ഞപ്പോള്‍ 'ഡി' ഹോസ്റ്റലില്‍ നിന്ന് റോയിച്ചന്റെ നേതൃത്വത്തിലുള്ള സംഘം വന്നു. പതിവുപോലെ സിനിമാനടന്മാരേക്കാള് സ്റ്റൈലുള്ള ഗെറ്റപ്പിലാണ് അവന്മാരുടെ വരവ് - അതുകണ്ടാല്‍ തറ പാര്‍ട്ടീസാണെന്നു തോന്നുകയേയില്ല. റോയിച്ചന് എന്ന കക്ഷി വക്രബുദ്ധിയുടേയും വികടസരസ്വതിയുടേയും ഉസ്താദ് ആണ് - വെറുതേയല്ല പില്ക്കാലത്ത് അവന് ദൃശ്യമാദ്ധ്യമരംഗത്ത് അറിയപ്പെടുന്ന ഒരാളായത്.
ആറരയായപ്പോഴേയ്ക്കും എല്ലാവരേയും അവരവരുടെ സ്ഥാനത്ത് ഇരുത്തി. ഇനി വിരുന്നുകഴിയുന്നതുവരെ റിസപ്ഷന്‍കമ്മറ്റിക്കാര്‍ക്കു പണിയില്ല. അങ്ങനെ ഫ്രീയായി ഒന്നുരണ്ടുപേരെയെങ്കിലും പഞ്ചാരയടിക്കാനുള്ള പരിപാടിയുമായി മുന്നോട്ടുപോകുമ്പോഴാണ് പിന്നില്‍നിന്ന് "ശ്..ശ്...ഡേയ്" എന്നൊരു വിളിവന്നത്. തിരിഞ്ഞുനോക്കിയപ്പോള്‍ അഞ്ചാമത്തെ ടേബിളില്‍ നിന്ന് റോയിച്ചന് കൈകാട്ടി വിളിക്കുന്നു. മുഖത്തൊരു കള്ളച്ചിരിയുണ്ട്. അവന്റെ ശിങ്കിടി 'തകരാറു' ജോഷി തലയ്ക്കുപിന്നില്‍ കൈ പിണച്ച് കാലിന്മേല് കാല് കയറ്റിവച്ച് ചിറികോട്ടിച്ചിരിച്ചുകൊണ്ട് മലര്ന്നിരിക്കുന്നു. ശരിക്കും ചൊറിഞ്ഞുവന്നു. ഇന്നിവന്മാര് എന്തെങ്കിലും വളിപ്പിറക്കിയാല്‍ നിന്നനില്‍പ്പില്‍ ഇതുങ്ങളെ നാറ്റിക്കും - ഞാന്‍ മനസ്സിലുറപ്പിച്ചു.
"ഡേയ് നീ ഡെക്കറേഷന് കമ്മറ്റിയാണാ?" റോയിച്ചനറിയണം.
"അല്ല"
"പിന്നെന്തു കമ്മറ്റി?"
"റിസപ്ഷന് കമ്മറ്റി. നിനക്കിപ്പൊ എന്താ വേണ്ടേ?" ഞാന്‍ അല്പം ബാസ്സുകൂട്ടി ഗൌരവത്തില്‍ ചോദിച്ചു.
"ഹേയ്, എനിക്കൊരു കാര്യം അറിയാനൊണ്ടായിരുന്നു. ഈ മൊത്തം ഹോസ്റ്റലില്‍ ആ ഡെക്കറേഷന് അതൊന്നേ ഒള്ളോ?"
അവന് കൈചൂണ്ടിയ വഴിയ്ക്ക് എന്റെ ദൃഷ്ടി നീണ്ടു. രണ്ടാം നിലയില്‍ തെക്കുഭാഗത്തെ സ്റ്റെയര്‍കേസിന്റെ തൊട്ടടുത്ത് മനോഹരമായി അലങ്കരിച്ച രണ്ടുതൂണുകള്‍. തൂണുകള്‍ക്കിടയിലൂടെ നോക്കിയാല്‍ വരാന്തയിലെ മച്ചില്‍ പിടിപ്പിച്ചിരിക്കുന്ന സുതാര്യമായ നീലവര്‍ണ്ണക്കടലാസുകൊണ്ടുമൂടിയ ട്യൂബ് ലൈറ്റ് തെളിഞ്ഞുനില്ക്കുന്നത് കാണാം. തൂണ്ടുകളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു അഴ. ആ അഴയില്‍ ട്യൂബ് ലൈറ്റിനെ ഭാഗികമായി മറച്ചുകൊണ്ട് അതാ കിടക്കുന്നു ചാരനിറത്തിലുള്ള ഒരു വിഐപി അണ്ടര്‍വെയര്‍!
ഠിം! തട്ടിന്‍പുറത്ത് കൊട്ടത്തേങ്ങാ വീണപോലെ ഒരു ശബ്ദം എന്റെ നെഞ്ചുംകൂടിനകത്തുനിന്നും വന്നു. ഈശ്വരാ, എന്റെ പുതിയ ഷഡ്ഡിയല്ലേ ത്രികോണം മറിച്ചിട്ടകൂട്ട് അവിടെ തൂങ്ങിക്കിടക്കുന്നത്! എന്റെ മനസ്സ് എഴുപതുകളിലെ സിനിമയിലേതുപോലെ ഏകകേന്ദ്രവൃത്തങ്ങളായി ഫ്ലാഷ്ബാക്ക് ചെയ്തു.
ഹോസ്റ്റല്‍ ഡേയ്ക്കു രണ്ടു ദിവസം മുമ്പ് എല്ലാ അഴകളും നീക്കിയിരിക്കണമെന്നായിരുന്നു സിഐഎയുടെ കല്പന. അതുകൊണ്ട് അതിന്റെ തലേയാഴ്ച എല്ലാ അന്തേവാസികളും തുണികഴുകല്‍ യജ്ഞത്തിലായിരുന്നു. ഒരിക്കല്‍ ഞാന്‍ കുളികഴിഞ്ഞുവന്നപ്പോള്‍ എന്റെ ലങ്കനും തോര്‍ത്തും ഉണക്കാനിടാന്‍ വരാന്തയുടെ അറ്റത്തുള്ള ആ ഒരു ഇടമേ കിട്ടിയുള്ളൂ (സാധാരണ എല്ലാവരും സ്വന്തം മുറിയുടെ ഉമ്മറത്തുള്ള അഴയിലാണ് ഉണക്കാനിടാറ്). പിറ്റേദിവസത്തെ കുളിക്ക് തോര്‍ത്ത് എടുത്തുവെങ്കിലും ലങ്കന്റെ കാര്യം പാടേ മറന്നുപോയി. അവനാണ് ഇപ്പോള്‍ വേതാളം പോലെ മുകളില്‍ തൂങ്ങിക്കിടക്കുന്നത്.
സ്വമേധയാ നീക്കം ചെയ്യാത്ത അഴകളും തുണികളും നീക്കം ചെയ്യാന്‍ സിഐഎ വക നിര്‍ദ്ദേശമുണ്ടായിട്ടും ഡെക്കറേഷന് കമ്മറ്റിയിലെ ഉണ്ണാമന്മാര് അതു ചെയ്യാത്തതില്‍ ഞാന്‍ (മനസ്സില്‍) രോഷം കൊണ്ടു. മൊത്തം ഹോസ്റ്റലില്‍ ആ ഒരു അഴയും ആ അഴയില്‍ ഈയൊരു തുണിയുമേയുള്ളു. റോയിച്ചന് ചൊറിഞ്ഞതിലും കാര്യമുണ്ട്. ഇനിയിപ്പോള്‍ കാര്യങ്ങള്‍ സ്വന്തം നിയന്ത്രണത്തിലേറ്റെടുത്തേ പറ്റൂ.
ഒരു ഭാവഭേദവും പുറത്തുകാണിക്കാതെ ഞാന്‍ പതുക്കെ അവിടെനിന്നു വലിഞ്ഞു. ഈ പ്രോബ്ലം സോള്‍വ് ചെയ്തേ പറ്റൂ. ബുദ്ധിപൂര്‍വ്വം നീങ്ങിയാല്‍ ഇവന്മാരുടെയെല്ലാം കണ്ണുവെട്ടിച്ച് അപമാനകാരിയായ ആ തുണിക്കഷണം അവിടെനിന്നു മുക്കാം. ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളെ പിന്തള്ളി പ്രവേശനപ്പരീക്ഷയില്‍ ഉന്നത വിജയം നേടിയവനായതുകൊണ്ട് ബുദ്ധിയുടെ കാര്യത്തില്‍ എനിക്കൊരു സംശയവുമില്ലായിരുന്നു (അതിനു ശേഷം ഓരോ സെമസ്റ്ററിലും രണ്ടു സപ്ലി വീതം അടിച്ചിരുന്നുവെന്ന കാര്യം വേറെ).
വിജയകരമായ ഏതു കൃത്യനിര്‍വഹണത്തിനും പ്ലാനിങ്ങ് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് ഞാന്‍ അല്പം മാറിനിന്ന് മനസ്സില്‍ തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി. അനന്തരം പടിഞ്ഞാറുവശത്തെ സ്റ്റെയര്‍കേസില്‍ക്കൂടി രണ്ടാം നിലയിലേയ്ക്കു കയറി. എന്നിട്ട് വടക്കേ വിങ്ങില്‍ നിന്ന് രംഗനിരീക്ഷണം ചെയ്തു.
കുറച്ചുസമയത്തിനുള്ളില്‍ ഫുഡ് കമ്മറ്റിക്കാര് താഴെ വൈനും ജൂസും സെര്‍വ് ചെയ്യാന്‍ തുടങ്ങി. ഇതുതന്നെ പറ്റിയ അവസരം!
ഞാന്‍ പതുക്കെ അലക്ഷ്യമായി കിഴക്കോട്ടു നടന്നു. പിന്നെ കിഴക്കുവശത്തെ ടിവി ഹാളിനു മുമ്പില്‍ക്കൂടി തെക്കേവിങ്ങിലേയ്ക്ക്. തെക്കുഭാഗത്തെ സ്റ്റെയര്‍കേസിന്റെ മറവില്‍ നിന്ന് ആരുടേയും ശ്രദ്ധ ഇങ്ങോട്ടില്ലെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. പിന്നീടെല്ലാം വളരേ പെട്ടന്നായിരുന്നു - ഒരു ചീറ്റപ്പുലിയേപ്പോലെ ഞാന്‍ ചാടി കൈനീട്ടി..........
....ട്യൂബ് ലൈറ്റിന്റെ സ്വിച്ച് ഓഫ് ചെയ്തു!
ഇതിനെയാണ് ബുദ്ധി, ആസൂത്രണം എന്നൊക്കെ പറയുന്നത്. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ പറ്റിയ, റിസ്കില്ലാത്ത ഒരു നീക്കമായിരുന്നു അത്. ആ നേരത്ത് ഇരുട്ടിയിട്ടില്ലാത്തതുകൊണ്ട് ട്യൂബ് ലൈറ്റ് കെടുത്തിയത് ആരും ശ്രദ്ധിക്കാനിടയില്ല. ശ്രദ്ധിച്ചിരുന്നെങ്കില്‍ത്തന്നെ ട്യൂബ് ലൈറ്റ് കെടുത്താന്‍ പ്രശ്നമൊന്നുമില്ല. കുറച്ചുനേരം കഴിഞ്ഞാല്‍ ഇരുട്ടും. അപ്പോള്‍ ഇരുട്ടിന്റെ മറവില്‍ ആരും കാണാതെ ലങ്കനെ അടിച്ചുമാറ്റാന്‍ ആ നീക്കം സഹായിക്കും. എങ്ങനെയുണ്ടെന്റെ ബ്രെയിന്‍? (ഇപ്പൊ പറയണ്ട, മുഴുവന്‍ വായിച്ചിട്ടു മതി)
താഴെനിന്ന് ചിക്കന്‍ ബിരിയാണിയുടെ സുഗന്ധം അന്നനാളത്തെ പ്രകമ്പനം കൊള്ളിക്കുന്നു. ഇതിനകം വൈന്‍ മിസ്സായി. ബിരിയാണി തീരുന്നതിനു മുമ്പെങ്കിലും ഈ ഓപ്പറേഷന് ഗ്രേ ലങ്കന്‍ തീര്‍ക്കണം.
നേരെ ടിവി ഹാളില്‍ ചെന്ന് ടിവി ഓണ്‍ ചെയ്തു. ക്രൂരദര്ശനില് 'കൃഷി ദര്ശന്' തകര്‍ക്കുന്നു. കോട്ടും സൂട്ടുമിട്ട ഏതോ കുടവയറന്‍ കറുത്ത് അരിവാളുപോലിരിക്കുന്ന ഏതോ പാവം ബീഹാറി കര്‍ഷകനുമായി ഹിന്ദി പോലെ തോന്നിക്കുന്ന ഒരു ഭാഷയില്‍ പാടത്തുനിന്ന് ഗോതമ്പുകൃഷിയേക്കുറിച്ച് ബോധവല്‍ക്കരിക്കുകയോ അഭിമുഖസംഭാഷണം നടത്തുകയോ മറ്റോ ചെയ്യുകയാണ്. നിവൃത്തിയില്ലാത്തതുകൊണ്ട് കുറച്ചുനേരം അതും നോക്കിയിരുന്നു. പാപി ചെല്ലുന്നേടം പാതാളം.
ഏതാണ്ട് പത്തുമിനിട്ടുകൂടി കഴിഞ്ഞപ്പോള്‍ താഴെ പ്ലേറ്റുകള്‍ കൂട്ടിത്തട്ടുന്ന ശബ്ദം കേട്ടുതുടങ്ങി. ബിരിയാണിയുടെ രാജകീയമായ വരവു തുടങ്ങിയിരിക്കുന്നു. ഇനിയൊരു അഞ്ചുമിനിട്ടുകൂടി കാത്താല്‍ അഞ്ചാം നമ്പര്‍ ടേബിളില്‍ ബിരിയാണിയെത്തും. വീണ്ടും കൃഷിദര്‍ശനില്‍ കണ്ണുറപ്പിച്ചു.
അഞ്ചുമിനിറ്റൂകഴിഞ്ഞപ്പോള്‍ ടിവി ഓഫ് ചെയ്തു. ഹാളില്‍നിന്ന് പുറത്തുവന്ന് സ്ഥിതിഗതികള്‍ ഒന്നുകൂടി നിരീക്ഷിച്ചു. അഞ്ചാം നമ്പറുകാര്‍ ബിരിയാണിയില്‍ കയ്യിടാന്‍ തുടങ്ങുന്നതേയുള്ളു. ഗുഡ് ടൈമിങ്ങ്.
ഞാന്‍ സാവധാനം വീണ്ടും തെക്കോട്ടു നടന്നു. സ്റ്റെയര്‍കേസിന്റെ മറവില്‍ നിന്ന് ഒന്നുകൂടി നോക്കി. എല്ലാവരുടേയും പൂര്‍ണ്ണ ശ്രദ്ധ ബിരിയാണിയിലാണെന്ന് ഉറപ്പുവരുത്തി. ചുറ്റൂപാടും നോക്കി ഇരുട്ട് വേണ്ടത്ര കനത്തതാണെന്ന് സ്ഥിരീകരിച്ചു.
ആക്ഷന്‍!
മിന്നല്‍പ്പിണരിന്റെ വേഗത്തില്‍ എന്റെ കൈ ചലിച്ചു. ഞൊടിയിടയില്‍ ആ ലങ്കന്‍ എന്റെ കൈപ്പിടിയില്‍ അമര്‍ന്ന് വരാന്തയുടെ അരമതിലിന്റെ പിന്നിലായി! കാണാമറയത്ത്!
രണ്ടു സെക്കന്റ് നേരം ശാന്തം. പൊടുന്നനെ അഞ്ചാം നമ്പര്‍ ടേബിളില്‍ നിന്നും രണ്ടുപേരുടെ കരഘോഷം. ആ ടേബിളിലെ മറ്റൂള്ളവര്‍ ഉടനേ അതേറ്റുപിടിച്ചു. അതുകണ്ട് നാലും ആറും ടേബിളുകളിലുള്ളവര്‍ എഴുന്നേറ്റു കൈയ്യടി തുടങ്ങി. പന്ത്രണ്ടു സെക്കന്റ് പിന്നിട്ടപ്പോള്‍ മാഷമ്മാരൊഴികെ ലേഡീസടക്കമുള്ള സകലരും എഴുന്നേറ്റുനിന്നു കൈയ്യടിക്കുന്നു.
ചമ്മി നാറി പണ്ടാറടങ്ങി!! വല്യകാര്യമായി എച്ചില്‍ക്കൈകള്‍ കൂട്ടിത്തട്ടുന്ന മുക്കാല്‍ ഭാഗത്തിനും അറിയില്ല എന്തു കുന്തത്തിനാണ് നിന്നു കൈകൊട്ടുന്നത് എന്ന്! ആരെങ്കിലും ഒരു ഗോഷ്ടി കാണിച്ചാല്‍ ഉടനേ അതേറ്റുപിടിച്ചോളും $#%#$$%@....
അരിശം മൂത്ത് മുറിയുടെ വാതില്‍ തുറക്കാന്‍ നോക്കുമ്പോള്‍ താക്കോല്‍ പണ്ടാരം താഴിനകത്തോട്ടു കേറുന്നുമില്ല. താഴിനിട്ട് നാലു പച്ചത്തെറിപറഞ്ഞ് ഒരുകണക്കിന് താക്കോല്‍ കുത്തിത്തിരുകി വാതില്‍ തുറന്നു. അകത്തുകടന്ന് വാതില്‍ വലിച്ചടച്ചു കുറ്റിയിട്ട് ആ ഷഡ്ഡി നിലത്തേയ്ക്ക് ആഞ്ഞെറിഞ്ഞു. അതിനുശേഷം അന്നു പോളിഷ് ചെയ്ത ഷൂസിട്ട കാലുകൊണ്ട് കുറേനേരം ആ ലങ്കനുമേല്‍ താണ്ടവമാടി. കുറേ മണ്ണും പൊടിയും പറ്റിയെന്നല്ലാതെ 'വിഐപി'യ്ക് ഒരു പോറല്‍ പോലും ഏറ്റില്ലെന്നുകണ്ടപ്പോള്‍ കോപം പതിന്മടങ്ങു വര്‍ദ്ധിച്ചു. സഹമുറിയന്റെ മീശവെട്ടു കത്രികയെടുത്ത് ആ ലങ്കനെ തുണ്ടം തുണ്ടമായി കുത്തിക്കീറിക്കഴിഞ്ഞപ്പോഴേ മനസ്സ് അല്പം ശന്തമായുള്ളൂ.
ഇനിയെന്ത്?
വിഷാദമഗ്നനായി മുറിയ്ക്കകത്ത് അടച്ചുപൂട്ടിയിരിക്കാനൊന്നും പറ്റില്ല, ലവമ്മാര് ഇങ്ങാട്ടുവരും. റിസപ്ഷന് കമ്മറ്റിയുടെ പണി ഇനിയും ബാക്കികിടക്കുന്നു. ഗാനമേളയ്ക്ക് സ്റ്റേജില്‍ കേറി പാട്ടുപാടാനുണ്ട് - അതും ഒന്നല്ല രണ്ട്. അതേതാണ്ട് അവസരോചിതമെന്നു പറയാവുന്ന രണ്ടു പാട്ടുകളാണുതാനും - "മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ ഈണം പൂത്തനാള്‍ മധു തേടിപ്പോയി" എന്ന പാട്ടും "യാദ് ആ രഹാ ഹേ തേരാ പ്യാര്" (നിന്റെയൊക്കെ സ്നേഹം ഓര്‍മ്മ വരുന്നെടാ) എന്ന പാട്ടും. എല്ലാത്തിലും ഉപരിയായി, ബിരിയാണി - അതു വിട്ടിട്ടുള്ള ഒരു പരിപാടിയും ശരിയാവില്ല, വിശന്നു കുടലുകരിയുന്നു!
പതുക്കെ മുറിപൂട്ടി പുറത്തിറങ്ങി. ഹോസ്റ്റലില്‍ താമസിച്ചുപരിചയമായതുകൊണ്ടും ചെറുപ്പമായതുകൊണ്ടും തൊലിക്കട്ടിക്കൊരു കുറവുമുണ്ടായിരുന്നില്ല.
താഴെ ഒരു ഉജ്ജ്വല സ്വീകരണം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.

Sunday, May 29, 2011
കരുവാന്റെ വീട്
അദ്ധ്യായം ഒന്ന് | (മറ്റ് അദ്ധ്യായങ്ങള്‍ 1 . 2 . 3 . 4 . 5 . 6 . 7 ) |
ആര്‍ത്തുപെയ്യുന്ന തുലാവര്‍ഷത്തിന്റെ ഇരമ്പലിനിടയിലും തന്നെ പിന്തുടരുന്ന പോലീസുകാരുടെ ബൂട്ടുകള്‍ ചെളിയില്‍ ആഞ്ഞുപതിച്ചുപുളയുന്ന ശബ്ദം അയാള്‍ക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു.
ഈ ചെന്നായ്ക്കള്‍ക്ക് പിടികൊടുത്തുകൂടാ. ഒരായുസ്സിന്റെ തപസ്സ്, വരുംതലമുറകളുടെ ഐശ്വര്യം, എന്നും ഒന്നാമനായിമാത്രം ജീവിച്ച എന്റെ പൊന്നുമോന്റെ സല്‍പ്പേര് - എല്ലാം ഈയൊരു ഓട്ടത്തിലെ തോല്‍വികൊണ്ട് നഷ്ടപ്പെടുത്താന്‍ പാടില്ല.
അടിയന്തിരാവസ്ഥക്കാലത്ത് ഈ കുമാരന്റെ പിന്നാലെ ഓടിയ പോലീസുകാര്‍ക്കൊന്നിനും കുമാരന്റെ ഏഴയലത്തെത്താന്‍ പറ്റിയിട്ടില്ല. അക്കാലത്ത് എല്ലാ ഓട്ടവും ചെന്നവസാനിക്കുന്നത് മുക്കത്തുംകടവിലാണ്. കരകവിഞ്ഞൊഴുകുമ്പോളായാലും മുട്ടോളം മാത്രം വെള്ളമുള്ളപ്പോളായാലും പുഴയിലെത്തിപ്പെട്ടാല്‍ പിന്നെ പോലീസുകാര്‍ക്ക് ഒരുതരത്തിലും പിടികൂടാനാകില്ല. വെള്ളത്തില്‍ നീന്താനും വെള്ളത്തിലൂടെ ഓടാനും ഈ കുമാരനോളം പോന്നവന്‍ കേരളക്കരയില്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ വയസ്സ് അറുപത്തിമൂന്നായി. അന്നത്തോളം ആരോഗ്യമില്ലെങ്കിലും ഈ തെക്കമ്മാര് പോലീസുകാരെ ഓടിത്തോല്പ്പിക്കാന് ഇപ്പോളും പറ്റും - അയാള്‍ മനസ്സിലുറപ്പിച്ചു.
കൂരാക്കൂരിരുട്ട്. അത്താഴമൊക്കെക്കഴിഞ്ഞ് മിക്കവാറും വീടുകളിലെ പുറത്തേയ്ക്കുള്ള വിളക്കുകളെല്ലാം അണച്ചുകഴിഞ്ഞിരുന്നു. പക്ഷേ ഈ നാട്ടില്‍ക്കൂടി ഓടാന്‍ തനിക്ക് വെളിച്ചം വേണ്ട. ഏറെക്കാലമായി അക്കരെയാണ് താമസമെങ്കിലും ഈ നാട്ടിലാണ് താന്‍ ജനിച്ചുവളര്‍ന്നത്. അന്നത്തേക്കാള്‍ ഈ നാട് അധികമൊന്നും മാറിയിട്ടില്ല.
മഴക്കാലത്ത് തഴച്ചുവളര്‍ന്ന കുറ്റിച്ചെടികളെ വകഞ്ഞുമാറ്റൊക്കൊണ്ട് അയാള്‍ ഓടി. ഇത് ചൂരക്കാട്ടുകാരുടെ പറമ്പാണ്. ഇതിനു കിഴക്കാണ് പുന്നോത്തു കേശവമേനോന്റെ പറമ്പ്. അതിനപ്പുറത്ത് ശേഖരവാരിയരുടെ പുരയിടം. അതിനു വടക്കായിട്ടാണ് വലിയേടത്തു മന. മനയ്ക്കലെ പറമ്പിലൂടെ നേരെ കിഴക്കോട്ടോടിയാല്‍ പുഴയിലെത്താം.
ഒറ്റക്കുതിപ്പിന് വേലിചാടി അയാള്‍ മേനോന്റെ പറമ്പിലെത്തി. പിന്നാലെ വന്ന പോലീസുകാര്‍ ലാത്തികൊണ്ട് വേലി അടിച്ചുപൊളിക്കുകയാണ്. ആ പറമ്പിന്റെ വടക്കുഭാഗത്ത് ഒരു പൊട്ടക്കുഴിയുണ്ട്. പണ്ട് കിണറുകുത്താന്‍ നോക്കിയപ്പോള്‍ വെറും പത്തടി താഴ്ചയില്‍ പാറകണ്ടതുകൊണ്ട് കാലാകാലങ്ങളായി അതങ്ങനെ കിടക്കുകയാണ്. കുഴിയുടെ അരികുപിടിച്ച് നേരെ കിഴക്കോട്ടോടി. പോലീസുകാര്‍ അതു ശ്രദ്ധിക്കില്ലെന്നും കുഴിയില്‍ വീണു കാലൊടിഞ്ഞ് അവിടെ കിടന്നോളുമെന്നുമാണ് കരുതിയത്. അവരുടെ കയ്യില്‍ ടോര്‍ച്ചുണ്ടായിരുന്നതുകൊണ്ട് അല്പം വൈകിയങ്കിലും ആ കുഴി അവരുടെ ശ്രദ്ധയില്‍ പെട്ടു. ഇതിനകം താന്‍ മേനോന്റെ വീടിന്റെ വടക്കുഭാഗത്തുള്ള ഇറയത്തുകൂടി ഓടി കിഴക്കേ അതിരില്‍ എത്തിക്കഴിഞ്ഞിരുന്നു.
വാരിയരുടെ മകന് ഗള്‍ഫില്‍ ഡോക്ടറാണ്. അയാള്‍ അയാളുടെ പത്തേക്കര്‍ പറമ്പിനു ചുറ്റും ഏഴടി പൊക്കമുള്ള ഒരു മതില് കെട്ടിയിരുന്നു.മതില് ചാടിക്കടക്കാതിരിക്കാന്‍ അതിനുമുകളില്‍ കുപ്പിച്ചില്ലും പതിച്ചിരുന്നു. പുതുമടിശ്ശീലക്കാരന്റെയൊരു കോട്ടമതില്‍, ഫൂ!
മതിലിനുതൊട്ട് ഒരു അടയ്ക്കാമരമുണ്ട്. അതില്‍പിടിച്ചുകയറിയാല്‍ മതിലിനപ്പുറത്തേയ്ക്കു ചാടാം.
മഴ തിമിര്‍ത്തുപെയ്യുകയാണ്. മരത്തില്‍ പിടിയുറയ്ക്കുന്നില്ല, കൈയ്യും കാലും വഴുതിപ്പോകുന്നു. ഒരു കണക്കിന് മതിലിന്റെ പൊക്കത്തോളം കയറിയെത്തിയപ്പോഴേയ്ക്കും പോലീസുകാര്‍ ഓടിയെത്തി. കൈയ്യും കാലും മരത്തിലൂന്നി മതിലിന്നപ്പുറത്തേയ്ക്കു ചാടിയ അതേ നിമിഷത്തിലാണ് തന്റെ കാലിനെ ലക്ഷ്യമാക്കി വീശിയ ലാത്തി ഠേ എന്ന് ആ അടയ്ക്കാമരത്തില്‍ കൊണ്ടുതെറിച്ചത്.
ഭാഗ്യവശാല്‍ ഒരു മണ്‍കൂനയുടെ മുകളില്‍ചെന്നാണ് വീണത്. മതിലിനപ്പുറത്ത് എന്താണെന്നു കാണാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. ചാടാതിരിക്കാനും നിവൃത്തിയില്ല. താഴെ ഒരു കല്ലോ മരമോ ആയിരുന്നെങ്കില്‍ കാലൊടിഞ്ഞ് അവിടെക്കിടക്കേണ്ടി വന്നേനേ.
അയാള്‍ മതിലില്‍ ചാരി കുറച്ചുനേരം നിന്നു.
വല്ലാത്ത കിതപ്പ്. ഹൃദയം പടപടാന്ന് തുടികൊട്ടുന്നു. പ്രായം തന്റെ ശക്തിയും ധൈര്യവും ക്ഷയിപ്പിച്ചോ ആവോ. തന്റെ ഓരോ മാംസപേശിയേയും ഇങ്ങനെ വിറപ്പിക്കുന്നത് തുലാവര്‍ഷത്തിന്റെ കുളിരോ അതോ ഉള്ളിലെ ഭയമോ? ഏതായാലും ഇങ്ങനെ ഓടിക്കൊണ്ടിരിക്കാന്‍ വയ്യ. പുഴയിലേക്ക് ഇനിയും മൂന്നു ഫര്‍ലോങ്ങ് ദൂരമുണ്ട്. കുറച്ചുനേരം ആ ജാതിമരത്തിനുമുകളില്‍ക്കയറി ഒളിച്ചിരിക്കാം. തെക്കന്മാര് കുറച്ചുനേരം മഴനനഞ്ഞു തെരഞ്ഞു മുഷിയട്ടെ.
ഈ മണ്ണ് ഒന്നവസാനമായി കാണാന്‍ വന്നതാണ് ഇക്കരേയ്ക്ക്. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ മാതിയെ കെട്ടി അക്കരെക്കുപോയതില്‍പ്പിന്നെ ഇങ്ങോട്ടു വന്നിട്ടില്ല. ഇവിടെ ഇപ്പോളുള്ള പുതുതലമുറയ്ക്ക് തന്നെ അറിയില്ലെങ്കിലും പഴയ ആള്‍ക്കാരെ ആരെയെങ്കിലും കണ്ടുമുട്ടാമെന്ന് പ്രതീക്ഷിച്ചാണ് വന്നത്. ആരെയും കണ്ടില്ല. കണ്ടവരെ സ്വയം പരിചയപ്പെടുത്താമെന്നും തോന്നിയില്ല.
അക്കരെയുള്ള വീടും പറമ്പും കഴിഞ്ഞ തിങ്കളാഴ്ച തീറായി. നാളേയ്ക്ക് സ്ഥലമൊഴിയണം. ഈ നാടും പരിസരങ്ങളും എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുന്നതിനുമുമ്പുള്ള ഒരു കൂടിക്കാഴ്ചയാവാം എന്നുകരുതി വന്നതാണ്. പരിചയമുള്ള ആരേയും കാണാന്‍കഴിയാത്ത സങ്കടത്തില്‍ കവലയിലെ ഷാപ്പില് രണ്ടെണ്ണം വീശാന്‍ കേറി. അവിടെനിന്നാണ് ഈ ഓട്ടം തുടങ്ങിയത്.
ഷാപ്പിലേക്ക് കേറുമ്പോള്‍ത്തന്നെ അവര്‍ മൂന്നുപേരും വലിയ ഒച്ചയില്‍ തര്‍ക്കിക്കുന്നുണ്ടായിരുന്നു. വരുത്തന്മാരാണെന്നു തോന്നി - നാട്ടിലെ സംസാരരീതിയല്ലായിരുന്നു അവരുടേത്. ഒരുകുപ്പി കള്ളുവാങ്ങി ഒഴിഞ്ഞ ഒരു മേശയിലിരുന്നപ്പോളാണ് അവരിലൊരുത്തന്‍ ഒരു ഫുള്‍ബോട്ടിലെടുത്ത് മറ്റവനെ എറിഞ്ഞത്. അത് അവന്റെ ദേഹത്തു തൊടാതെ താനിരുന്ന മേശമേല്‍ വീണുപൊട്ടിച്ചിതറി. ഷര്‍ട്ടും മുണ്ടുമെല്ലാം ആ പുളിച്ചുനാറുന്ന കള്ളുവീണു നനഞ്ഞു. ഇനി ഒന്നു ബസ്സില്‍ കയറി തിരിച്ചുപോകാന്‍പോലും പറ്റില്ലെന്നോര്‍ത്തപ്പോള്‍ നല്ല അരിശം വന്നു. ഏറിഞ്ഞവന്റെ കരണക്കുറ്റിക്കിട്ട് ഒന്നാ പൊട്ടിച്ചു. അപ്പോഴുണ്ട് അതുവരെ അവനോട് വഴക്കിട്ടിരുന്ന മറ്റുരണ്ടെണ്ണവും മെക്കിട്ടുകേറാന്‍ വരുന്നു. അവറ്റകള്‍ക്കും കൊടുത്തു ഓരോന്ന്. പതിനാലാമത്തെ വയസ്സുമുതല്‍ പച്ചിരുമ്പു പഴുപ്പിച്ച് അടിച്ചുമെരുക്കിയിട്ടുള്ള കൈകളാണിവ. ഇതുകൊണ്ടൊന്നു കിട്ടിയാല്‍ ഈ പൊണ്ണത്തടിയന്മാര് നാലു ദിവസത്തേക്ക് എഴുന്നേല്‍ക്കില്ല.
ഇത്രയുമായപ്പോള്‍ ഷാപ്പുകാരന് പോലീസിനെ വിളിച്ചു. ഏന്നാലിനി എന്നെപ്പോലൊരു പാര്‍ട്ടിക്കാരനെ പോലീസ് എന്തുചെയ്യാന്‍പോകുന്നുവെന്ന് കണ്ടിട്ടുതന്നെ കാര്യം, എന്നു കരുതി അവിടിരുന്നു. വിളിക്കുമ്പോളേക്കും ഓടിവരുന്ന പോലീസുകാരുള്ള നാടായിരുന്നെങ്കില്‍ എന്നേ നാടു നന്നായേനേ! ഇതിനിടെ മഴപെയ്യാന്‍ തുടങ്ങി. മുണ്ടും ഷര്‍ട്ടും മഴവെള്ളത്തില്‍ ഒന്നുനനച്ചു പിഴിഞ്ഞെടുത്തപ്പോള്‍ നാറ്റം കുറേ കുറഞ്ഞതായി തോന്നി. പിന്നെയും കുറച്ചുനേരം വെറുതേയിരുന്നപ്പോള്‍ തോന്നിയ മുഷിച്ചില് മാറ്റാനാണ് അവിടെക്കിടന്നിരുന്ന സായാഹ്നപത്രമെടുത്ത് നോക്കിയത്. അതിലെ പ്രധാനവാര്‍ത്തയും ചിത്രവും കണ്ട് ഞെട്ടിപ്പോയി! മഹാരാഷ്ട്രയിലെ ചര്‍ണിഗാവില്‍ ഉണ്ടായ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് എംജി മാഷും പതിനേഴ് കൂട്ടുപ്രതികളും അറസ്റ്റിലായി! ഇനിയും ആളുകളെ പിടികൂടാനുണ്ടെന്നും ചിലര്‍ കേരളത്തില്‍ ഒളിവിലാണെന്നും അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു!
വാര്‍ത്ത വായിച്ച് ആകെ ചിന്താക്കുഴപ്പത്തിലായി. വെറുതെ പെറ്റികേസില്‍പ്പെട്ട് പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങേണ്ടിവന്നാല്‍ അവസാനം ചെന്നുപെടുന്നത് ഈ തലപോകുന്ന കേസിലായിരിക്കും. പതുക്കെ തലയൂരാം എന്നുകരുതി പുറത്തിറങ്ങിയപ്പോളാണ് കോരിച്ചൊരിയുന്ന മഴയത്ത് ഒരു ഓട്ടോറിക്ഷയില്‍ രണ്ടിടങ്ങഴിയുടെ വയറുള്ള രണ്ടു പോലീസുകാര്‍ വന്നിറങ്ങിയത്. പിന്നൊന്നും ആലോചിച്ചില്ല, ഒറ്റയോട്ടമായിരുന്നു - പിന്നാലെ അവരും.
അദ്ധ്യായം രണ്ട് | (മറ്റ് അദ്ധ്യായങ്ങള്‍ 1 . 2 . 3 . 4 . 5 . 6 . 7 ) |
പോലീസ് ജീപ്പുകളുടെ നീട്ടിയുള്ള ഹോണ്‍ കേട്ട് അയാള്‍ പെട്ടന്ന് ചിന്തയില്‍നിന്നുണര്‍ന്നു. എത്ര ജീപ്പുകളുണ്ടെന്ന് തിട്ടപ്പെടുത്താന്‍ പറ്റുന്നില്ല. സര്‍ക്കാരിന്റെ വേട്ടനായ്ക്കള്‍ ഒരു ഇര മണത്തിട്ടുണ്ടെന്നു തോന്നുന്നു, അല്ലെങ്കില്‍ വെറും ഒരു തല്ലുകേസിലെ പ്രതിയെ പിടിക്കാന്‍ ഇത്രയും സന്നാഹങ്ങളോടെ അവര്‍ വരില്ല. ഓരോന്നായി വീടുകളുടെ പുറത്തേയ്ക്കുള്ള വിളക്കുകള്‍ തെളിഞ്ഞുവരുന്നു. പോലീസ് എല്ലാ വീടുകളിലും കയറിയിറങ്ങി വലിയ ഒച്ചയില്‍ ആളുകളെ ചോദ്യം ചെയ്യുന്നു, പുറത്തെ ലൈറ്റുകളൊക്കെ ഓണ്‍ ചെയ്തിടാന്‍ ആവശ്യപ്പെടുന്നു. വീടുകളിലുള്ള നായ്ക്കളെല്ലാം ഉച്ചത്തില്‍ കുരയ്ക്കുന്നുണ്ട്.
ഈ പ്രശ്നം കാരണം മോനു ദോഷമുണ്ടാകുമായിരുന്നില്ലെങ്കില്‍ ഈ കാക്കിക്കൂലിക്കാരെയൊക്കെ നിന്ന നില്പില് നാറ്റിച്ചേനെ. താന്‍ വരുത്തിവെച്ച അനര്‍ത്ഥം കാരണം അവന് ഇത്രനാള്‍ അദ്ധ്വാനിച്ചു പടുത്തുയര്‍ത്തിയതെല്ലാം നഷ്ടപ്പെടാന്‍ പാടില്ല. തന്റെ ജന്മത്തിനു കിട്ടിയ ഏറ്റവും വലിയ സമ്മാനമാണവന്‍. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷത്തിനുശേഷം, ഏറെ പ്രാര്‍ത്ഥനകള്‍ക്കും ചികിത്സയ്ക്കും ശേഷം, മാതിക്കുകിട്ടിയ തങ്കക്കുടം!
ജനിച്ചയന്നുമുതല്‍, ആ കുട്ടിക്കറുമ്പന്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാണെന്ന കാര്യം താന്‍ ശ്രദ്ധിച്ചിരുന്നു. വിശക്കുമ്പോളല്ലാതെ അവന് ഒരിക്കലും കരഞ്ഞിട്ടില്ല. അവനെ വെറുതെ പായയില്‍ കിടത്തിയിട്ടിട്ട് മാതി വീട്ടിലെ പണി മുഴുവന്‍ എടുക്കുമായിരുന്നു. ഉണര്‍ന്നിരിക്കുന്ന നേരത്ത് അവന് തന്നത്താന്‍ കളിക്കുകയും ഉറങ്ങേണ്ട നേരത്ത് സുഖമായി ഉറങ്ങുകയും ചെയ്യുമായിരുന്നു. മുട്ടിലിഴയുകയും നടക്കുകയുമൊക്കെ ചെയ്യുന്ന പ്രായത്തില്‍ അവന് പോകരുതാത്തിടത്ത് പോകുകയോ, എടുക്കരുതാത്ത സാധനങ്ങള്‍ എടുക്കുകയോ ചെയ്യാറില്ല. അയല്‍വീടുകളിലെ കുട്ടികളുമായി ഒരിക്കല്‍പോലും അവന് വഴക്കിട്ടിട്ടില്ല. അവന്റെ കൈയ്യിലുള്ള സാധനങ്ങള്‍ കൂട്ടുകാര്‍ തട്ടിപ്പറിച്ചു കൊണ്ടുപോകുമ്പോളും അവന് യാതൊരു ഭാവഭേദവുമില്ലാതെ നില്ക്കുന്നതു കണ്ടിട്ട് താന്‍ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.
സ്കൂളില്‍ പോകാന്‍ തുടങ്ങിയതോടെ ആ വ്യതാസം ഒന്നുകൂടി വ്യക്തമായി. മറ്റുള്ള കുട്ടികളേക്കാള്‍ പഠിക്കാന്‍ മിടുക്കും താല്‍പര്യവുമുള്ളവനായിരുന്നു അവന്. അതുകണ്ടിട്ടാണ് അഞ്ചാംക്ലാസ്സിലെത്തിയപ്പോള്‍ അവനെ അച്ചന്മാരുടെ സ്കൂളില്‍ ചേര്‍ത്തത്. അക്കാലത്ത് കൈനിറയെ പണിയുണ്ടായിരുന്നു - ആലയില്‍ ചൂടൊഴിഞ്ഞ നേരമുണ്ടായിട്ടില്ല. മാതിയാണെങ്കില്‍ പാല്‍വിറ്റും, ചാണകം വിറ്റും, അയല്‍വീടുകളില്‍ പശുവിനെ കറക്കാന്‍ പോയും, കൊയ്ത്തിനു പോയും, വീടുകളിലെ പുറംജോലികള്‍ ചെയ്തുമൊക്കെ മാസത്തില്‍ ആയിരത്തിലധികം രൂപ വേറെയും സമ്പാദിച്ചിരുന്നു. അതുകൊണ്ട് മാസംതോറുമുള്ള മുപ്പത്തിയേഴര രൂപ ഫീസും, പുസ്തകങ്ങളും, യൂണിഫോമുമൊക്കെ വലിയ ബുദ്ധിമുട്ടില്ലാതെ താങ്ങാന്‍ പറ്റുന്ന ചിലവുകളായിരുന്നു.
അഞ്ചിലും ആറിലും പഠിക്കുമ്പോള്‍ അവനും താനും ഏതാണ്ട് സമപ്രായക്കാരേപ്പോലെയാണ് പെരുമാറിയിരുന്നത്. അപ്പനോളം ബുദ്ധിയും അറിവും ഉണ്ടെന്ന് അവന് തോന്നിത്തുടങ്ങിയതുകൊണ്ടാകും, ദിവസേന മുട്ടന്‍ വഴക്കാണ് രണ്ടുപേരും തമ്മില്‍. എന്തുപറഞ്ഞാലും തര്‍ക്കുത്തരം പറയും. ദേഷ്യം വന്നാല്‍ തല്ലാന്‍ പോയിട്ട് അവന്റെനേരെ കൈയ്യോങ്ങാന്‍പോലും മാതി സമ്മതിക്കുമായിരുന്നില്ല, അതുകൊണ്ട് എല്ലായ്പോഴും അവനേ ജയിക്കാറുള്ളൂ. മാതിയില്ലാത്ത നേരത്ത് വീട്ടില്‍പോലും ഇരിക്കാറില്ല, അവന്. ഇടയ്ക്കൊക്കെ ആലയില്‍ തന്നെയൊന്ന് സഹായിക്കാന്‍ വിളിച്ചാല്‍പോലും തള്ളയുണ്ടെങ്കിലേ അവന് വരൂ.
ആറിലെ അരക്കൊല്ലപ്പരീക്ഷയുടെ സമയത്താണ് മാതി പോയത്. പ്രത്യേകിച്ചൊന്നുമുണ്ടായില്ല, പുഴയില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ തളര്‍ന്നുവീണു ബോധമില്ലാതെയായി. ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ പറഞ്ഞു, തലയ്ക്കകത്ത് ചോരവാര്‍ന്നുപോയെന്ന്. രണ്ടുദിവസമേ കിടന്നുള്ളൂ. അവള് പോയതോടെ താനാകെ തളര്‍ന്നു. പണിചെയ്യാന്‍ താല്പര്യമില്ലാതായി. ആയിടെ നാട്ടിലെ പണിക്കാരെല്ലാം ഗള്‍ഫിലേക്കുപോകാനും തുടങ്ങിയിരുന്നു. കൊല്ലപ്പണിചെയ്ത് ഇനി കുടുംബം പോറ്റാനാവില്ലെന്ന് അതോടെ തീരുമാനിച്ചു.
പട്ടികജാതിക്കാരനായതുകൊണ്ടും പാര്‍ട്ടിക്കാരനായതുകൊണ്ടും വലിയ താമസമില്ലാതെ കുറച്ചുദൂരെയുള്ള കൃഷിയാപ്പീസില്‍ ശിപായിയായി ജോലികിട്ടി. അതുകൊണ്ട് ആ കൊല്ലത്തെ പഠനച്ചിലവ് ഒരുവിധത്തില്‍ വലിച്ചെത്തിച്ചു. പിറ്റേക്കൊല്ലം തിരിച്ച് സര്‍ക്കാര്‍സ്കൂളില്‍ കൊണ്ടുചേര്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ടിസി വാങ്ങാന്‍ സ്കൂളില്‍ ചെന്ന ദിവസം ഹെഡ്മാഷ് അവധിയിലായിരുന്നു, അതുകൊണ്ട് മൈക്കലച്ചന്റെ അടുത്താണ് പേപ്പര്‍ ഒപ്പിടീക്കാന്‍ ചെന്നത്. അന്നത്തെ ദിവസം ഇന്നും ഓര്‍മ്മയിലുണ്ട്.
"ആ! എന്താ നേതാവേ ഈ വഴിക്കൊക്കെ?" കൃഷിയാപ്പീസില്‍ ജോലിക്കുചേര്‍ന്നതില്‍പ്പിന്നെ യൂണിയന്റെ ഏരിയാക്കമ്മറ്റിയംഗമായത് അച്ചന് അറിഞ്ഞിട്ടുണ്ടാവും.
"ഏയ്. കൊച്ചിന്റെ ടീസി മേടിക്കാന്‍ വന്നതാ."
"അതെന്താ? സഖാവ് നാടുവിട്ടുപൂവ്വാ?"
"അതോണ്ടല്ലച്ചോ. വീട്ടുകാരി മരിച്ചേയ്. അതോണ്ട് കാശിന്..." അതങ്ങു മുഴുവന്‍ പറയാന്‍ പറ്റിയില്ല. മോന് കരഞ്ഞു. താന്‍ കാരിരുമ്പുപോലെ നിന്നു. അച്ചന് ഒരു ഭാവഭേദവുമില്ലാതെ കുറച്ചുനേരം തന്റെനേരെ നോക്കി.
"നിങ്ങളുരണ്ടുപേരും കൊറച്ചുനേരം പൊറത്തുനിന്നേ. ഞാന്‍ കൊറച്ചുകഴിഞ്ഞ് വിളിക്കാം".
അച്ചന് സൂപ്രണ്ടിനെ അകത്തേക്കുവിളിപ്പിച്ച് എന്തോ സംസാരിച്ചു. സൂപ്രണ്ടു പുറത്തുവന്നപ്പോള്‍ രണ്ടുപേരോടും അകത്തേക്കുചെല്ലാന്‍ പറഞ്ഞു.
"കാശില്ലാത്തോണ്ട് ഇവടന്ന് കൊണ്ടോണ്ടാ. മാസം അഞ്ചര രൂപ ഫീസടച്ചാ മതി. പുസ്തകൊക്കെ മൂത്തോമ്മാരടെ കയ്യീന്ന് ഞാന്‍ മേടിച്ചുകൊടത്തോളാം. പിന്നെ രണ്ടുജോടി യൂണിഫോമും രണ്ടുജോടി ഷൂസുമല്ലേ വേണ്ടൂ. അത് തനിക്ക് മേടിച്ചുകൊടുത്തൂടെ."
മറുപടി പറയാന്‍ വാക്കുകളൊന്നും വന്നില്ല. "വല്ല്യ ഉപാരണ്ടച്ചോ, വല്ല്യ ഉപാരം" എന്നു മാത്രം വീണ്ടും വീണ്ടും പറഞ്ഞു.
ഏഴാംക്ലാസ്സ് മുതല്‍ അവനും താനുമായി മാനസികമായി അകലാന്‍ തുടങ്ങി. അത് സ്നേഹമില്ലാത്തതുകൊണ്ടൊന്നുമല്ല. അന്നുവരെ തന്നോട് തര്‍ക്കിച്ചിരുന്ന അവന് മാതി പോയതില്‍പ്പിന്നെ തന്നോട് വളരേ സ്നേഹത്തോടേയും ബഹുമാനത്തോടേയും മാത്രമേ ഇടപെട്ടിട്ടുള്ളൂ. താന്‍ പറയുന്ന ഒരു കാര്യവും അനുസരിക്കാതിരുന്നിട്ടില്ല. തനിക്കസുഖം വന്നാല്‍ ശ്രീധരന് വൈദ്യരുടെ അടുത്തുകൊണ്ടുപോകാനും കഷായവും അരപ്പുമൊക്കെ ഉണ്ടാക്കിത്തരാനും അവന് വളരേ ശ്രദ്ധിച്ചിരുന്നു. വീട്ടുപണികളൊക്കെ താന്‍ പറയാതെതന്നെ അവന് തന്നത്താന്‍ ചെയ്യുമായിരുന്നു. ഇതൊക്കെയായിട്ടും അപ്പനും മകനും തമ്മില്‍ ഒരകലം രൂപപ്പെട്ടുതുടങ്ങി. അതിനു പ്രധാന കാരണം തന്റെ മനസ്സില്‍ ദിവസം തോറും വര്‍ദ്ധിച്ചുകൊണ്ടിരുന്ന അവനോടുള്ള ബഹുമാനമാണ്. പഠിപ്പും ബുദ്ധിയും വിവരവുമില്ലാത്ത താന്‍ അവനേപ്പോലൊരുത്തനോട് എന്തുപറയാനാണ്! രണ്ടാമത്തെ കാരണം യൂണിയന് പ്രവര്‍ത്തനമൊക്കെക്കഴിഞ്ഞ് വൈകിയുള്ള തന്റെ വരവാണ്. രാത്രി എട്ടരയ്ക്കേ വീട്ടിലെത്താറുള്ളൂ. വരുമ്പോള്‍ വറീതിന്റെ പീടികയില്‍നിന്ന് കുറച്ചു ചോറും കറിയും പൊതിഞ്ഞുകൊണ്ടുവരും. രണ്ടുപേരും ഒരുമിച്ചിരുന്ന് അതുകഴിക്കുന്ന നേരത്തേ എന്തെങ്കിലും സംസാരിക്കാറുള്ളൂ. ഊണുകഴിഞ്ഞാല്‍ താന്‍ ഉമ്മറത്തിരുന്ന് ഒരു ബീഡിവലിക്കും, അതുകഴിഞ്ഞാല്‍ നേരെ പോയിക്കിടന്നുറങ്ങും. അവന് ഏറെ വൈകിയാണ് ഉറങ്ങാറ്, അതുകൊണ്ട് രാവിലെ വൈകിയേ എഴുന്നേല്ക്കൂ. അവന് എഴുന്നേല്‍ക്കുമ്പോഴേക്കും അല്പം കഞ്ഞിയുണ്ടാക്കിവെച്ച് താന്‍ സ്കൂള്‍കുട്ടികളുടെ തിരക്കു തുടങ്ങുന്നതിനുമുമ്പുള്ള ബസ്സുപിടിക്കാന്‍ പുറത്തേക്കിറങ്ങിയിട്ടുണ്ടാകും.
ഇങ്ങനെയൊക്കെയാണെങ്കിലും അവനേപ്പറ്റി വേവലാതിപ്പെടേണ്ട കാര്യമൊന്നുമില്ലായിരുന്നു. ക്ലാസ്സില്‍ അവന് തന്നെയായിരുന്നു എന്നും ഒന്നാമന്. കണക്കുപഠിപ്പിച്ചിരുന്ന വാള്‍ട്ടറച്ചന്‍ ഒരിക്കല്‍ വഴിയില്‍ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞത് എന്നും ഓര്‍മ്മയില്‍ നില്ക്കും - "രാജീവിന്റെ ഉത്തരക്കടലാസു നോക്കാന്‍ വളരേ എളുപ്പമാണ്. സാധാരണ ഓരോ ഉത്തരവും വായിച്ച് അതിനുള്ള മാര്‍ക്കിടുകയാണ് പതിവ്. രാജീവിന്റെ ഉത്തരക്കടലാസു കൈയ്യിലെടുത്താല്‍ തുടക്കം മുതല്‍ ഒടുക്കം വരെ വായിച്ചുനോക്കി അമ്പതില്‍ അമ്പത് എന്നെഴുതുകയേ വേണ്ടൂ". സ്കൂളിലെ മാഷമ്മാരുടെ സഹായത്തോടെ അവന് പല സ്കോളര്‍ഷിപ്പു പരീക്ഷകളിലും വിജയിച്ചിരുന്നു - അതില്‍ നിന്നു കിട്ടിയ പണമൊക്കെ അക്കാലത്ത് വലിയ ആശ്വാസമായിരുന്നു.
ഒമ്പതാം ക്ലാസ്സില്‍ എത്തിയതോടെ അവന് ഒരല്പം ഗൌരവക്കാരനായി. ഒച്ചയൊക്കെ കനത്തു. നല്ലപോലെ പൊക്കംവെച്ചു. നല്ല ഉറച്ച കരുത്തുള്ള ശരീരമായി. സംസാരത്തിലൊക്കെ ഒരു അധികാരഭാവം വന്നു. ആയിടയ്ക്കാണ് പുതിയ കൃഷി ആപ്പീസറായി തോമാസ് സാര്‍ സ്ഥലം മാറി വന്നത്. പാര്‍ട്ടി അനുഭാവിയും കമ്മൂണിസത്തിനെപ്പറ്റി വളരേയധികം വായിച്ചറിവുള്ള ആളുമായിരുന്നതുകൊണ്ട് അദ്ദേഹവുമായി വളരേ അടുത്തു. വൈകീട്ട് അല്പം മദ്യസേവ പതിവുള്ളയാളായിരുന്നു, അതുകൊണ്ട് മിക്കവാറും എല്ലാ ദിവസവും പുള്ളിയുടെ കൂടെ കള്ളുഷാപ്പില്‍ പോയി അല്പം മിനുങ്ങുന്നതു പതിവായി. മാതി പോയതില്‍പ്പിന്നെ ഇതൊക്കെ നിറുത്തിയതായിരുന്നു, തോമാസ്സാറിന്റെ കൂടെക്കൂടി അതൊക്കെ പിന്നെയും തുടങ്ങി. ഒരു ദിവസം അല്പം അധികം മദ്യപിച്ചാണ് വീട്ടില്‍ വന്നത്. അന്ന് അവന് തറപ്പിച്ചു പറഞ്ഞു - വെള്ളമടിച്ചു വീട്ടില്‍ വന്ന് അവനോട് ഒരക്ഷരം മിണ്ടരുതെന്ന്. പതിവുണ്ടായിരുന്ന രാത്രിസല്ലാപം അതോടെ ഇല്ലാതായി. പിന്നീട് അവന് എവിടെപ്പോകുന്നു, എപ്പോള്‍ വരുന്നു, ആരെക്കാണുന്നു, എന്തു ചെയ്യുന്നു എന്നുള്ള കാര്യങ്ങളൊന്നും തന്നെ താന്‍ ശ്രദ്ധിക്കാതായി. പാര്‍ട്ടി, ഇലക്ഷന്, സമരം, പിരിവ്, ഹര്‍ത്താല്‍, ചുവരെഴുത്ത്, പ്രകടനം, സമ്മേളനം, ധര്‍ണ്ണ, പിക്കറ്റിങ്ങ് - ഇതൊക്കെയായിരുന്നു തന്റെ ലോകം.
പത്താംക്ലാസ്സില്‍ അവന് റാങ്കുകിട്ടുമെന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ.അന്നൊക്കെ റാങ്കുകാരുടെ പടം പത്രങ്ങളിലെ ഒന്നാംപേജില്‍ വരുന്ന കാലമാണ്. പക്ഷേ അവന് റാങ്കുണ്ടായിരുന്നില്ല - ഒന്നാംറാങ്കുകാരിയേക്കാള്‍ ഇരുപത്തിമൂന്നു മാര്‍ക്ക് കുറവായിരുന്നു അവന്. പക്ഷേ ആ സ്കൂളില്‍ അതുവരെയുണ്ടായതില്‍വെച്ച് ഏറ്റവും കൂടിയ മാര്‍ക്കായിരുന്നു അവനു കിട്ടിയത്. അതിനവന് തെക്കേപ്പുരക്കല്‍ വാറുണ്ണി ജുവല്ലേഴ്സിന്റെ വക സ്വര്‍ണ്ണമെഡലും കിട്ടി.
പത്താംക്ലാസ്സ് കഴിഞ്ഞതോടെ മൈക്കലച്ചന്റെ ഔദാര്യത്തിലുള്ള പഠനം അവസാനിച്ചു. പ്രീഡിഗ്രിക്ക് കോളേജില്‍ ചേര്‍ക്കണം. ഫീസും പുസ്തകവുമൊക്കെയായി നല്ലൊരു തുക വേണം. കോളേജ് ഇരുപത്തിരണ്ടുകിലോമീറ്റര്‍ ദൂരെയാണ്. ഉച്ചഭക്ഷണം അവിടെ കാന്റീനില്‍ കഴിക്കുകയേ നിവൃത്തിയുള്ളൂ. കൈയ്യിലാണെങ്കില് പണമില്ല. കടം വാങ്ങി പഠിപ്പിക്കുന്നതിനേക്കാള്‍ ഭേദം ആ സ്വര്‍ണ്ണമെഡല്‍ അങ്ങു വിറ്റു കാശാക്കുന്നതാണ് എന്നു തീരുമാനിച്ചു.
വില്ക്കാന് തീരുമാനിച്ച സ്ഥിതിക്ക് അതു വാറുണ്ണിയുടെ അടുത്തുതന്നെ കൊണ്ടുചെല്ലാമെന്നു കരുതി. ആദ്യം അതു കൊണ്ടുചെന്നപ്പോള്‍ കടയിലെ ജോലിക്കാര്‍ അതിനു വിലയിടാന്‍ കൂട്ടാക്കിയില്ല - അവര്‍ ഒരു രശീതി മാത്രം തന്ന് "വാറുണ്ണ്യേട്ടന്‍ വരട്ടെ, വെല അങ്ങോരു് ഇടും. താന്‍ നാളെവന്ന് കാശുമേടിച്ചോണ്ടു പൊക്കോ" എന്നു പറഞ്ഞു. പിറ്റേന്ന് വാറുണ്ണി ആളെവിട്ടു വിളിപ്പിച്ചു. ചെന്നപ്പോള്‍ "തനിക്കെത്ര കാശു വേണടോ?" എന്നു ചോദിച്ചു. "വേണ്ടത് ഒരു മൂവായിരം ഉറുപ്പ്യാണ്. ന്നുച്ചട്ട്, ഉരുപ്പടിക്ക് ആ വെലണ്ടാവണന്നില്ല്യല്ലോ.അയിന്റെ വെലേന്താന്ന് എനിക്കറീല്ല്യ", എന്നുപറഞ്ഞു. വാറുണ്ണി ഒന്നും പറയാതെ മേശയ്ക്കകത്തുനിന്ന് മൂവായിരം രൂപ എണ്ണിത്തന്നു.
തോമാസ് സാറിനോട് ഈ വിവരം പറഞ്ഞപ്പോള്‍ പുള്ളി ഒന്നു ചിരിച്ചു. "ഏതായാലും മൂവായിരം രൂപയുടെ സ്വര്‍ണ്ണമെഡലൊന്നും ഒരാളും ഒരു സ്കൂള്‍കുട്ടിക്കും കൊടുക്കില്ല. ഒന്നുകില്‍ അയാള്‍ അയാളുടെ നല്ലമനസ്സുകൊണ്ട് ആ തുക തനിക്കു തന്നു. അല്ലെങ്കില്‍, താനുദ്ദേശിച്ച തുക അയാള്‍ തന്നില്ലെങ്കില്‍, താനിതു മറ്റാര്‍ക്കെങ്കിലും വില്ക്കാന് ശ്രമിക്കുമെന്നും, അയാളുടെ കള്ളമെഡല്‍ അതോടെ നാട്ടില്‍ പാട്ടാകുമെന്നും അയാള്‍ ഭയപ്പെട്ടു. രണ്ടാമതു പറഞ്ഞതാണു കേസെന്നാ, എനിക്കു തോന്നിയേ" എന്നായിരുന്നു പുള്ളിയുടെ അഭിപ്രായം. അതു തന്റെ ചങ്കില് തറച്ചു. ഏതായാലും പണം തിരിച്ചുകൊടുക്കാന്‍ യാതൊരു നിവൃത്തിയുമില്ല. അതുകൊണ്ട് അന്നേ ദിവസം പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നും താന്‍ രാജിവെച്ചു.
അദ്ധ്യായം മൂന്ന് | (മറ്റ് അദ്ധ്യായങ്ങള്‍ 1 . 2 . 3 . 4 . 5 . 6 . 7 ) |
പ്രീഡിഗ്രിക്കാലത്ത് എല്ലാ മാസവും ശമ്പളം കിട്ടുന്ന ദിവസം നൂറുരൂപ അവനു കൊടുക്കുകയായിരുന്നു പതിവ്. ഒരിക്കലും അതില്‍ക്കൂടുതല്‍ തുക അവന് ചോദിച്ചിട്ടില്ല. അത്രയൊക്കെയേ ചെലവുണ്ടാകൂ എന്നാണ് താനും ധരിച്ചത്. ഒരിക്കല്‍ അവന്റെ കൂട്ടുകാര്‍ അവനെ കളിയാക്കുന്നതു കേട്ടപ്പോളാണ് സത്യാവസ്ഥ മനസ്സിലായത്.
"ഒരൂസല്ല്യേടാ, ഞാന്‍ ലൈബ്രറീല് പേപ്പറു വായിച്ചോണ്ടിരിക്ക്യാട്ടോ. അപ്പൊ രാജു വന്നട്ട് 'ചരമക്കോളം എവടേ, ചരമക്കോളം എവടേ'ന്നു ചോദിച്ചോണ്ട് എല്ലാ പേപ്പറും എടുത്ത് ഭയങ്കര തെരച്ചില്‍! അപ്പൊ ഞാന്‍ വിചാരിച്ചു, ശ്ശെടാ, ഇവന് ആരു ചത്തു കാണാനായിട്ടാ ഇത്രേം ആക്രാന്തം കാട്ടണേന്ന്. പിന്ന്യല്ലേ കാര്യം മനസ്സിലായേ. ഈ ചരമം അടിച്ചുവരണ പേജിലാണ് ഈ ഉപന്യാസമല്‍സരത്തിന്റേം പ്രസംഗമല്‍സരത്തിന്റേം ക്വിസ്സിന്റേം കവിതാരചനാ മല്‍സരത്തിന്റേമൊക്കെ അറിയിപ്പും പരസ്യോമൊക്കെ അച്ചടിച്ചു വരണേ. നൂറും ഇരുന്നൂറുമൊക്കെ സമ്മാനള്ള പരിപാട്യാണെങ്കി കക്ഷി ഒറപ്പായിട്ടും ചേരും. മെഡലും ട്രോഫീം ഷീല്‍ഡുമൊന്നും പുള്ളിക്കു വേണ്ടാട്ടോ, ക്യാഷുള്ള ഏര്‍പ്പാടാണെങ്കിലേ പുള്ളി ചേരുള്ളൂ". കൂട്ടുകാരൊക്കെ അതുകേട്ട് ആര്‍ത്തുചിരിച്ചു. അവന് അതൊക്കെ കേട്ട് ഒരു ചമ്മിയ ചിരിയുമായി അവിടെ നിന്നു. തന്റെ ചങ്കിലെ കടലിരമ്പുന്നതുമാത്രം ആരും കേട്ടില്ല.
പ്രീഡിഗ്രിക്ക് കോളേജില്‍പ്പോയിത്തുടങ്ങി അധികം താമസിയാതെ തന്നെ അവനും അവന്റെ നാലു കൂട്ടുകാരും എഞ്ചിനീയറിങ്ങ് പ്രവേശനപ്പരീക്ഷയ്ക്കുള്ള പഠനം തുടങ്ങി. മാളക്കാരന്‍ ജെയിംസിന്റെ മോന് മെര്വിന്, ഉപ്പത്തെ കാളിദാസന്റെ മോന് വിനോദ്, വടക്കേ മതിലകത്തെ ശങ്കരന് നായരുടെ മകന് അനൂപ്, പൊയ്യക്കാരന്‍ രാധാകൃഷ്ണന്റെ മോന് സന്ദീപ് എന്നിവരുമായി ചേര്‍ന്നായിരുന്നു പഠിപ്പ്. കോളേജ് വിട്ടാല്‍ ഐവര്‍സംഘം ഈ പറഞ്ഞ നാലുപേരില്‍ ആരുടേയെങ്കിലും വീട്ടില്‍ കൂടും. പിന്നെ രാത്രി ഏറെ വൈകുന്നതുവരെ കുത്തിയിരുന്നു പഠിപ്പാണ്! തന്റെ വീട്ടിലേക്ക് ആരും വരാറില്ല - അവിടെ വൃത്തിയും സൌകര്യവുമൊക്കെ തീരെ കുറവാണല്ലോ.
പ്രീഡിഗ്രി രണ്ടാംകൊല്ലമായപ്പോഴേക്കും അവനെ കാണാന്‍ തന്നെ കിട്ടാതായി. മിക്കവാറും കൂട്ടുകാരുടെ വീട്ടിലാണ് അന്തിയുറക്കം. കുട്ടികള്‍ അങ്ങനെ വീട്ടില്‍ വരുന്നതും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും, പഠിക്കുന്നതും ഉറങ്ങുന്നതുമെല്ലാം കാര്‍ന്നോമ്മാര്‍ക്കും വല്യ ഇഷ്ടമുള്ള കാര്യമായിരുന്നു. അവനെയോര്‍ത്ത് താനും വളരേ സന്തോഷിച്ചു. അവന് സ്വന്തക്കാരെന്നു പറയാന്‍ ആരുമില്ല. വര്‍ഷങ്ങളോളമായി കഞ്ഞിയും ഹോട്ടല്‍ ശാപ്പാടും മാത്രമേ കഴിച്ചിട്ടുള്ളൂ. ഇങ്ങനെയെങ്കിലും ഒരു കുടുംബത്തിലിരുന്ന്, സന്തോഷത്തോടെ വര്‍ത്തമാനമൊക്കെപ്പറഞ്ഞ് വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാനുള്ള ഒരു യോഗം അവനുണ്ടായല്ലോ.
തൃശ്ശൂരെ എഞ്ചിനീയറിങ്ങ് കോളേജിലേക്കുള്ള പ്രവേശനപ്പരീക്ഷയ്ക്കു പഠിക്കുകയാണെന്നാണ് ആദ്യം അവന് തന്നോടു പറഞ്ഞിരുന്നത്. പിന്നീട് ഏറെക്കാലം കഴിഞ്ഞാണ് മദ്രാസിലെ ഐഐടി എന്നു പേരുള്ള ഒരു കോളേജില്‍ ചേരാനുള്ള പരീക്ഷയ്ക്കുപഠിക്കുന്ന വിവരം അവന് പറഞ്ഞത്. അവിടെ പ്രവേശനം കിട്ടാന്‍ വളരേ ബുദ്ധിമുട്ടാണെന്നും കിട്ടിയാല്‍ അവിടത്തെ പഠിപ്പ് വളരേ കേമമാണെന്നുമൊക്കെ അവന് പറഞ്ഞു. മദ്രാസിലൊക്കെ പോയി പഠിക്കുന്നതിനോട് തനിക്കു തീരെ താല്പര്യമില്ലായിരുന്നു - ഇപ്പോള്‍ത്തന്നെ ഒരുവിധത്തില്‍ ചെലവുമുട്ടിപ്പോകുന്നെന്നേയുള്ളൂ. പക്ഷേ അവനോട് എന്തു പറയാന്‍! എല്ലാം തന്നിഷ്ടം പോലെയല്ലേ ചെയ്യൂ.
അക്കാലത്ത് ഐഐടി എന്നൊന്ന് ഈ നാട്ടിലാരും കേട്ടിട്ടുപോലുമില്ല. അതിന്റെ പ്രവേശനപ്പരീക്ഷയ്ക്കു പഠിക്കാന്‍ മദ്രാസിലുള്ള ഒരു ടൂട്ടോറിയല്‍ കോളേജില്‍ നിന്ന് പുസ്തകങ്ങള്‍ തപാലില്‍ വരുത്തണം. ഒരു കോഴ്സിന് ആയിരത്തി ഇരുന്നൂറുരൂപ ചിലവാണ്. മെര്‍വിന്റെ പേരിലാണ് കോഴ്സിനു ചേര്‍ന്നത് - മോനൊഴികെയുള്ള നാലുപേരും കോഴ്സിന്റെ ചിലവ് തുല്യമായി പങ്കിട്ടു. രാജുമോന്റെ സാമ്പത്തികസ്ഥിതി അറിയാമായിരുന്നതുകൊണ്ട് കൂട്ടുകാര്‍ അവന്റെ കൈയ്യില്‍നിന്ന് പണം വാങ്ങാന്‍ കൂട്ടാക്കിയില്ല. അവന്റെ പിന്നീടുണ്ടായ എല്ലാ ഉയര്‍ച്ചയ്ക്കും കാരണം ആ നല്ല കൂട്ടുകാരാണ്.
ഐഐടി പ്രവേശനപ്പരീക്ഷാഫലം വന്നപ്പോള്‍ ഇന്ത്യയിലെ അറുപത്തിമൂന്നാമത്തെ റാങ്കുകാരനായിരുന്നു അവന്. അവനേക്കാള്‍ കുറഞ്ഞ റാങ്കായിരുന്നുവെങ്കിലും മെര്‍വിനും വിനോദിനും ഐഐടിയില്‍ പ്രവേശനം കിട്ടി. അനൂപ് അത്തവണ വിജയിച്ചില്ലെങ്കിലും തൊട്ടടുത്ത വര്‍ഷം പ്രവേശനം നേടി. അക്കൂട്ടത്തില്‍ സന്ദീപ് മാത്രം തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്നുള്ള എഞ്ചിനീയറായി.
പ്രവേശനം കിട്ടിയെന്നും ഉയര്‍ന്ന റാങ്കാണെന്നുമൊക്കെ അവന് വന്നു പറഞ്ഞപ്പോള്‍ താന്‍ അവനോടു ചോദിച്ചു - മദ്രാസിലൊക്കെ പോയി പഠിക്കാനുള്ള പണം എവിടന്നുവരും എന്ന്. വഴിയൊക്കെ അവന് കണ്ടുവെച്ചിട്ടുണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ പട്ടികജാതിക്കാര്‍ക്ക് പഠിക്കാനുള്ള ഏതോ ലോണ്‍ അനുവദിച്ചുകിട്ടാന്‍ അവന്റെ കൂടെ നടന്ന് അവന് പറഞ്ഞിടത്തൊക്കെ ചുണ്ടൊപ്പിട്ടുകൊടുത്തു. അവന്റെ മിടുക്കുകൊണ്ട് അതൊക്കെ അധികം ബുദ്ധിമുട്ടില്ലാതെ തരപ്പെടുത്തിയെടുത്തു.
അവന് മദ്രാസിലേക്ക് വണ്ടികയറിപ്പോയ ദിവസം ഇന്നും ഓര്‍മ്മയിലുണ്ട്. മെര്‍വിനും വിനോദും രണ്ടു വലിയ സൂട്ട്കേസ് നിറയെ സാധനങ്ങളുമായാണ് വന്നത്. മോന്റെ കയ്യില്‍ ആകെയുണ്ടായിരുന്നത് ഒരു ചെറിയ ബാഗും നാലുജോടി ഉടുപ്പും മാത്രം. അവരുടെ കാര്ന്നോമ്മാര് കുട്ടികളോട് ഒരു നൂറുകാര്യങ്ങള്‍ പറഞ്ഞുറപ്പിക്കുന്നുണ്ട്. ഭക്ഷണമൊക്കെ നല്ലോണം കഴിക്കണം, ഹോസ്റ്റലിലെ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പുറത്ത് ഹോട്ടലില്‍ പോയി കഴിക്കാന്‍ മടിക്കരുത്, ബാഗില്‍ അച്ചാറും പലഹാരപ്പൊതികളും വേണ്ടുവോളമുണ്ട്, പണം എത്ര വേണമെങ്കിലും ചോദിക്കണം, കിടക്കുന്നതിനുമുന്പ് പാലും കോംപ്ലാനും കഴിക്കാന്‍ മറക്കരുത്, ചെന്നയുടനെ മദ്രാസിലുള്ള ബന്ധുക്കളേയും കുടുംബസുഹൃത്തുക്കളേയും ഫോണ്‍ ചെയ്യണം, എന്തെങ്കിലും സഹായം വേണമെങ്കില്‍ അവരോടു ചോദിക്കണം, എന്തെങ്കിലും സൂക്കേടുവന്നാല്‍ ഉടനേ ഡോക്ടറേക്കാണണം, പതിവായി കഴിക്കേണ്ട മരുന്നുകള്‍ മുടങ്ങാതെ കഴിക്കണം, ആഴ്ചയിലൊരിക്കല്‍ വീട്ടിലേക്കു ഫോണ്‍ ചെയ്യണം, നല്ലോണം മനസ്സിരുത്തി പഠിക്കണം, അഞ്ചാറു ദിവസത്തിലധികം അവധിയുണ്ടെങ്കില്‍ ഉടനേ വീട്ടില്‍ വരണം എന്നൊക്കെ അവര്‍ കുട്ടികളോടുപറയുന്നതുകേട്ട് താനിങ്ങനെ അന്തംവിട്ടു നില്‍ക്കുകയായിരുന്നു. തനിക്കാണെങ്കില്‍ ചെക്കനോട് ഒന്നും പറയാനും വരുന്നില്ല. അലക്ഷ്യമായി "എല്ലാം എടുത്തട്ടില്ല്യേടാ?" എന്നൊരു ചോദ്യം മാത്രം അവനോടു ചോദിച്ചു. അവനാണെങ്കില്‍ 'എന്തിനാ വെറുതേ വേവലാതിപ്പെടുന്നത്' എന്ന ഭാവത്തില്‍ ഒരു ചിരി. തനിക്കാകെ പരിഭ്രമമായി.
അവസാനം കുട്ടികളുടെ കാര്‍ന്നോമ്മാരോട് അതു പറയാന്‍ തന്നെ തീരുമാനിച്ചു. "അതേയ്, സാറമ്മാരേ. ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടെ. നിങ്ങളു് നിങ്ങടെ കുട്ട്യോളെ ഫോണിലു് വിളിക്കുമ്പൊ എന്റെ കൊച്ചിന്റെ കാര്യംകൂടി ഒന്ന് ചോയ്ക്കണേ. അവന് അവടെ ആരൂല്ല്യേയ്. പിന്നെ കാശൊക്കെ അവന് ലോണെടുത്തട്ടുണ്ട്. എന്നാലും എന്തെങ്കിലും ഒരത്യാവശ്യം വന്നാ അവനെ ഒന്ന് സഹായിക്കണട്ടോ. വീട് വിറ്റട്ടാണെങ്കിലും ഞാന്‍ പൈസ തിരിച്ച് തന്നോളാ, അതുവിചാരിച്ചട്ട് വെഷമിക്കണ്ട. പിന്നേയ്, അവന് സൂക്കേടുവന്നാ ആരോടും പറേല്ല്യ, ഡോക്ടര്‍ടടുത്ത് പൂവ്വൂല്ല്യ. നിങ്ങടെ ക്ടാങ്ങളോട് അവനെ എടയ്ക്കൊക്കെ ഒന്നു നോക്കാന്‍ പറഞ്ഞോളോട്ടോ. സൂക്കേടു കൂടീറ്റ് പഠിക്കാനും പരീക്ഷ എഴുതാനും പറ്റാണ്ട് വരാന്‍ പാടില്ല്യല്ലോ, അതോണ്ട് പറഞ്ഞതാ...". ട്രെയിന്‍ വരുന്നതുവരെ ഇതെത്ര തവണ പറഞ്ഞുവെന്നറിയില്ല - അവസാനം ജെയിംസ് മാഷു പറഞ്ഞു "ഇതെത്രാമത്തെ പ്രാവശ്യാ കുമാരാ ഇതന്നെ പറയണ്ത്. ഒട്ടും വെഷമിക്കണ്ട. എല്ലാം ശെര്യാവും". മോനും മിണ്ടാതിരിക്കാന്‍ കണ്ണുകൊണ്ട് ആംഗ്യം കാട്ടിയതുകൊണ്ട് ആ സംസാരം അവിടെ നിര്‍ത്തി. വണ്ടി പ്ലാറ്റ്ഫോമില്‍ വന്നതും അവരെല്ലാം വണ്ടിയില്‍ കയറിയതുമൊന്നും താന്‍ അറിഞ്ഞതേയില്ല - മനസ്സില്‍ എന്തൊക്കെയോ കുഴഞ്ഞുമറിയുകയായിരുന്നു. അവനേയും കൊണ്ട് ആ വണ്ടി പോയപ്പോള്‍ മനസ്സ് ശൂന്യമായതുപോലെ തോന്നി. എല്ലാവരും പോയിട്ടും താന്‍ മാത്രം അവിടെ ആ പ്ലാറ്റ്ഫോമിലെ ബെഞ്ചില്‍ ബീഡിയും വലിച്ച് ഏറെനേരം കുത്തിയിരുന്നു.
ദോഷം പറയരുതല്ലോ, അവന്റെ കൂട്ടുകാരുടെ കാര്‍ന്നോമ്മാരു് മദ്രാസിലേക്കുവിളിക്കുമ്പോള്‍ ഉറപ്പായും അവനെ വിളിച്ച് രണ്ടുവാക്കുപറയാറുണ്ടായിരുന്നു. വഴിയില്‍ അവരെ എപ്പോള്‍ കണ്ടാലും മോന്റെ വിശേഷമൊക്കെ പറഞ്ഞുതരും. അവന് ആഴ്ചയില്‍ ഒരിക്കല്‍ എഴുതാറുണ്ടായിരുന്നു. അവന്റെ എഴുത്തുകളൊക്കെ തന്നത്താന്‍ വയിക്കാന്‍ കഴിയുമായിരുന്നെങ്കിലും മറുപടിയെഴുതാന്‍ മൂന്നാംക്ലാസ്സുവരെ മാത്രം പഠിച്ച ഈ കൊല്ലന് കഴിയില്ലായിരുന്നു. ഇനി അഥവാ രണ്ടക്ഷരം എഴുതാമെന്നുവെച്ചാല്‍ പേനപിടിക്കുന്ന വിശേഷപ്പെട്ട രീതി കാരണം ഒന്നുകില്‍ പേപ്പര്‍ കീറും അല്ലെങ്കില്‍ പേനയുടെ മുനയൊടിയും. അതുകൊണ്ട് തനിക്കുവേണ്ടി കത്തെഴുതിയിരുന്നത് തെക്കേലെ ലക്ഷ്മിക്കുട്ടിട്ടീച്ചറുടെ മോള് അമ്പിളിയായിരുന്നു. അവന് മദ്രാസില്‍ പോകുന്ന സമയത്ത് അവള് എട്ടിലേ ആയിട്ടുള്ളൂ, പക്ഷേ ഒരമ്മായിയമ്മയുടെ തന്റേടമായിരുന്നു അവള്‍ക്ക്. താന്‍ പറഞ്ഞുകൊടുക്കുന്ന പല കാര്യങ്ങളും അവള് എഴുതാന്‍ കൂട്ടാക്കില്ല. സൂക്കേടായ കാര്യവും കളക്ടറേറ്റ് ധര്‍ണ്ണയില്‍ പങ്കെടുത്തതിന് പോലീസ് അറസ്റ്റുചെയ്ത കാര്യവും, ബന്തിന്റെ ദിവസം ഉണ്ടായ അടിപിടിയില്‍ പരിക്കുപറ്റിയ വിവരവുമൊന്നും അവള് എഴുതില്ല. അങ്ങുദൂരെയുള്ള ആളിന്റെ മനസ്സുവിഷമിപ്പിക്കരുതത്രേ.
നാലുകൊല്ലത്തെ പഠിപ്പിനിടയില്‍ അവന് മൂന്നുതവണയേ വീട്ടില്‍ വന്നുള്ളൂ. അവനുപിന്നെ വീട്ടിലാരുമില്ലല്ലോ, വന്നിട്ടെന്തുചെയ്യാനാണ്! വരാന്‍ നല്ല ചിലവാണ് - അത്രയും പണമുണ്ടെങ്കില്‍ ഒരു മാസത്തെ ഭക്ഷണച്ചിലവ് നടന്നുപോകും. പിന്നെ, മദ്രാസില്‍ അവന് ചെന്നിട്ട് ഒരുമാസത്തിനകം കുറച്ചുകുട്ടികള്‍ക്ക് ട്യൂഷന് കൊടുക്കുന്ന ഏര്‍പ്പാട് തുടങ്ങിയിരുന്നു. അവിടെയൊക്കെ ട്യൂഷന് എടുക്കുന്നവര്‍ക്ക് നല്ല പണം കിട്ടുമത്രേ - അക്കാലത്ത് അവന്റെ പഠനച്ചിലവിന്റെ നല്ലൊരുഭാഗം ട്യൂഷനില്‍നിന്നു കിട്ടുന്ന വരുമാനം കൊണ്ടുതന്നെ നടക്കുമായിരുന്നു. അതുകൊണ്ട് കുട്ടികള്‍ക്ക് വേനലവധി ഉള്ളകാലത്തുമാത്രമേ അവന് വീട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ.
പഠിപ്പിന്റെ അവസാനത്തെ വര്‍ഷം അവന് വീട്ടില്‍ വന്നില്ല. പാസ്പോര്‍ട്ടിന് അപേക്ഷിക്കണമെന്നും അമേരിക്കയ്ക്ക് പഠിക്കാന്‍ പോകാനുള്ള ഏതോ പരീക്ഷയ്ക്ക് പഠിക്കണമെന്നും അതൊക്കെക്കാരണം വീട്ടില്‍ വരാന്‍ പറ്റില്ലെന്നും അവന് എഴുതിയിരുന്നു. നിനക്ക് ഇപ്പൊത്തന്നെ നല്ല പഠിപ്പില്ലേ, നാട്ടില്‍ നല്ലൊരു ജോലികിട്ടാന്‍ ഇതൊക്കെ പോരേ എന്നൊക്കെ താന്‍ എഴുതിയിരുന്നെങ്കിലും അവന് മറുപടിയൊന്നും പറഞ്ഞില്ല. പിന്നീടാണ് അറിഞ്ഞത്, മെര്‍വിനും വിനോദും ആ പരീക്ഷ എഴുതുന്നുണ്ടെന്നും, അനൂപ് അതിന്നടുത്തവര്‍ഷം അതെഴുതുമെന്നും, ഐഐടിയില്‍ പഠിച്ച മിക്ക കുട്ടികളും ഇങ്ങനെ പരീക്ഷയെഴുതി അമേരിക്കയ്ക്ക് പോകാറുണ്ടെന്നുമൊക്കെ.
ആ പരീക്ഷയിലും അവന് നല്ല മാര്‍ക്കോടെ ജയിച്ചിട്ടുണ്ടാകണം - കാരണം അവന് അമേരിക്കയിലെ ഏതോ വലിയ യൂണിവേഴ്സിറ്റിയില്‍ മുഴുവന്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ പ്രവേശനം കിട്ടി. അത് രണ്ടുകൊല്ലത്തെ പഠിപ്പാണെന്നും നല്ലോണം പഠിച്ചാല്‍ ഒരുകൊല്ലംകൊണ്ടു തീര്‍ക്കാമെന്നും അവന് പറഞ്ഞു. അപ്പോളും പണം പ്രശ്നമായി. വിമാനക്കൂലിക്കും അത്യാവശ്യം ചിലവിനുമൊക്കെയായി അമ്പതിനായിരം രൂപയോളം വേണം. വീടും പറമ്പും പണയം വെച്ചാല്‍ത്തന്നെയേ അത്രയും പണം ആരെങ്കിലും തരൂ. പക്ഷേ അവിടേയും അവനു പോകാനുള്ള വഴി അവന് തന്നെ കണ്ടെത്തി. ഒരു ദിവസം ഓഫീസില്‍നിന്നു വന്നപ്പോള്‍ അവന് പറഞ്ഞു, അവന് തൃശ്ശൂരുപോയി മൈക്കലച്ചനെ കണ്ടെന്നും അദ്ദേഹം ടിക്കറ്റ് ഏര്‍പ്പാടാക്കിക്കൊടുത്തെന്നും. മൈക്കലച്ചന്‍ അപ്പോഴേക്കും സഭയുടെ വളരേയധികം സ്ഥാപനങ്ങളുടെ മേല്‍നോട്ടം നടത്തുന്ന വലിയ ആളായിട്ടുണ്ടായിരുന്നു. അവന് അത്രയും പണം മിച്ചം വെച്ചിട്ടുണ്ടായിരുന്നോ അതോ അച്ചന് സഹായിച്ചതാണോ അതോ അച്ചന് പറഞ്ഞിട്ട് വേറാരെങ്കിലും സഹായിച്ചതാണോ എന്നൊന്നും അവന് പറഞ്ഞില്ല. ആ ടിക്കറ്റും പ്രോവിഡന്റ് ഫണ്ടില്‍നിന്നു കടമെടുത്തതും ഓഫീസില്‍നിന്നു പിരിഞ്ഞുകിട്ടിയതും ചേര്‍ത്ത് സ്വരൂപിച്ച എഴുന്നൂറ്റിപ്പതിനഞ്ച് ഡോളറും കൊണ്ടാണ് അവന് നാട്ടില്‍നിന്ന് വിമാനം കയറിയത്.
അവനെ വിമാനത്തില്‍ കയറ്റിവിടാനായി എയര്‍പോര്‍ട്ടില്‍ പോയ ദിവസം താന്‍ ഏറെ സന്തോഷത്തിലായിരുന്നു. കുട്ടികളും കാര്‍ന്നോമ്മാരും ചേര്‍ന്ന് ഒരു വലിയ ജീപ്പിലായിരുന്നു എയര്‍പോര്‍ട്ടിലേക്കു പോയത്. വിമാനത്താവളത്തിനുമുമ്പില്‍ വണ്ടിയിറങ്ങിയപ്പോള്‍ മനസ്സുനിറയെ അഭിമാനമായിരുന്നു. വെറുമൊരു കുഗ്രാമത്തിലെ പാവപ്പെട്ട കൊല്ലപ്പണിക്കാരന്റെ മകന് വിമാനം കയറി അമേരിക്കയിലേക്ക് പഠിക്കാന്‍ പോകുന്നു! മാതി അവിടെ മോളിലിരുന്ന് ഇതൊക്കെക്കണ്ട് വളരേ സന്തോഷിക്കുന്നുണ്ടാകുമെന്ന് തനിക്കു തോന്നി.
താനിങ്ങനെ നെഞ്ചുവിരിച്ചുനിന്ന് വെളുക്കെ ചിരിക്കുന്നതുകണ്ടിട്ടാകണം, മെര്‍വിന്റെ അപ്പന് ജെയിംസ് സാര്‍ പറഞ്ഞു: "എന്താ കുമാരാ, വെല്ല്യ സന്തോഷത്തിലാണല്ലോ".
"പിന്നല്ലേ സാറെ. എന്നേപ്പോലെ പഠിപ്പും കാശുമില്ലാത്തവന് ഇതൊക്കെ വെല്ല്യ സന്തോഷല്ലേ?"
"മോന് പോണേല് തനിക്ക് വെഷമൊന്നൂല്ല്യേ"
"എന്തിനാ സാറേ വെഷമിക്കണേ? അവന് പഠിക്കാന്‍ പോണതല്ലേ. രണ്ടുകൊല്ലത്തെ പഠിപ്പ് ഒരു കൊല്ലം കൊണ്ട് തീര്‍ക്കാന്‍ പറ്റുംന്നാ അവന് പറഞ്ഞേ. അതുകഴിഞ്ഞാ അവനിങ്കട് വരില്ല്യേ. കഴിഞ്ഞ നാലു കൊല്ലായിറ്റ് അവനെ കൊല്ലത്തില്‍ ഒരിക്കലേ കണ്ടിട്ടൊള്ളൂ. ഇനി ഒരുകൊല്ലംകൂടി ഇങ്ങനെ പോണം. അത്രല്ലേ ള്ളൂ?"
തന്റെ ആ പറച്ചില് കേട്ട് എല്ലാവരും മുഖത്തോടു മുഖം നോക്കി. ഒരു മിനിറ്റുനേരത്തേയ്ക്ക് എല്ലാവരും നിശ്ശബ്ദരായി.
"അല്ലാ, അപ്പൊ രാജു ഒരു കൊല്ലം കഴിഞ്ഞാ ഇങ്കട് തിരിച്ചുവരുംന്നാ കുമാരന് വിചാരിക്കണേ?" കാളിദാസന്‍മാഷിന്റെ ചോദ്യം.
"പിന്നല്ലാണ്ട്? അവന് അവടെ അമേരിക്കേല് എന്തു ചെയ്യാനാ?"
അതുകേട്ട് എല്ലാവരും ഒന്നു ചിരിച്ചു.
"ന്റെ കുമാരാ, ഐഐടീന്ന് അമേരിക്കയ്ക്കുപോയ ആരും പഠിപ്പുകഴിഞ്ഞ് ഇങ്ങോട്ടുവന്നിട്ടില്ല. പഠിപ്പുകഴിഞ്ഞാല്‍ അവര്‍ക്കവിടെ ഇവിടുത്തേതിനേക്കാള്‍ നല്ല ജോലിയും ശമ്പളവും ജീവിതസൌകര്യങ്ങളും മേല്‍ഗതിയുമൊക്കെയുണ്ട്. അതൊക്കെ ആരെങ്കിലും വേണ്ടന്നുവെയ്ക്കുമോ? രാജൂ, നീയിതൊന്നും നിന്റെ അപ്പനോടു പറഞ്ഞില്ലേ?"
"ഹേയ്, അതൊന്നും ശര്യാവില്ല്യ. അമേരിക്കാന്നുപറേണത് മനുഷ്യത്തമില്ലാത്തോരട നാടാണ്. സാമ്രാജ്യത്ത മുതലാളിത്തവാദികളാണ് അവരു്. വിയറ്റ്നാമിലു് പതിനായിരങ്ങളെയാണ് അവരു് കൊന്നൊടുക്കിയേ, അറിയോ? നമുക്ക് നമ്മടെ നാടന്ന്യാ നല്ലത്. അവട്യൊന്നും നിക്കാന്‍ കൊള്ളില്ല".
ഇത്തവണ മറുപടി പറഞ്ഞത് രാജുവാണ്.
"അവിടെ മനുഷ്യത്വത്തിന് ഒരു കൊഴപ്പോമില്ലപ്പാ. ഞങ്ങളുടെ കോളേജില്‍നിന്നു പാസ്സായ കുറേപ്പേര് അവിടെ വര്‍ഷങ്ങളായി താമസിച്ചു ജോലിചെയ്യുന്നുണ്ട്. അവിടെയുള്ള ശമ്പളവും സൌകര്യങ്ങളുമൊക്കെ നമുക്കിവിടെ സ്വപ്നം കാണാന്‍ പോലൂം പറ്റില്ല. നമുക്കുകിട്ടുന്ന ഈ അവസരം അങ്ങനെ കളയാന്‍ പറ്റില്ലല്ലോ". അവന് ഒന്നുനിര്‍ത്തി തന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. പറയാന്‍ വന്ന വാക്കുകളൊക്കെ തന്റെ തൊണ്ടയില്‍ കുടുങ്ങിക്കിടന്നു വിങ്ങി. "അപ്പനിതൊക്കെ ഇഷ്ടമാവില്ലെന്നും അറിഞ്ഞാല്‍ വിഷമമാകുമെന്നും എനിക്കറിയാം. അതുകൊണ്ടാണ് അതെല്ലാം പറയാതിരുന്നത്. ഇനി ഇതൊക്കെ ആലോചിച്ചിരിക്കണ്ടാ. പഠിപ്പുതീരാന്‍ ഒരു കൊല്ലമുണ്ടല്ലോ. നമുക്കപ്പോള്‍ നോക്കാം".
അതുകേട്ട് ഒന്നും പറഞ്ഞില്ല. അവന് അകത്തുകയറി കൈവീശി യാത്രപറഞ്ഞു. മറ്റുരണ്ടു കുട്ടികളും അവരുടെ കാര്‍ന്നോമ്മാരും എന്തുചെയ്യുന്നെന്ന് താന്‍ ശ്രദ്ധിച്ചതേയില്ല.
കുട്ടികള്‍ പോയശേഷം കാര്‍ന്നോമ്മാരെല്ലാം ഒരുതരം മരവിച്ച മുഖവുമായി തിരികെ ജീപ്പില്‍ വന്നിരുന്നു. തിരിച്ചുവീട്ടിലെത്തുന്നതുവരെ ആരും തമ്മില്‍ത്തമ്മില്‍ ഒന്നും മിണ്ടിയില്ല. വീട്ടില്‍ വന്നശേഷം താന്‍ പുറത്തേയ്ക്കുള്ള എല്ലാ വാതിലുകളും ജനാലകളും അടച്ചുകുറ്റിയിട്ടശേഷം അകത്തെ തളത്തിലിരുന്ന് ഉറക്കെയുറക്കെ കരഞ്ഞു. മാതി പോയപ്പോള്‍ പോലും താന്‍ അത്രയും കരഞ്ഞിട്ടില്ല. കരഞ്ഞുകരഞ്ഞ് കുറേ ശര്‍ദ്ദിച്ചു. വല്ലാത്തൊരു പേടിയും പരിഭ്രമവും തളര്‍ച്ചയും അന്നനുഭവപ്പെട്ടു. ഒന്നു കിടക്കാന്‍ പോലും ധൈര്യം വന്നില്ല - വീട്ടിനകത്തെ ലൈറ്റെല്ലാമിട്ട് ഉണര്‍ന്നിരുന്നാണ് നേരം വെളുപ്പിച്ചത്.
അദ്ധ്യായം നാല് | (മറ്റ് അദ്ധ്യായങ്ങള്‍ 1 . 2 . 3 . 4 . 5 . 6 . 7 ) |
വയ്യ. അതൊന്നും ഓര്‍ക്കാന്‍ വയ്യ. ഓര്‍ത്താല്‍ ശരീരം തളര്‍ന്നുപോകും. ശരീരം തളരേണ്ട സമയമല്ലിത്.
മഴയൊരല്പം തോര്‍ന്നിട്ടുണ്ട്. പതുക്കെ ഈ ജാതിമരത്തില്‍നിന്നിറങ്ങാം. ഒരേയിരുപ്പിരുന്നതുകൊണ്ടും തുലാവര്‍ഷത്തിന്റെ കുളിരുകൊണ്ടുമായിരിക്കണം, പേശികള്‍ക്ക് ചെറിയൊരു മരവിപ്പ്.
താഴെയിറങ്ങി പതുക്കെ ചെവിയോര്‍ത്തു. പോലീസുകാര്‍ അങ്ങു റോഡില്‍ സെക്കന്റ് ഷോ കഴിഞ്ഞുവരുന്ന ചെറുപ്പക്കാരോട് തട്ടിക്കയറുന്ന ഒച്ച മാത്രമേ കേള്‍ക്കാനുള്ളൂ.
പതുക്കെ മരങ്ങളുടെ മറവുപിടിച്ച് വടക്കോട്ടുനടന്നു. വടക്കുഭാഗത്ത് മനയ്ക്കലെ പറമ്പാണ് - അതങ്ങു പുഴവക്കുവരെ നീണ്ടുകിടക്കുന്ന പറമ്പാണ്. മതിലിനോടുചേര്‍ന്ന് ഒരു പാമ്പിന്‍കാവുണ്ട്. മതില്‍ചാടിക്കടക്കുമ്പോള്‍ കാവിലേയ്ക്കു ചാടുന്നതാണ് നല്ലത് - നിറയെ കാടുപിടിച്ചു കിടക്കുന്ന ഇടമാണ് അത്. അപ്പുറത്ത് ആരെങ്കിലും തന്നെ പിടിക്കാന്‍ കാത്തുനില്പുണ്ടോയെന്നറിയില്ല, ഒരുപക്ഷേ ആരെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ അവര്‍ കാവിനകത്തേയ്ക്കു വരാന്‍ ധൈര്യപ്പെടില്ല. അങ്ങോട്ടിറങ്ങി ചുറ്റുപാടും ഒന്നു സൂക്ഷിച്ചുനോക്കിയിട്ടാവാം ഇനിയത്തെ ഓട്ടം. ഭാഗ്യമുണ്ടെങ്കില്‍ പാമ്പുകടികൊള്ളാതെ രക്ഷപ്പെടാം.
മുണ്ടുരിഞ്ഞ് നാലായി മടക്കി കൈയ്യിലെടുത്തു. പറമ്പില്‍ കിടന്നിരുന്ന ഒരു തെങ്ങിന്‍പട്ടയെടുത്ത് മതിലില്‍ ചാരിവെച്ചു. അതില്‍പ്പിടിച്ച് സാവധാനം മുകളില്‍ കയറി മതിലിന്റെ അപ്പുറത്തും ഇപ്പുറത്തുമായി പിടിയുറപ്പിച്ചു. മടക്കിയ മുണ്ട് ഒരു കൈകൊണ്ട് കുപ്പിച്ചില്ലുപതിച്ച മതില്‍പ്പുറത്തേയ്ക്കിട്ടു. മുണ്ടിനു മുകളില്‍ കൈത്തണ്ട പതുക്കെ അമര്‍ത്തിനോക്കി. കുഴപ്പമില്ല. ചില്ലു കുത്തുന്നുണ്ടെങ്കിലും മുറിയുന്നില്ല.
മതിലിനുമുകളില് കൈയ്യൂന്നി ഒന്നു കരണം മറിഞ്ഞു. കൈ ഒരല്പം നൊന്തെങ്കിലും മുറിഞ്ഞില്ല. നാലുചുറ്റും നിറയെ വള്ളികളും മരങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ കാട്. കൂരാക്കൂരിരുട്ട്!
ഇഴജന്തുക്കളുടെ അനക്കമൊന്നും കേള്‍ക്കാനില്ല. ഭാഗ്യം. മതിലിനുമുകളില് കിടന്ന മുണ്ടുവലിച്ചെടുത്തു. ചില്ലുകളില്‍ ഉടക്കി അതു ഭംഗിയായി കീറി.
മനയയ്ക്കല്‍ തെക്കോട്ടുള്ള ലൈറ്റിട്ടിട്ടുണ്ട്. പോലീസുകാര്‍ പറഞ്ഞിട്ടായിരിക്കും.
മനയുടെ തെക്കുഭാഗത്ത് വാരിയരുടെ മതിലിനോടു ചേര്‍ന്ന് ഒരു കക്കൂസ്സുണ്ട്. ഒരൊറ്റയോട്ടമോടിയാല്‍ ഈ കാവില്‍നിന്നു രക്ഷപ്പെടുകയുമാകാം കക്കൂസിനും മതിലിനും ഇടയിലുള്ള വിടവില്‍ ഒളിക്കുകയുമാവാം. പരിസരം അവലോകനം ചെയ്യാന്‍ പറ്റിയ ഇടമാണ് അത്.
മുണ്ട് കൈയ്യില്‍ ചുരുട്ടിപ്പിടിച്ച്. നേരെ ആ കക്കൂസിന്റെ പിന്നിലേയ്ക്കോടി. അവിടെ മറഞ്ഞുനിന്ന് നാലുപാടും നോക്കി.
"ആരാവടെ പൊറത്ത്? ആരാന്ന്?".
ഹോ! നമ്പൂരി ഈ നേരത്ത് ഇതിനകത്തുകുത്തിയിരിക്കുകയായിരുന്നോ! ഇയാള്ക്കൊന്നും വേറേ പണിയില്ലേ!
"ആത്തോലേ ആ ടോര്‍ച്ചിങ്കടു കാണിക്യാ. ഇതിന്റെ പിന്നില്‍ ആരാണ്ടിണ്ടെന്നാ തോന്നണേ!"
കക്കൂസിന്റെ പിന്നില്‍നിന്ന് ഒന്നെത്തിനോക്കിയപ്പോള്‍ ടോര്‍ച്ചിന്റെ വെളിച്ചം നേരെ മുഖത്തടിച്ചു. ആത്തോല് അലമുറയിട്ടു കരയാന്‍ തുടങ്ങി. ഇവിടെനിന്നു രക്ഷപ്പെടണം. ഉടന്‍.
വാരിയരുടെ മതില് ഏതാണ്ട് പത്തുവാര അകലെ അവസാനിക്കും അതിനപ്പുറത്ത് കറുപ്പന് ആന്റണിയുടെ വീടാണ്. അയാളുടെയും നമ്പൂരിയുടേയും പറമ്പിനിടയ്ക്ക് ഒരു ചെറിയ അരമതിലാണുള്ളത്. അതു ചാടിക്കടക്കാന്‍ ബുദ്ധിമുട്ടില്ല.
കക്കൂസിന്റെ പിന്നില്‍നിന്ന് കിഴക്കോട്ടോടിയതും ആത്തോല് "ദേ കള്ളന്, ദേ കെഴക്കോട്ടോടണൂ" എന്നു വിളിച്ചുകൂവാന്‍ തുടങ്ങി. ഒറ്റച്ചാട്ടത്തിന് അരമതില് ചാടിക്കടന്ന് കറുപ്പന്റെ പുരയിടത്തിലെത്തി. അവിടെനിന്നു ചാടി സണ്‍ഷേഡില്‍ എത്തിപ്പിടിച്ച് ടെറസ്സിലേയ്ക്കുകയറി. ടെറസ്സിന്റെ മൂലയില്‍ ടിന് ഷീറ്റിട്ടുമൂടിയ വാട്ടര്‍ ടാങ്ക്.
ഓടിച്ചെന്ന് ഷീറ്റുപൊക്കി ടാങ്കിനുള്ളിലേയ്ക്കിറങ്ങി. തല്ക്കാലം ഒളിച്ചിരിക്കാന്‍ വേറൊരിടം കാണുന്നില്ല. ഇരിക്കുമ്പോള്‍ കഴുത്തൊപ്പം വെള്ളമുണ്ട് അതിനകത്ത്. ഇത്രനേരം തണുപ്പത്തിരുന്നതുകൊണ്ടായിരിക്കാം, ടാങ്കിലെ വെള്ളത്തിന് ഒരിളം ചൂടു തോന്നി.
ഇതിനിടെ അയല്‍ക്കൂട്ടം സജീവമായി. എല്ലാവരും ചേര്‍ന്ന് സമീപപ്രദേശമെല്ലാം അരിച്ചുപെറുക്കാന്‍ തുടങ്ങി. ആത്തോല് അലറിക്കരഞ്ഞുകൊണ്ട് പോലീസുകാരോട് എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്.
"അവനിങ്ങോട്ടാ ചാടിയതെന്നാ പുള്ളിക്കാരി പറഞ്ഞത്. നിങ്ങളു രണ്ടുപേരും ഈ പരിസരമൊക്കെയൊന്നു നോക്കിക്കേ". ഓ, ആ തെക്കന്റെ വര്‍ത്തമാനം കേട്ടാല്‍ത്തന്നെ അറിയാം പോലിസാണെന്ന്.
പെട്ടന്ന് ടെറസ്സിനുമുകളില്‍നിന്ന് ബൂട്ടുകള്‍ ഇടിച്ചിറങ്ങുന്ന ശബ്ദം മുഴങ്ങാന്‍ തുടങ്ങി. അവര്‍ രണ്ടോ മൂന്നോ പേരുണ്ട്. ഈ ഓട്ടം ഇവിടെ അവസാനിക്കുമെന്നാണ് തോന്നുന്നത്!
ശ്വാസം പിടിച്ച് പതുക്കെ അയാള്‍ ആ ടാങ്കിലെ വെള്ളത്തിലേയ്ക്കുമുങ്ങി. അവര്‍ ടെറസ്സിനു നാലുചുറ്റും ഓടിനടന്നു നോക്കിയെങ്കിലൂം ഭാഗ്യത്തിന് ടാങ്കിനുള്ളിലേയ്ക്കു നോക്കിയില്ല. കുറച്ചുകഴിഞ്ഞ് അവരെല്ലാം താഴേയ്ക്കിറങ്ങിപ്പോകുന്ന ശബ്ദം കേട്ടപ്പോള്‍ അയാള്‍ പതുക്കെ എഴുന്നേറ്റിരുന്നു.
ഇനി കുറച്ചുനേരം ഇവിടെത്തന്നെ ഇരിക്കുകയേ തരമുള്ളൂ. എല്ലാവരും ഒന്നടങ്ങട്ടെ. എന്നിട്ടുവേണം ഓട്ടം തുടരാന്‍.
അയാളുടെ മനസ്സ് വീണ്ടും പഴയ ഓര്‍മ്മകളിലേയ്ക്കു വഴുതിവീണു.
അദ്ധ്യായം അഞ്ച് | (മറ്റ് അദ്ധ്യായങ്ങള്‍ 1 . 2 . 3 . 4 . 5 . 6 . 7 ) |
അവന് പറഞ്ഞതുപോലെ ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ അമേരിക്കയിലെ ബിരുദപഠനം പൂര്‍ത്തിയാക്കി. ഉടന്‍തന്നെ അവിടത്തെ ഏതോ വലിയ കമ്പനിയില്‍ ജോലിയും കിട്ടി. നല്ല ശമ്പളമൊക്കെയുള്ള ജോലിയായിരുന്നിരിക്കണം, ജോലികിട്ടി ഒരു മാസത്തിനകം അവനെഴുതിയ കത്തില്‍ ഫോണിന് അപേക്ഷിക്കാനും വീട് പുതുക്കിപ്പണിയാന്‍ പറ്റിയ നല്ല ഒരു കരാറുകാരനെ കണ്ടുപിടിക്കാനും എഴുതിയിരുന്നു. തോമാസ് സാറാണ് വീടുപണി കരാറെടുത്തുനടത്തുന്ന നല്ലൊരെഞ്ചിനീയറെ കണ്ടുപിടിച്ചുതന്നത്. ഏഴുമാസംകൊണ്ട് വീടുപണി തീര്‍ത്തു, അയാള്‍. ഒരു സ്വീകരണമുറിയും, ഒരു വലിയ കിടപ്പുമുറിയും, ഒരു ചെറിയ കിടപ്പുമുറിയും കുളിമുറിയും കക്കൂസും ഊണുകഴിക്കാനുള്ള മുറിയും അടുക്കളയും ഉള്ള ഒരു ചെറിയ ഒറ്റനിലക്കെട്ടിടം. വലിയവീടുവേണമെന്ന് മോന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വേണ്ടന്നുപറഞ്ഞത് താനാണ് - തനിക്കൊരാള്‍ക്ക് അത്രവലിയ വീടുവേണ്ട, അവനിവിടെവന്ന് താമസിക്കാനൊന്നും പോണില്ലല്ലോ.
ഒരുദിവസം ജെയിംസ് സാറു് പതിവില്ലാത്തവിധം ഒരു ഞായറാഴ്ച വൈകീട്ട് തന്റെ വീട്ടില്‍ വന്നു. പുതിയ വീടു കാണാനാണെന്ന ഭാവത്തിലാണ് വന്നതെങ്കിലും അടുത്ത ഞായറാഴ്ച പത്തുമണിക്ക് മോന് സാറിന്റെ വീട്ടിലേക്കു വിളിക്കുമെന്നും താന്‍ ആ സമയത്ത് അങ്ങോട്ടുചെല്ലണമെന്നും പറയാനാണ് ശരിക്കും സാറുവന്നത്. എന്താണാവോ കാര്യം എന്നു ചോദിച്ചപ്പോള്‍ "അയാള്‍ എന്നോടൊന്നും പറഞ്ഞില്ല" എന്നുപറഞ്ഞു. അത് കല്ലുവച്ച നുണയാണെന്ന് അപ്പഴേ തോന്നി, എന്നാലും വെല്ല്യ ആള്‍ക്കാരോട് താനെന്തു പറയും.
പിറ്റേ ഞായറാഴ്ച ഗുട്ടന്‍സ് പിടികിട്ടി. അവന്റെ കൂടെ പഠിച്ചിരുന്ന ഒരു ആന്ധ്രക്കാരിപ്പെണ്ണുമായി അവന് ലോഹ്യത്തിലാണ്, അവനവളെ കെട്ടണം - അത്രേയുള്ളൂ. "അയിനെന്താ, നീ കെട്ടിക്കോ. അവള്‍ക്ക് പഠിപ്പുണ്ട്, ഞാന്‍ കമ്മൂണിസ്റ്റായോണ്ട് ബാക്കിയൊന്നും എനിക്ക് പ്രശ്നല്ല. എപ്പ വേണങ്കിലും ആയിക്കോ" എന്ന മറുപടി പറയാന്‍ ഒട്ടും ആലോചിക്കേണ്ടി വന്നില്ല. അതുകഴിഞ്ഞപ്പോഴാണ് പ്രശ്നം വന്നത്. കല്യാണം അമേരിക്കയിലാണ്. പെണ്ണിന്റെ വീട്ടുകാരൊക്കെ അഞ്ചും പത്തും കൊല്ലമായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവരാണ്. നാട്ടില്‍ കല്യാണം നടത്താന്‍ അവര്‍ക്ക് താല്പര്യമില്ല. അതുകൊണ്ട് കല്യാണത്തിന് അപ്പന് അമേരിക്കയ്ക്കു വരണമെന്നായിരുന്നു അവന്റെ ആവശ്യം. പാസ്സ്പോര്‍ട്ട് മാത്രം ശരിയാക്കി വെച്ചാല്‍ മതി, ബാക്കിയൊക്കെ അവന് വന്ന് ശരിയാക്കിയെടുത്ത് കൊണ്ടുപോയ്ക്കൊള്ളാമെന്നും പറഞ്ഞു. അപ്പന്റെ പേപ്പറുകള്‍ ശരിയാവുന്ന മുറയ്ക്ക് കല്യാണം നടത്താന്‍ മൂന്നുനാല് മുഹൂര്‍ത്തങ്ങളും കണ്ടുവെച്ചിട്ടുണ്ടായിരുന്നത്രേ. ഏതായാലും അതുനടക്കില്ലെന്ന് താന്‍ തീര്‍ത്തുപറഞ്ഞു. ഒന്നാമത്, വിമാനത്തില്‍ തനിക്ക് യാത്ര ചെയ്യാന്‍ പേടിയാണ്. രണ്ടാമത് അത്രയ്ക്ക് പണവും പഠിപ്പും കുലമഹിമയുമൊക്കെയുള്ള ആള്‍ക്കാരുടെ ഇടയില്‍ നിന്നാല്‍ ശ്വാസം മുട്ടും - വലിയ ആളുകളോട് സംസാരിച്ചും പെരുമാറിയും തനിക്ക് ശീലമില്ല. മൂന്നാമത്, താനൊരു തികഞ്ഞ കമ്മൂണിസ്റ്റാണ്. ചെകുത്താന്മാരുടെ നാടാണ് അമേരിക്ക. അവടെ കാലുകുത്തുന്ന പ്രശ്നമേയില്ല.
ആ സംസാരം കഴിഞ്ഞ് പിന്നെയും നാലുമാസം കഴിഞ്ഞാണ് അവന് കല്യാണം കഴിച്ചത്. ആയിടയ്ക്ക് മകന്റെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ശങ്കരന്‍നായരു് അമേരിക്കയ്ക്ക് പോയിട്ടുണ്ടായിരുന്നു. അദ്ദേഹമാണ് അപ്പന്റെ സ്ഥാനത്തുനിന്ന് വേണ്ട ചടങ്ങുകളൊക്കെ ചെയ്തത്. അവന്റെ കല്യാണത്തലേന്ന് സര്‍ക്കാര്‍ കനിഞ്ഞ് ഫോണ്‍ കണക്ഷന് കിട്ടി - അതുകൊണ്ട് കല്യാണദിവസം അവനോടും അവന്റെ പെണ്ണിനോടും ഒന്ന് മിണ്ടാനെങ്കിലും പറ്റി.
കല്യാണം കഴിഞ്ഞ് മുന്നുമാസമായപ്പോള്‍ അവന് അവന്റെ പെണ്ണിനേയും കൊണ്ട് വീട്ടില്‍ വന്നു. രണ്ടാഴ്ച അവര്‍ വീട്ടിലുണ്ടായിരുന്നു. തന്റെ ജീവിതത്തില്‍ അത്രയും സന്തോഷിച്ച സമയം വേറെ ഉണ്ടായിട്ടില്ല. ആ പെങ്കൊച്ച് അവനേപ്പോലെത്തന്നെ കറുത്ത് പൊക്കമുള്ള കുട്ടിയായിരുന്നു. സിനിമാനടികള്‍ക്കുള്ളതുപോലെ ഇസ്തിരിയിട്ടകണക്ക് നീണ്ടുകിടക്കുന്ന മുടിയുണ്ടെന്നൊഴിച്ചാല്‍ ഒരു സാധാരണ നാട്ടുമ്പുറത്തുകാരി പെണ്ണ് എന്നേ കണ്ടാല്‍ പറയൂ.
ഒരുദിവസം ആപ്പീസിലേക്കിറങ്ങാന്‍ നേരത്ത് അവന് ചോദിച്ചു "അല്ലാ, അപ്പനിപ്പൊ ബീഡിവലീം കള്ളുകുടീമൊക്കെ നിര്‍ത്ത്യോ?". കേട്ടപ്പോള്‍ ചിരിയാണ് വന്നത്. പിന്നെപ്പറഞ്ഞു "അതൊന്നുമല്ലടാ. ആ പെങ്കൊച്ചിന് ഇതിന്റെ നാറ്റൊന്നും സഹിക്കില്ല്യ. നിങ്ങളു പോണവരെ അതോണ്ട് വേണ്ടാന്നുവെച്ചേക്കണതാ. ഞാനിപ്പൊ ഇവടത്തെ കക്കൂസേലുംകൂടി പൂവ്വാറില്ല്യ. അല്ലെങ്കിത്തന്നെ വീടിന്റകത്തൊള്ള കക്കൂസേല് കേറീട്ടേയില്ല്യ. പൊറത്തെ പഴേ കക്കൂസ്സേലേ പൂവ്വുള്ളൂ. എന്നാലും അവടന്നും നാറ്റം വരാല്ലോ. ഈ പീടികേല് കിട്ടണ കണ്ണീക്കണ്ടതൊക്കെയല്ലേ തിന്നണേ. അതോണ്ട് ഞാന്‍ പോണവഴിക്ക് ബസ്സ്റ്റാന്റിലെ കക്കൂസിലാ പൂവ്വാറ്". തന്റെ ആ പറച്ചിലും വളിച്ച ചിരിയും കണ്ട് അവന് അത്ഭുതപ്പെട്ട് താടിക്കുകൈയ്യും കൊടുത്തു നിന്നുപോയി.
അന്നു വൈകീട്ട് വീട്ടില്‍ വന്നപ്പോള്‍ അവന് പുറത്തുകാത്തിരിക്കുന്നുണ്ടായിരുന്നു. "ങാ, അപ്പനൊന്നിങ്ങട്ടു വന്നേ" എന്നുപറഞ്ഞ് ഒരു കള്ളച്ചിരിയുമായി കൈ പിടിച്ച് ഉമ്മറത്തെമുറിയിലേക്കു കൊണ്ടുപോയി. അവിടത്തെ കാഴ്ച ഒന്നു കാണണ്ടതുതന്നെയായിരുന്നു. കോഴിക്കറി, മുട്ട പൊരിച്ചത്, ബിരിയാണിച്ചോറ്, ചില്ലി ബീഫ്, പൊറോട്ട എന്നിവ ഓരോ വെളുത്ത തളികയില്‍ നിരത്തി വെച്ചിരിക്കുന്നു. ഒരു വശത്ത് നല്ലോണം ഉരച്ചുകഴുകി വൃത്തിയാക്കിയ ഒരു പുതിയ മണ്കലത്തില് രണ്ടിടങ്ങഴിയോളം അന്തിക്കള്ളും. കള്ള് ചെത്തുകാരന് അന്തോണിയുടെ കയ്യില്‍ നിന്ന് തെങ്ങിന്റെ ചോട്ടില് വെച്ചുതന്നെ വാങ്ങിയതാണത്രേ. ബീഫും പൊറോട്ടേം പട്ടണത്തിലെ ഏതോ വലിയ ഹോട്ടലില്‍നിന്നു വാങ്ങിച്ചു.ബാക്കിയൊക്കെ അവനും അവന്റെ പെണ്ണും ചേര്‍ന്ന് ഉണ്ടാക്കിയത്രേ. ആദ്യം തന്നെ കള്ളെടുത്ത് ഒന്നുരുചിച്ചുനോക്കി. ഹോ! അത്രയും രുചിയുള്ള, ശുദ്ധമായ അന്തിക്കള്ള് അന്നുവരെ താന്‍ കുടിച്ചിട്ടില്ല.
അന്നവന് തന്നോട് കുറേ വര്‍ത്തമാനം പറഞ്ഞു. തന്നെ കുറേ കളിയാക്കി. അവന് പറയുന്ന ഓരോ വാചകത്തിനും താന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു - ചിലതൊക്കെ തമാശയായതുകൊണ്ടും ബാക്കി കള്ള് തലയ്ക്കുപിടിച്ചതുകൊണ്ടും. തെക്കേന്ന് ലക്ഷ്മിക്കുട്ടിട്ടീച്ചര്‍ 'എന്താവടെ ബഹളം' എന്നു വിളിച്ചു ചോദിച്ചപ്പോള്‍ 'ഞാന്‍ അപ്പനെയൊന്ന് കള്ളുകുടിപ്പിക്ക്യാ ടീച്ചറേ, ടീച്ചറ് വാതലൊക്കെ അടച്ച് കെടന്നൊറങ്ങിക്കോളൂ' എന്നു പറഞ്ഞു, അവന്. ഇരുന്നയിരുപ്പില്‍ ആ കള്ളുമുഴുവന്‍ കുടിച്ചുതീര്‍ത്തു. ബീഫും പൊറോട്ടയും കോഴിക്കറിയും കുറേ തിന്നു. വയറു നിറഞ്ഞ് തലയ്ക്ക് കെട്ടായപ്പോള്‍ പതുക്കെ എഴുന്നേറ്റ് അകത്തുപോയി പായും തലയണയുമെടുത്ത് പതുക്കെ ടെറസ്സിലേക്കുപോകാന്‍ തുടങ്ങി. "അപ്പനിതെവടയ്ക്കാ?" എന്നായി അവന്. "അതേയ്, കള്ളാ വയറ്റീക്കെടക്കണേ. പോരാത്തേന് നല്ലോണം മസാലേം വെളുത്തുള്ളീമിട്ട് വരട്ടിയെടുത്ത എറച്ചീം. കൊറച്ചുകഴിഞ്ഞാ ഗ്യാസുവരാന്‍ തൊടങ്ങും. അതിന്റെ ഒച്ചേം നാറ്റോമൊന്നും ആ പെങ്കൊച്ചിന് സഹിക്കില്ല്യ. വെര്‍തേന്തിനാ നമ്മള് നമുക്കന്നെ നാണക്കേടുണ്ടാക്കണേ. ഹ ഹ ഹ ഹ... പിന്നൊരു കാര്യങ്കൂടിണ്ട്. കള്ളുകുടിച്ച് അങ്ങനെ മലന്നുകെടന്ന് ആകാശത്തെ നക്ഷത്രങ്ങളെയൊക്കെ നോക്കീട്ട് വെറുതേ കെടക്കാന്‍ നല്ല രസാണ്. നീയവടെ വല്ലതും കഴിച്ച് കെടന്നൊറങ്ങിക്കോ" എന്നും പറഞ്ഞ് താന്‍ മുകളിലേക്കു പോയി. അവന് ആ പെണ്ണിനോട് ഇംഗ്ലീഷില്‍ എന്തോ പറയുന്നതും അതുകേട്ട് അവള് പൊട്ടിച്ചിരിക്കുന്നതും കേട്ടു. ഒന്നുറക്കം പിടിച്ചുവന്ന നേരത്താണ് അടുത്തൊരു കാല്‍പ്പെരുമാറ്റം കേട്ടത്. അവനും ഏതാണ്ട് എട്ടടി ദൂരെ ഒരു പായയും വിരിച്ച് കിടക്കാനൊരുങ്ങുന്നു. "നീയെന്താടാ ഇവടെ?" എന്നു ചോദിച്ചപ്പോള്‍ "കള്ളുകുടിക്കാതെയും നക്ഷത്രങ്ങളെക്കാണാന്‍ നല്ല രസമാണപ്പാ" എന്നായി, അവന്. അതുകേട്ട് താന്‍ ഒന്നുകൂടി പൊട്ടിച്ചിരിച്ചു.
അമേരിക്കയില്‍ അവന് ഏതാണ്ട് എട്ടുവര്‍ഷത്തോളം പണിയെടുത്തു. അതുകഴിഞ്ഞപ്പോളാണ് ബുഷിന്റെ ഭരണം തുടങ്ങിയതും അമേരിക്കയില്‍ ഭീകരാക്രമണമുണ്ടായതും. അക്കൊല്ലം അവസാനം അവന് അമേരിക്കവിട്ട് ബാങ്കളൂരുള്ള അവന്റെ ഒരു കൂട്ടുകാരന്റെ കമ്പനിയില്‍ ചേര്‍ന്നു. അവന് ഇന്ത്യയിലേക്കുവന്നതില്‍ താന്‍ ഏറേ സന്തോഷിച്ചു - ഒന്നുമില്ലെങ്കിലും പോയിവരാവുന്ന ദൂരത്തിലാണല്ലോ.കഴിഞ്ഞ വര്‍ഷം അവനൊരു മകന് ജനിച്ചു.കൂട്ടുകാരന്റേയും അവന്റേയും മിടുക്കുകൊണ്ട് ആ കമ്പനി മൂന്നുവര്‍ഷംകൊണ്ട് വലിയൊരു കമ്പനിയായി.
മൂന്നുമാസം മുമ്പാണ് അവന് ഏതോ അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്നും വീട്ടിലേക്കുവരികയാണെന്നും ഫോണ്‍ ചെയ്തുപറഞ്ഞത്. അവന് തനിച്ചാണുവന്നത്. ഒരു ശനിയാഴ്ചയായിരുന്നു അന്ന്. ഉച്ചയൂണൊക്കെക്കഴിഞ്ഞ് ഞങ്ങള്‍ സംസാരിക്കാനിരുന്നു.
അവന്റെ കൂട്ടുകാരന് തിരിച്ച് അമേരിക്കയ്ക്ക് പോകുകയാണ്. അയാളുടെ പിള്ളേര്‍ക്ക് ഇവിടത്തെ കാലാവസ്ഥ പറ്റൂന്നില്ലത്രേ. കമ്പനി വിറ്റിട്ടുപോകണമെന്നാണ് അയാളുടെ പ്ലാന്‍. രാജുമോന്റെ കയ്യില്‍ കമ്പനിയുടെ കുറച്ച് ഓഹരികള്‍ ഉണ്ട്. ബാക്കിയെല്ലാം മറ്റവന്റെ കയ്യിലാണ്. അയാളുടെ കയ്യിലുള്ള ഷെയറ് മോന് വളരേ കുറഞ്ഞ വിലയ്ക്ക് വില്ക്കാന് അയാള്‍ തയ്യാറാണത്രേ. മോന്റെ കയ്യില്‍ കുറച്ചുപണമുണ്ട്. കുറച്ചൊക്കെ ബാങ്കുകാര് കടം തരും. ഇനിയും പതിനഞ്ചുലക്ഷം രൂപകൂടിയുണ്ടെങ്കില്‍ കമ്പനി മൊത്തം സ്വന്തം പേരില്‍ വാങ്ങാം - അല്ലെങ്കില്‍ വേറൊരുത്തനെ പങ്കാളിയാക്കേണ്ടി വരും. അപ്പന് സഹായിക്കാന്‍ പറ്റൂമോയെന്നറിയാനാണ് അവന് വന്നത്.
"ഈ വീടും പറമ്പും മാത്രേ എന്റേലുള്ളൂ. അതുപിന്നെ നിനക്കുള്ളതുതന്ന്യാ. പക്ഷേ ഇതുവിറ്റാ പതിനഞ്ചൊന്നും കിട്ടില്ല്യ. കൂടിയാ ഒരെട്ടു കിട്ടുമായിരിക്കും. പതിനഞ്ചൊക്കെ എടുക്കാന്‍ എന്റേലിണ്ടാവില്ല്യ കുട്ട്യേ" എന്നു പറഞ്ഞു. അതുകേട്ട് അവന്റെ മുഖമൊന്നു വാടിയതായി തോന്നി.
പിന്നെ താനോര്‍ത്തു. അവനുവേണ്ടി താന്‍ ജീവിതത്തില്‍ ഇതുവരെ ഒരു ചുക്കും ചെയ്തിട്ടില്ല. അവന് ഇതുവരെ തന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടുമില്ല. ആദ്യമായിട്ടാണു് ഒരു തന്ത ചെയ്യേണ്ട സഹായത്തിന് മോന് കയ്യും നീട്ടി വന്നിരിക്കുന്നത്. ഒരിക്കലെങ്കിലും അവനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ താന്‍ ഇങ്ങനെ തന്തയാണെന്നും പറഞ്ഞ് ഇരിക്കുന്നതെന്തിന്!
"എന്നയ്ക്കാ നിനക്ക് കാശുവേണ്ടേ?"
"ഒരു രണ്ടുമാസത്തിനുള്ളില്‍ വേണം എന്നാലേ അവന് പോണേനുമുമ്പ് എല്ലാ കടലാസ്സും ശെരിയാക്കാന്‍ പറ്റുള്ളു."
"ഞാനൊന്നു നോക്കട്ടെ. നീ പോയിറ്റ് രണ്ടാഴ്ച കഴിഞ്ഞട്ട് വിളിക്ക്".
അങ്ങനെ അവനോടുപറഞ്ഞെങ്കിലും എന്തുചെയ്യുമെന്ന് വ്യക്തമായ ഒരു പരിപാടിയുമുണ്ടായിരുന്നില്ല. പത്രത്തിലും സിനിമയിലുമൊക്കെ കിഡ്നിയോ മറ്റോ വിറ്റു കാശുണ്ടാക്കുന്ന പരിപാടിയെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. അതിനായി കാശുള്ള ആവശ്യക്കാരനെ എങ്ങനെ കണ്ടുപിടിക്കും? 'കിഡ്നി വില്‍ക്കാനുണ്ട്, വില ഏഴുലക്ഷം' എന്നു പരസ്യം കൊടുക്കാനൊന്നും പറ്റില്ലല്ലോ.
അപ്പോഴാണ് പുഴവക്കത്തെ കോവിലകം വിറ്റകാര്യം ഓര്‍മ്മവന്നത്. കോലോത്തെ തമ്പുരാന് പതിനഞ്ചുലക്ഷം രൂപയ്ക്കാണ് അതുവിറ്റത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വാങ്ങിയയാള്‍ അത് ഇരുപതുലക്ഷം രൂപയ്ക്ക് വേറൊരാള്‍ക്കുവിറ്റു. അയാളുപിന്നെ എറണാകുളത്തെ ഏതോ റിസോര്‍ട്ടുകമ്പനിക്ക് ഇരുപത്തിമൂന്നുലക്ഷത്തിനു വിറ്റൂ. തമ്പുരാന് അതുകേട്ടപ്പോള്‍ ഹാര്‍ട്ടറ്റാക്കുവന്നുവത്രേ! അപ്പോള്‍ ശരിയായ ഇടപാടുകാരനെ കിട്ടിയാല്‍ നല്ല വിലകിട്ടും - അല്ലെങ്കില്‍ ഇടനിലക്കാര്‍ കാശടിച്ചുകൊണ്ടുപോകും.
ഏതായാലും എറണാകുളത്തെ ആ റിസോര്‍ട്ടുകാരെ ഒന്നുചെന്നുകാണാന്‍ തന്നെ തീരുമാനിച്ചു. ഒരുച്ചനേരത്താണ് അവിടെയെത്തിയത്. ചുട്ടുപഴുത്ത വെയിലില്‍ നടന്ന് കമ്പനിയുടെ ഓഫീസ് അന്വേഷിച്ചുപിടിച്ചെത്തിയപ്പോഴേക്കും തലകറങ്ങിത്തുടങ്ങിയിരുന്നു. ഭാഗ്യംകൊണ്ട് ഓഫീസില്‍ എയര്‍കണ്ടീഷന്‍ ഉണ്ടായിരുന്നു. ഉമ്മറത്തിരിക്കുന്ന പെണ്ണിനോട് കാര്യം പറഞ്ഞു. അവള് അവിടെ ഒരു കസേരയില്‍ പോയി ഇരിക്കാന്‍ പറഞ്ഞു. ഒരിരുപതുമിനിട്ടുനേരം അവള് പലരോടും ഫോണില്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ പറയുന്നതും നോക്കിക്കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ കോട്ടും സൂട്ടുമിട്ട ഒരു ചെറുപ്പക്കാരന് തന്റെയടുത്തേക്കുവന്നു.
"ഉം, എന്താ?"
"അല്ല...നിങ്ങള്‍ കിഴക്കേ പുഴക്കരേല് വാങ്ങിയ പറമ്പിന്റെ തൊട്ടടുത്ത് കൊറച്ചു സ്ഥലം വിക്കാനുണ്ടായിരുന്നേ. നിങ്ങളു വാങ്ങ്വോന്നറിയാന്‍ വന്നതാ"
"സ്ഥലം പുഴയ്ക്ക് തൊട്ടാണോ?"
"അല്ല, കൊറച്ച് ഉള്ളിലിക്കാ"
"പുഴയ്ക്കടുത്തുള്ള സ്ഥലമേ ഞങ്ങളു വാങ്ങാറുള്ളൂ. എന്നുതന്നെയല്ല, ആ റിസോര്‍ട്ടിനു വേണ്ട സ്ഥലം ഇപ്പോള്‍ത്തന്നെ ഞങ്ങള്‍ക്കുണ്ട്"
"ഓ....അപ്പൊ അതു വേണ്ടാല്ലേ..."
"വേണ്ട" എന്നുപറഞ്ഞ് അയാള്‍ മുഖത്തേയ്ക്കുനോക്കാതെ തിരിഞ്ഞുനടന്നു. താന്‍ നഗരത്തിന്റെ പൊള്ളുന്ന ഉച്ചവെയിലിലേയ്ക്ക് വീണ്ടും.
തിരിച്ച് ഗ്രാമത്തില്‍ ബസ്സിറങ്ങിയപ്പോള്‍ മണി എട്ട്. ഭക്ഷണം കഴിക്കാനൊന്നും തോന്നിയില്ല. കവലയില്‍ത്തന്നെയുള്ള വടക്കന്റെ ചായക്കടയില്‍ കേറി ഒരു ചായയും രണ്ടു വടയും പറഞ്ഞു.
മുഖത്തെ ക്ഷീണം കണ്ടിട്ടാവണം വടക്കന്‍ ചോദിച്ചു "എന്താ വല്ലാണ്ടിരിക്കണൊണ്ടല്ലാ, എന്തുപറ്റി?"
"ഓ ഒന്നും പറയണ്ട. സ്ഥലം വിക്കാമ്പൂവ്വാ. വാങ്ങിക്കാനാളെക്കിട്ടോന്ന് നോക്കാന്‍ ഏര്‍ണാളം വരെ ഒന്നു പോയതാ"
"അയിനെന്തിനാ എര്‍ണാളത്ത് പോണെ? സ്ഥലം മേടിക്കാന്‍ ആളെക്കിട്ടാനാണോ പ്രയാസം!"
"അതല്ലടാ. എനിക്ക് കാശുകുറച്ചുകൂടുതല്‍ വേണം - ഒരു പതിനഞ്ചുലക്ഷം"
"അത്രേയൊന്നും എന്തായാലും കിട്ടില്ല്യാന്നാ തോന്നണേട്ടോ"
"അങ്ങനന്ന്യാ എനിക്കും തോന്നണേ. പക്ഷേ ആ കോലോത്തെ പറമ്പ് അവസാനം എത്രയ്ക്കാ പോയേന്നറിയാല്ലോ. നമ്മടെ കയ്യീന്ന് പോയാ വേറാരെങ്കിലുമായിരിക്കും അതീന്ന് കാശിണ്ടാക്ക്വാ. എന്തായാലും ഞാനൊന്നു ശ്രമിക്കട്ടെ. കിട്ട്വോന്ന് നോക്കാല്ലൊ"
വടക്കന്‍ കാശും കൊടുത്ത് പതുക്കെ വീട്ടിലേക്കു നടന്നു. വഴിനീളെ ഒരു നൂറു ചിന്തകള്‍ തലയിലൂടെ കടന്നുപോയി. വീട്ടില്‍ വന്ന് ഒന്നു കുളിച്ച് ഉമ്മറത്തെ കസേരയിലിരിക്കുമ്പോളാണ് പുറത്ത് ബെല്ലടിച്ചത്.
അദ്ധ്യായം ആറ് | (മറ്റ് അദ്ധ്യായങ്ങള്‍ 1 . 2 . 3 . 4 . 5 . 6 . 7 ) |
വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഏതാണ്ട് അമ്പതുവയസ്സുതോന്നിക്കുന്ന ഒരു താടിക്കാരന്. കറുത്ത പാന്റും ചാരനിറത്തിലുള്ള ജുബ്ബയുമാണ് വേഷം. പരിചയമുള്ള മുഖമല്ല - പക്ഷേ വടക്കന്റെ ചായക്കടയില്‍ കേറിയപ്പോള്‍ അയാള്‍ അവിടെ ഇരിപ്പുണ്ടായിരുന്നോ എന്നൊരു സംശയം മനസ്സില്‍ തോന്നി.
"നിങ്ങളുടെ വീടും പറമ്പും കൊടുക്കാനുണ്ടെന്നറിഞ്ഞു. എനിക്കുവാങ്ങിയാല്‍ കൊള്ളാമെന്നുണ്ട്. സംസാരിക്കുന്നതില്‍ വിരോധമുണ്ടോ?"
"ഞാന്‍ ഇപ്പൊ ഒരു യാത്രകഴിഞ്ഞുവന്ന് ക്ഷീണിച്ചിരിക്കേണ്. നിങ്ങള്‍ നാളെ വാ"
"നാളെ കുറച്ചുബുദ്ധിമുട്ടാണ്ട്ടോ, ഞാന്‍ കുറേ ദൂരെനിന്നു വരുന്നതാണേയ്. ഞാന്‍ അധികം നേരമെടുക്കില്ല. വിലയൊത്തില്ലെങ്കി പിന്നെ ഇതിനായിട്ട് വരണ്ടല്ലോ"
"എന്താ നിങ്ങടെ പേരു്?"
"എല്ലാവരും എന്നെ എംജി മാഷെന്നാണ് വിളിക്ക്യാ. കണ്ണൂരിനടുത്താണ് വീട്"
"അകത്തേയ്ക്കിരുന്നോളൂ"
"ഓ.." അയാള്‍ അകത്തേയ്ക്കുവന്ന് കസേരയിലിരുന്നു. "അപ്പൊ എന്തുവിലയ്ക്കാ നിങ്ങളു വില്ക്കാന് പോണത്?"
"പതിനഞ്ചുലക്ഷം രൂപ. എനിക്ക് പതിനഞ്ചുലക്ഷം രൂപ വേണം"
മാഷ് കുറച്ചുനേരം തന്നെ സൂക്ഷിച്ചുനോക്കി.
"പതിനഞ്ചുലക്ഷം രൂപ ഞാന്‍ തരാം. പക്ഷേ അതിന് ഈ പുരയിടം മാത്രം തന്നാല്‍ പോരാ. എനിക്കുവേണ്ടി ചെറിയ ഒരു പണികൂടി ചെയ്തുതരണം"
"എന്തുപണി?"
"ഒരു ചെറിയ കൊല്ലപ്പണിയാണ്"
"കൊല്ലപ്പണിയൊക്കെ നിര്‍ത്തീട്ട് ഇപ്പൊ കൊല്ലം കൊറേ കഴിഞ്ഞു മാഷേ. അതൊന്നും ഇനി ഞാന്‍ ചെയ്താല്‍ ശര്യാവില്ല്യ"
മാഷ് ഒന്നുകൂടി തന്നെ സൂക്ഷിച്ചുനോക്കി.
"ഞാന്‍ ഭാരതസര്‍ക്കാറിന്റെ സൈനികവിഭാഗത്തില്‍ ജോലിചെയ്യുന്ന ആളാണ്" പോക്കറ്റില്‍ നിന്ന് ഫോട്ടോ പതിച്ച ഒരു കാര്‍ഡെടുത്തു കാണിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു. "സൈന്യത്തിനുവേണ്ടി ഒരു പുതിയതരം വടിവാള്‍ നിര്‍മ്മിക്കാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തുടക്കത്തില്‍ എനിക്ക് അമ്പതു വടിവാളുകള്‍ നിര്‍മ്മിച്ച് സൈന്യത്തിനു കൊടുക്കണം. ഇരുമ്പുകൊണ്ടല്ല, ഞങ്ങള്‍ വികസിപ്പിച്ചെടുത്ത പുതിയൊരു ലോഹസങ്കരംകൊണ്ടാണ് അതുണ്ടാക്കേണ്ടത്. അതുകൊണ്ട് ഒരു പ്രഗല്ഭനായ ഒരു കരുവാനെയാണ് എനിക്കാവശ്യം"
"അപ്പൊ നിങ്ങളുവീടുവാങ്ങാന്‍ വന്നതല്ല, അല്ലേ"
"ഞാന്‍ പറമ്പുവാങ്ങിയില്ലെങ്കില്‍ എന്റെ അടിക്കടിയുള്ള വരവില്‍ നാട്ടുകാര്‍ക്ക് സംശയം തോന്നും. സൈന്യത്തിന്റെ രഹസ്യം ചോരാന്‍ അതുമതി" എംജി മാഷ് ചിരിച്ചുകൊണ്ടു പറഞ്ഞു. " ഈ പുരയിടവും ഞാന്‍ പറഞ്ഞ പണിയും ചേര്‍ത്ത് പതിനഞ്ചുലക്ഷം രൂപ തരാന്‍ ഞാന്‍ തയ്യാറാണ്. പത്തുലക്ഷം രൂപ ചെക്കായി അടുത്തയാഴ്ചതന്നെ ഞാന്‍ കൊണ്ടുവരാം. ബാക്കി അഞ്ചുലക്ഷം രൂപ ക്യാഷായി പണി തീരുമ്പോള്‍ തരും. പതിനഞ്ചുലക്ഷം മുഴുവന്‍ കയ്യില്‍ കിട്ടിയ ശേഷം മാത്രം പറമ്പ് എന്റെപേരില്‍ എഴുതിത്തന്നാല്‍ മതി. എന്താ, അതില്‍ പ്രശ്നമുണ്ടോ?"
ആ ഇടപാടില്‍ വലിയ പന്തികേടൊന്നും കണ്ടില്ല. "ശരി. അപ്പൊ അടുത്താഴ്ച കാണാം" എന്നുപറഞ്ഞ് അദ്ദേഹം ഇറങ്ങി.
പിറ്റേയാഴ്ച പറഞ്ഞതുപോലെ എംജി മാഷ് കുറേ സാധനങ്ങളുമായി ഒരു ജീപ്പില്‍ വന്നു. വന്നയുടനേ ചെക്ക് കൈയ്യില്‍ തന്നു. മാഷിന്റെ ജീപ്പില്‍ത്തന്നെ ബാങ്കില്പോയി അതുകൊടുക്കുകയും ചെയ്തു. ചെക്ക് ക്ലിയര്‍ ചെയ്തുവരാന് ഏതാണ്ട് നാലാഴ്ചയെടുക്കുമെന്ന് ബാങ്കുകാര് പറഞ്ഞു.
ജീപ്പ് നേരെ കിഴക്കോട്ടാണ് പിന്നെപ്പോയത്. കാട്ടിലെത്തിയപ്പോള്‍ ഒരിടവഴിയിലേയ്ക്കു കയറി. അതുവഴി കുറച്ചുനേരം ഓടിച്ചപ്പോള്‍ ഏതാണ്ട് വഴി മുട്ടി. അവിടെയിറങ്ങി കുറച്ചുദൂരം നടന്നു. നിറയെ പൊന്തക്കാടുകള്‍ക്കിടയില്‍ വെട്ടിത്തെളിച്ച ഒരു സ്ഥലത്തെത്തി.
"ഇതെന്താണിവിടെ?" ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
"ഇതാണ് നമ്മുടെ വര്‍ക്ക്ഷാപ്പ്. ഇവിടെവെച്ചാണ് നമ്മള് വാളുകള്‍ നിര്‍മ്മിക്കുന്നത്" മാഷ് വളരേ സൌമ്യമായി പറഞ്ഞു. "കുമാരനു വേണ്ട എല്ലാ സൌകര്യങ്ങളും ഞാന്‍ ഏര്‍പ്പാടുചെയ്തിട്ടുണ്ട്. ഭക്ഷണവും ചായയുമടക്കം"
താന്‍ ചുറ്റും ഒന്നു നോക്കി. ഒരു വിശേഷപ്പെട്ട രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ഉല - അത് നാലുപാടും ഓലയിട്ടു മറച്ചിരിക്കുന്നു. ഉലയില്‍നിന്നുള്ള പുക പുറത്തുവരാത്തവിധത്തിലുള്ള ഒരു സജ്ജീകരണമുണ്ടായിരുന്നു. പത്തടിയകലെ മരപ്പലകകള്‍ കൊണ്ടുണ്ടാക്കിയ പെട്ടിവീട്. അതിനുള്ളില്‍ വെളുത്ത തെര്‍മക്കോള്‍ എന്നുപേരുള്ള ഒരു സാധനം പതിച്ചിരുന്നു. ഉള്ളില്‍ മോട്ടര്‍ പിടിപ്പിച്ച അരം . വാള് രാകുന്ന ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാനാണ് തെര്‍മക്കോള്‍ പതിച്ചിരുന്നതത്രേ.
അന്നുമുതല്‍ ആ കാട്ടിനുള്ളിലായി സ്ഥിരജോലി. ദിവസേന ജീപ്പില്‍ അങ്ങോട്ടു കൊണ്ടുപോകുകയും തിരികെ കൊണ്ടുവരികയും ചെയ്യും. ഒരേയിടത്തുനിന്ന് കയറുകയോ ഒരേയിടത്തുവന്നിറങ്ങുകയോ പതിവില്ല - ആളുകള്‍ ശ്രദ്ധിക്കാതിരിക്കാനാണത്രേ അത്. ഭക്ഷണമൊക്കെ വരുന്ന വഴിക്ക് ഡ്രൈവര്‍ വാങ്ങി ജീപ്പിനകത്തു വെച്ചിട്ടുണ്ടാകും.
ആദ്യത്തെ അഞ്ചുദിവസം വാളുണ്ടാക്കുന്ന വിധം പഠിപ്പിക്കാന്‍ മാഷ് കൂടെയുണ്ടായിരുന്നു. ഒരു വല്ലാത്ത ലോഹമായിരുന്നു അത് - അതിനെയൊന്നടിച്ചു മെരുക്കിയെടുക്കാന്‍ ശരിക്കും പാടുപെട്ടു. അതിന്റെ വായ്ത്തല രാകിയിരുന്നത് ജീപ്പിന്റെ ഡ്രൈവര്‍തന്നെയായിരുന്നു. ഇരുവശത്തും വായ്ത്തലയുള്ള വീതിയും കനവും കുറഞ്ഞ തീരെ ഭാരമില്ലാത്ത ഒരു വിശേഷപ്പെട്ട തരം വടിവാളായിരുന്നു അത്. രാകിയ ശേഷം വായ്ത്തല ഒന്നുകൂടി ചൂടാക്കി അതിന്നുമേല്‍ മാഷുകൊണ്ടുവന്ന എണ്ണപോലുള്ള ഏതോ ദ്രാവകം തേച്ചുപിടിപ്പിക്കണം. വാളിന്റെ മൂര്‍ച്ച നഷ്ടപ്പെടാതിരിക്കാനാണത്രേ അത്. വാളില്‍ പിടിപ്പിക്കാനുള്ള പിച്ചളകൊണ്ടുണ്ടാക്കിയ പിടിയും മാഷു കൊണ്ടുവന്നിരുന്നു.
ലോഹം കാച്ചിയെടുക്കുന്ന വിധം തനിക്കു മനസ്സിലായെന്നു ബോധ്യപ്പെട്ടതോടെ മാഷ് പോയി. കൂടെ ആ ഡ്രൈവര്‍ മാത്രം. അയാള്‍ മലയാളം സംസാരിക്കില്ലായിരുന്നു എന്നുതന്നെയല്ല, തന്നോടു സംസാരിക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത മട്ടും ഭാവവുമായിരുന്നു. താന്‍ ഉലയില്‍ പണിയെടുക്കുമ്പോള്‍ അയാള്‍ അങ്ങു താഴെ റോഡിലേക്കു നോക്കി നില്ക്കുന്നുണ്ടാകും. വാള് രാകാന്‍ അയാള്‍ അകത്തുകയറുമ്പോള്‍ റോഡിലേക്കു ശ്രദ്ധിക്കേണ്ട പണി തന്നെ ഏല്‍പ്പിക്കും.
ഒരു മാസത്തിനകം അങ്ങനെ അമ്പത്തിമൂന്നു വാളുകള്‍ ഉണ്ടാക്കി. ലോഹം തീര്‍ന്നയന്നുതന്നെ എംജി മാഷ് തിരിച്ചുവന്നു. കൂടെ മെലിഞ്ഞുണങ്ങിയ അഞ്ചു ചെറുപ്പക്കാരും ഉണ്ടായിരുന്നു.
വന്നയുടനെ മാഷ് ഒരു സൂട്ട്കേസ് തുറന്നു കാണിച്ചു. അതില്‍ നിറയെ കാശുകെട്ടുകള്‍!
"പറഞ്ഞതിലും ഒരു ലക്ഷം രൂപ കൂടുതലുണ്ട്" മാഷുപറഞ്ഞു "പറഞ്ഞ ജോലി ഭംഗിയായി ചെയ്തതിനുള്ള സന്തോഷം കൊണ്ടാണ്. ഏടുത്തോളൂ".
"മാഷേ ഒരു കാര്യം കൂടി. ഒന്നുരണ്ട് ഇരുമ്പുകഷണങ്ങളു് ബാക്കി കെടക്കണുണ്ട്. ഞാനതോണ്ട് ഒരു പിച്ചാത്തീം വെട്ടോത്തിം ഇണ്ടാക്കിക്കോട്ടേ"
മാഷ് ഒന്നു ചിരിച്ചു "അതിനെന്താ. ധൈര്യമായി ഉണ്ടാക്കിക്കോളൂ".
മാഷ് പിന്നെ കൂടെവന്ന പിള്ളേരോട് ഹിന്ദിയില്‍ എന്തോ പറഞ്ഞു. അവരോടു സംസാരിക്കുമ്പോള്‍ ഭയപ്പെടുത്തുന്ന ഒരു ഗൌരവം മാഷിന്റെ മുഖത്തു കാണാമായിരുന്നു.
അവരില്‍ രണ്ടുപേര്‍ ഓരോ കൈയ്യിലും ഓരോ വാള് വീതമെടുത്ത് രണ്ടുവശത്തുമുള്ള പൊന്തക്കാട്ടിലേക്കു നീങ്ങി.
പിന്നെ അവിടെ കണ്ട കാഴ്ച തന്നെ അമ്പരപ്പിച്ചു. അഞ്ചുമിനിട്ടുകൊണ്ട് ഏതാണ്ട് പത്തുസെന്റ് ഭൂമിയിലെ കാടുമുഴുവന്‍ അവര്‍ കണ്ടംതുണ്ടം വെട്ടി നിരപ്പാക്കി! അവര്‍ വെറും ഉണക്കത്തോലുകളല്ല, ഉറച്ച ശരീരമുള്ള തികഞ്ഞ അഭ്യാസികളാണെന്ന് അപ്പോഴാണ് മനസ്സിലായത്.
"അപ്പോ ഈ കാശൊക്കെ എന്തു ചെയ്യാന്‍ പോകുന്നു?" മാഷിന്റെ ആ ചോദ്യം തന്റെ ശ്രദ്ധ തിരിച്ചു.
"ഇത് ബാങ്കളൂരു കൊണ്ടോയി മോനു കൊടക്കണം. അവനൊരു കമ്പനി മേടിക്കാന്‍ കാശുവേണം. അതിനാ ഞാന്‍ ഈ പാടൊക്കെ പെട്ടേ".
"ഈ പണംകൊണ്ട് ഒന്നും വാങ്ങാന്‍ പറ്റില്ല - എന്നുതന്നെയല്ല ഇത്രയും പണം ക്യാഷായി തന്റെ കൈയ്യില്‍ കണ്ടാല്‍ പോലീസ് ഒരു പക്ഷേ തന്നെ അറസ്റ്റുചെയ്തേക്കും. ഇത്രയും പണം എവിടന്നു വന്നു എന്നു ചോദിച്ചാല്‍ എന്തു പറയും?"
"സ്ഥലം വിറ്റട്ടു കിട്ടീന്നു പറയും"
"മാര്‍ക്കറ്റിലെ വിലയുടെ ഇരട്ടിത്തുകയാണ് ഇപ്പോള്‍ തന്റെ കൈയ്യിലുള്ളത്. അങ്ങനെയൊന്നും തടിതപ്പാന്‍ പറ്റില്ല."
തനിക്ക് ഉത്തരം മുട്ടി.
"ഏതായാലും ഈ വിഷയത്തില്‍ താന്‍ ആവശ്യമില്ലാത്ത വയ്യാവേലിയില്‍ പെടാതെ സൂക്ഷിക്കേണ്ടത് ഞങ്ങളുടെ കൂടി ആവശ്യമാണ്. കുമാരന് മകനെ വിളിച്ച് അഡ്വക്കേറ്റ് റൊസാരിയോയെ കാണാന്‍ പറയൂ. അദ്ദേഹം ബാങ്കളൂരില് തന്നെയാണ്. മകന്റെ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അദ്ദേഹം ശരിയാക്കിത്തരും. നിങ്ങളുടെ എല്ലാ കാര്യങ്ങളും ശരിയാകുന്നതുവരെ ഈ ഡ്രൈവര്‍ തന്റെ കൂടെയുണ്ടാകുകയും ചെയ്യും. എന്താ പോരെ". മാഷ് വളരേ സ്നേഹത്തോടെ പറഞ്ഞു. തനിക്കു വളരേ സന്തോഷമായി.
മാഷിന്റെ കൂടെവന്ന പിള്ളേര് വാളുകളും എടുത്ത് അന്നുതന്നെ പോയി. പിറ്റേദിവസം മാഷ് ഒരു തിരുവല്ലാക്കരന്‍ സ്കൂള്‍മാഷേയും കൊണ്ടു വന്നു. പുരയിടം മുഴുവന്‍ ആ മാഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തത്. താന്‍ എന്തുവിലയ്ക്കാണ് പുരയിടം വിറ്റതെന്നു പറയുകയോ, മറ്റേയാള്‍ എന്തുവിലയ്ക്കാണ് അതു വാങ്ങിയതെന്നു തിരക്കുകയോ ചെയ്യരുതെന്ന് എംജി സാര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ട് വാങ്ങുന്നയാളും വില്‍ക്കുന്നയാളും തമ്മില്‍ തീരെ സംസാരം ഉണ്ടായില്ല. ഇടപാടു തീര്‍ന്നയുടനേ മാഷ് വളരേ വിനയത്തോടെ കൈപിടിച്ച് യാത്രപറഞ്ഞു പോയി.
അന്നുതന്നെ മകനെ വിളിച്ച് വക്കീലിനെ പോയിക്കാണാന്‍ പറഞ്ഞു. വൈകീട്ട് മകന് വിളിച്ചപ്പോഴാണ് അറിയുന്നത്, ഈ വക്കീല്‍ അവിടത്തെ വളരേ വലിയൊരു വക്കീലാണെന്നും മണിക്കൂറിന് ലക്ഷങ്ങള്‍ ഫീസുവാങ്ങുന്നയാളാണെന്നും. എംജി സാര്‍ വിളിച്ചുപറഞ്ഞതുകൊണ്ട് അദ്ദേഹം പണമൊന്നും വാങ്ങാതെ എല്ലാ പണിയും വേണ്ടരീതിയില്‍ ചെയ്തുതരാമെന്നു പറഞ്ഞത്രേ.
അന്നു രാത്രി പത്തുലക്ഷത്തിന്റെ ഡ്രാഫ്റ്റും ആറുലക്ഷം രൂപയും കൊണ്ട് മാഷിന്റെ ജീപ്പില്‍ ബാങ്കളൂരേക്കു യാത്രയായി. ഡ്രൈവര്‍ ഒന്നും മിണ്ടാത്തയാളായതുകൊണ്ട് കുറച്ചുസമയത്തിനകം പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങാന്‍ തുടങ്ങി. പിറ്റേന്ന് അതിരാവിലെ മകന്റെ വീട്ടിലെത്തി. പണപ്പെട്ടി അവനെ ഏല്പിച്ചു. അന്നാദ്യമായി തന്റെ പേരക്കുട്ടിയെ കണ്ടു. നല്ല ഭംഗിയുള്ള ഉടുപ്പിട്ട ഒരു സുന്ദരന്‍ തക്കിടിമുണ്ടന്‍. ഒരു കൊട്ടാരം പോലെയുള്ള ഫ്ലാറ്റായിരുന്നു അത്. അവിടുത്തെ വൃത്തിയും വെടിപ്പും കണ്ട് ഒരിടത്തിരിക്കാന്‍ പോലും തോന്നിയില്ല. ഒരു വിധത്തിലാണ് മൂന്നു ദിവസം അവിടെ കഴിച്ചുകൂട്ടിയത്.
ആ മൂന്നുദിവസം വക്കീലാപ്പീസില്‍ പോക്കും വരവുമായിരുന്നു. എംജി മാഷു തന്ന പണത്തിന് നിയപരമായ രേഖയുണ്ടാക്കുന്നതു മുതല്‍ കമ്പനി മകന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്നതുവരെയുള്ള എല്ലാ കടലാസ്സുകളും അതിനുള്ളില്‍ ആ വക്കീലാപ്പീസിലെ വക്കീലു പിള്ളേര് ശരിയാക്കിയെടുത്തു. അതിനുശേഷം റൊസാരിയോ വക്കീല്‍ എല്ലാ പേപ്പറുകളും ഒന്നുകൂടി പരിശോധിച്ചു. കരാറിന്റെ സാക്ഷിയായി അദ്ദേഹം സ്വയം ഒപ്പിട്ടു. എല്ലാം വളരേ ഭംഗിയായി അവസാനിച്ചു. മകനും അവന്റെ കൂട്ടുകാരനും വളരേ സന്തോഷമായി. ഡ്രൈവര്‍ ഉടന്‍ തന്നെ നിന്ന നില്പില് ഒരു സല്യൂട്ട് അടിച്ച് യാത്രപറഞ്ഞു. മകന് അയാള്‍ക്ക് കുറച്ചു പണം കൊടുക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വളരേ നിര്‍വികാരനായി തണുപ്പന്‍ മട്ടില്‍ അതു നിരസിച്ചു.
എല്ലാം തീര്‍ത്ത് തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ മനസ്സിന് വല്ലാത്തൊരു ആശ്വാസമായിരുന്നു. ഇനി പോകാനൊരിടം കണ്ടെത്തണം. വടക്കുള്ള ഏതെങ്കിലും പാര്‍ട്ടി ഗ്രാമത്തിലേയ്ക്കു പോകുകയാവും നല്ലതെന്നു തോന്നി. ഒന്നുമില്ലെങ്കിലും പെന്ഷന് കൊണ്ട് കഞ്ഞി കുടിക്കാം, പാര്‍ട്ടി ആപ്പീസില് അന്തിയുറങ്ങാം. മകന്റെ കൂടെ എയര്‍കണ്ടീഷന്‍ ചെയ്ത കൊട്ടാരത്തില്‍ ഏതായാലും തനിക്കു താമസിക്കണ്ട.
അങ്ങനെയൊക്കെ തീരുമാനിച്ചിരിക്കുമ്പഴാണ് ഈ പുലിവാലു കഴുത്തില്‍പ്പെട്ടത്.
അദ്ധ്യായം ഏഴ് | (മറ്റ് അദ്ധ്യായങ്ങള്‍ 1 . 2 . 3 . 4 . 5 . 6 . 7 ) |
പുറത്ത് ആളനക്കമൊന്നും കേള്‍ക്കാനില്ല. പതുക്കെ വാട്ടര്‍ടാങ്കിന്റെ മൂടി പൊക്കി പുറത്തേയ്ക്കിറങ്ങി. ടെറസ്സിലെ അഴയില്‍ വീട്ടുകാര്‍ ഉണക്കാനിട്ടിരുന്ന കറുത്ത നിറത്തിലുള്ള സല്‍വാര്‍-കമീസ് മഴയില്‍ നനഞ്ഞു കുതിര്‍ന്നുകിടക്കുന്നു. ഇരുട്ടില്‍ കണ്ണില്‍പെടാതിരിക്കാനും ഓടാനുള്ള സൌകര്യത്തിനും ആ സല്‍വാര്‍ നന്നായിരിക്കുമെന്നു തോന്നി. മുണ്ടും ഷര്‍ട്ടും ഉരിഞ്ഞ് ആ സല്‍വാറെടുത്ത് അരയില്‍ കെട്ടി. ഷര്‍ട്ടു പിരിച്ച് അതിനുമുകളില്‍ കെട്ടി. മുണ്ടെടുത്ത് കണ്ണൊഴികെയുള്ള ഭാഗങ്ങളെല്ലാം മറയുന്ന വിധത്തില്‍ തല മൊത്തം ചുറ്റിക്കെട്ടി.
എവിടെയാണ് തനിക്കുതെറ്റുപറ്റിയത്? എന്തിനാണ് ആ മാഷ് ഈ ഓണംകേറാമൂലയിലെ പാവം കരുവാനെ ഇങ്ങനെ പറ്റിച്ചത്? ജീവിതത്തില്‍ ഇന്നോളം ഇടപെട്ടിട്ടുള്ള എല്ലാവരും തനിക്കും മകനും നല്ലതേ ചെയ്തിട്ടുള്ളൂ. തന്നെ പറ്റിച്ചിട്ട് ആര്‍ക്കും വലിയ നേട്ടമൊന്നുമില്ലതാനും. എല്ലാവരേയും വിശ്വസിച്ചതുപോലെ അയാളേയും വിശ്വസിച്ചതാണോ കുഴപ്പമായത്?
ഒരുപക്ഷേ മാഷിനെ ആളുമാറി അറസ്റ്റുചെയ്തതായിരിക്കുമോ? ഇതുപോലെ വലിയ ജോലിയുള്ളയാള്‍ കൊലപാതകിയാകുമോ? ആണെങ്കില്‍ അയാള്‍ ഭീകരവാദിയോ, ഫ്യൂഡല്‍ മുതലാളിയോ, നക്സലൈറ്റോ അതോ കൊള്ളക്കാരനോ? ഇങ്ങനെയുള്ള ആള്‍ക്കാര്‍ക്ക് അത്രവലിയ വക്കീലന്മാരുമായി ഇത്ര അടുത്ത ബന്ധം എങ്ങനെയുണ്ടായി?
ഒരുപക്ഷേ ഈ പോലീസ് വേട്ടയ്ക്ക് ആ സംഭവവുമായി ബന്ധമില്ലെങ്കിലോ? തല്ലുകൊണ്ട പിള്ളേരു് നാട്ടിലെ ഏതെങ്കിലും വലിയ പ്രമാണിയുടെ വേണ്ടപ്പെട്ടവരായതുകൊണ്ടായിരിക്കാം പോലീസിന് ഇത്രയ്ക്ക് ശുഷകാന്തി.
അതെന്തായാലും പിടികൊടുക്കാതിരിക്കുന്നതുതന്നെയാണ് ബുദ്ധി. എങ്ങനേയും മറുകരയിലെത്തണം. ആ വിശേഷ ലോഹം കൊണ്ടുണ്ടാക്കിയ പിച്ചാത്തിയും വെട്ടുകത്തിയും എവിടെയെങ്കിലും കുഴിച്ചുമൂടണം. എന്നിട്ട് രായ്ക്കുരാമാനം നാടുവിടണം.
ഇനിയാണ് ഒടുക്കത്തെ ഓട്ടം. ഇവിടെനിന്ന് പുഴയിലേക്ക് മൂന്നുമിനിട്ട് ഓടിയാല്‍ മതി. നെഞ്ചില്‍ നിറയെ ഒരു ശ്വാസമെടുത്തു. വീടിന്റെ കിഴക്കുഭാഗത്ത് ലൈറ്റില്ല - അതുകൊണ്ട് അവിടെനിന്ന് താഴേക്കുചാടാം.
കാറ്റില്‍ നല്ല ഈര്‍പ്പം. നല്ല തണുത്ത കാറ്റ്. ഇടയ്ക്കിടെയുള്ള ഇടിമിന്നലില്‍ ആകാശത്തു തിങ്ങി നില്ക്കുന്ന കാര്‍മേഘങ്ങള്‍ കാണാം.
'ഞാന്‍ ഇറങ്ങുകയാണ്. പിടിക്കാന്‍ പറ്റുമെങ്കില്‍ വരിനെടാ പട്ടികളേ. ഒന്നുകില്‍ ഓടിത്തോല്പിക്കും അല്ലെങ്കില്‍ അടിച്ചുതെറിപ്പിക്കും. മുട്ടൊറപ്പുള്ള ആണാരാണെന്ന് നിനക്കൊക്കെ ഞാന്‍ കാട്ടിത്തരാം.' അതോര്‍ത്തപ്പോള്‍ത്തന്നെ പേശികളില്‍ ഒരായിരം കുതിരകളുടെ കരുത്തനുഭവപ്പെട്ടു.
കിഴക്കേമുറ്റത്തേയ്ക്ക് ഒറ്റച്ചാട്ടം. ഉണക്കത്തേങ്ങ വീണപോലെ 'ധും' എന്നൊരു ശബ്ദത്തോടെ താഴെയെത്തി.
"ആരടാ അവടെ!" തുറന്നുകിടന്ന ജന്നലയില്‍നിന്ന് ഒരലര്‍ച്ച. ഒറ്റയോട്ടത്തിന് മതില് ചാടി മനയ്ക്കലെ പറമ്പിലേയ്ക്കു കടന്നു. അവിടെനിന്ന് നേരെ പുഴക്കരയിലേയ്ക്ക്...
പിന്നില്‍ ആകെ ബഹളം. "ദേ, കള്ളന് നമ്പൂരീടെ വളപ്പിലേക്ക് ചാടീട്ടുണ്ട്. പിടിയവനെ". പോലീസുകാരുടെ കൂട്ട വിസില്‍!
ഞൊടിയിടയില്‍ എട്ടോ ഒമ്പതോ ആളുകള്‍ മതില് ചാടിക്കടന്ന് വേട്ടയില്‍ ചേര്‍ന്നു. വന്യമായൊരു ആവേശം തന്റെ സിരകളില്‍ പതഞ്ഞുയരുന്നു. ഓരോ കുതിപ്പിലും താന്‍ കാതങ്ങള്‍ താണ്ടുന്നതുപോലെ തോന്നി.
പിന്നില്‍നിന്ന് തന്നെ ലക്ഷമാക്കി എറിഞ്ഞ കരിങ്കല്‍ച്ചീളുകള്‍ ഇരുവശത്തുമുള്ള വാഴകളിലും തെങ്ങുകളിലും തട്ടിത്തെറിച്ചു. ഭാഗ്യത്തിന് തലയില്‍ കെട്ടുള്ളതുകൊണ്ട് ഒന്നു കൊണ്ടാലും കുഴപ്പില്ല. ദേഹത്തിന് അടിയും ഏറും കൊണ്ടുശീലമുള്ളതാണ്.
മഴ ശക്തിയായി പെയ്യാന്‍ തുടങ്ങി. വേട്ടക്കാരില്‍ ചിലര്‍ വഴുതിവീണും കുണ്ടില്‍ വീണും കീഴടങ്ങി. ബാക്കിയുള്ളവര്‍ കിതച്ചുതളര്‍ന്ന്, തണുത്തുവിറച്ച്, ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ തപ്പിത്തടഞ്ഞ് പിന്നാലെത്തന്നെയുണ്ട്. ഇടയ്ക്കിടെ ഇടിമിന്നുന്നതുകൊണ്ട് ഓടുന്ന വഴികാണാന്‍ ഒരു ബുദ്ധിമുട്ടുമില്ല, ഇവന്മാര് ഈ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ തപ്പിത്തടയുന്നതെന്തിനാണാവോ.
പിന്തുടരുന്നവരുടെ ഏറ് ഇപ്പോള്‍ വളരേ പിന്നില്‍ വന്നാണ് വീഴുന്നത്. പുഴയിലേയ്ക്ക് ഇനി നാലഞ്ചുചുവടുകൂടിയേയുള്ളൂ. പെട്ടന്ന് കണ്ണഞ്ചിപ്പിച്ചുകൊണ്ട് ഇടിവെട്ടി. ആ വെളിച്ചത്തില്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്ന പുഴ കണ്ടു. ഒഴുക്കിന്റെ രൌദ്രത കണ്ടാല്‍ അതിലേക്കെടുത്തുചാടാന്‍ ആരുമൊന്നു പേടിക്കും.
പുഴവക്കില്‍നിന്ന് ഒരു നിമിഷം രണ്ടുവശത്തേയ്ക്കും കണ്ണോടിച്ചു. തെക്കുവശത്തെ കടവില്‍ പുഴയിലേയ്ക് ഹെഡ്ലൈറ്റ് തെളിപ്പിച്ചുകൊണ്ട് രണ്ടു ജീപ്പുകള്‍ വന്നു നിന്നു. അതുശരി, ഇര പുഴക്കരയിലേക്കോടിയിട്ടുണ്ടെന്ന് എമാന്മാര് അറിഞ്ഞുകഴിഞ്ഞു.
ഇനിയൊന്നും ആലോചിക്കാനില്ല. ഒറ്റച്ചാട്ടത്തിന് പുഴയിലേയ്ക്ക്!
വീണുമുങ്ങിയ ഉടനെ കരയില്‍ നിന്ന് വെടി പൊട്ടുന്ന ശബ്ദം കേട്ടു. അതോ ഇനി മലവെള്ളപ്പച്ചിലിന്റെ ഇരമ്പലില്‍ തോന്നിയതാണോ? ഏതായാലും തലപൊക്കുന്നത് അപകടമാണ്. ഒരു മൂന്നു മിനിട്ടു നേരത്തേയ്ക്കൊക്കെ ശ്വാസം പിടിച്ച് വെള്ളത്തിനടിയില്‍ കിടക്കാന്‍ താന്‍ ശീലിച്ചിട്ടുണ്ട്. അതിനിടയില്‍ അങ്ങേക്കരയിലേയ്ക്കെത്തണം. ഈ ഭാഗത്ത് പുഴയ്ക്കു വീതി കുറവാണ്, അതുകൊണ്ട് അതു സാധിക്കേണ്ടതാണ്.
അക്കരെ ഒഴുക്കിന്റെ ദിശയില്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെയാണ് കുണ്ടുകുഴിക്കടവ്. ആ കടവിന്റെ നാലുപാടും വള്ളിപ്പടര്‍പ്പുകളാണ്. അവിടെ എത്തിപ്പെട്ടാല്‍ കടവുകയറി എങ്ങോട്ടാണ് പോയതെന്ന് മറുകരയിലുള്ള പോലീസുകാര്‍ക്ക് കാണാന്‍ പറ്റില്ല.
പക്ഷേ ആ കടവില്‍നിന്ന് വെറും ഒരു ഫര്‍ലോങ്ങ് അകലെയാണ് കുണ്ടാണിക്കയം. കയത്തിന്റെ അടിയില്‍ ചേറാണ്, അതില്‍പെട്ടാല്‍ മൂന്നാം ദിവസം ശവമായേ പൊങ്ങൂ! ഇന്നത്തെ സ്ഥിതിയില്‍ താന്‍ ചത്തുപൊങ്ങിയാല്‍ തന്റെ ശവം പോലും പോലീസിനോട് എല്ലാ സത്യവും തത്ത പറയുന്നതുപോലെ പറയും! ഈ ഒഴുക്കിന് ചെകുത്താന്റെ ശക്തിയാണ് - ഒരു ഫര്‍ലോങ്ങ് തെറ്റാന്‍ നിമിഷങ്ങള്‍ മതി!
ഇല്ല. പിടികൊടുക്കുന്ന പ്രശ്നമില്ല. മനുഷ്യനും മരണത്തിനും താന്‍ പിടികൊടുക്കില്ല. മറുകരയില്‍ താനെത്തും. ആ വെട്ടുകത്തിയും പിച്ചാത്തിയും താന്‍ നശിപ്പിക്കും. ആരുമറിയാതെ താന്‍ ഈ നാട്ടില്‍നിന്നു മുങ്ങും. ഇനിയാരും ഈ കൊല്ലന് കരുവാനെ മഷിയിട്ടുനോക്കിയാല്‍പോലും കാണില്ല. രാജുമോനും കുടുംബവും തലമുറകളായി സര്‍വ്വൈശ്വരങ്ങളോടും ജീവിക്കും. ഈ പാവം കരുവാന്‍ ജയിക്കും.
വന്യമായ ആ കുത്തൊഴുക്കിനുള്ളിലേയ്ക്ക് കുമാരന് കരുവാന്‍ ഊളിയിട്ടിറങ്ങി.
( അദ്ധ്യായങ്ങള്‍ 1 . 2 . 3 . 4 . 5 . 6 . 7 ) |
Subscribe to:
Posts (Atom)